ദുബായ്: ഷാർജ പൊലീസിന് നന്ദി പറയാൻ മലയാളിയായ സനിൽ മാത്യുവിന് വാക്കുകളില്ല. ഗതാഗതക്കുരുക്കിൽ കുടുങ്ങിയ സനിലിനെ കൃത്യസമയത്ത് വിമാനത്താവളത്തിലെത്തിച്ചത് ഷാർജ പൊലീസാണ്. അവരുടെ സമയോചിതമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ നാട്ടിലേക്കുളള യാത്ര മാത്യുവിന് സ്വപ്നം മാത്രമായി മാറുമായിരുന്നു.

കഴിഞ്ഞ 10 വർഷമായി അൽഐനിലാണ് സനൽ മാത്യു താമസിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 8.45 ന്റെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തിരുവനന്തപുരത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ബുധനാഴ്ച രാത്രിയിലേക്കായിരുന്നു മടക്കയാത്രയ്ക്കുളള ടിക്കറ്റ് ബുക്ക് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ അൽഐനിൽനിന്നും വിമാനത്താവളത്തിലേക്ക് സ്വന്തം കാറിൽ യാത്ര തിരിച്ചു. എന്നാൽ സാജയിൽ എത്തിയപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു. ”റോഡിൽ വാഹനങ്ങളുടെ നീണ്ടനിര. എനിക്ക് എന്തു ചെയ്യണമെന്ന് മനസ്സിലായില്ല. കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്താൻ കഴിയില്ലേ എന്നു ചിന്തിച്ചു. 8.45 നാണ് വിമാനം. 7.30 ന് ചെക്ക് ഇൻ കൗണ്ടർ അടയ്ക്കും. 7 മണിക്ക് വിമാനത്താവളത്തിൽ എത്താൻ കഴിയുമെന്നാണ് യാത്ര തിരിക്കുംമുൻപ് ഞാൻ ചിന്തിച്ചത്” മാത്യു പറഞ്ഞു.

”മുന്നിൽ കിടക്കുന്ന ഒരു വാഹനത്തിന്റെ പുറകിൽ 999 എന്നെഴുതിയിരിക്കുന്നത് കണ്ടു. അടിയന്തരഘട്ടങ്ങളിൽ സഹായം ആവശ്യമുളളപ്പോൾ വിളിക്കൂവെന്നും അതിൽ എഴുതിയിട്ടുണ്ടായിരുന്നു. ഉടൻ തന്നെ ഞാൻ 999 നമ്പറിലേക്ക് വിളിച്ചു കാര്യം പറഞ്ഞു. പൊലീസ് എന്നോട് ഇപ്പോൾ എവിടെയാണെന്നത് പറയാൻ പറഞ്ഞു. എനിക്ക് കൃത്യമായി അത് അറിയില്ലായിരുന്നു. എന്റെ കാറിനെക്കുറിച്ചുളള വിവരങ്ങളും ഫോൺ നമ്പറും നൽകി” മാത്യു പറയുന്നു.

അടുത്തത് സംഭവിച്ചത് എന്താണെന്ന് മാത്യുവിന് വിശ്വസിക്കാനായില്ല. 15 മിനിറ്റിനുളളിൽ ഷാർജ പൊലീസിന്റെ പെട്രോൾ സംഘം മാത്യുവിന്റെ അടുത്തെത്തി. യാത്രയുടെ രേഖകൾ നൽകാൻ ആവശ്യപ്പെട്ടു. അതിനുശേഷം തങ്ങളുടെ വാഹനത്തെ പിന്തുടരാൻ ആവശ്യപ്പെട്ടു. 8.05 ന് പൊലീസ് വാഹനത്തിന്റെ അകമ്പടിയോടെ മാത്യു വിമാനത്താവളത്തിലെത്തി. എന്നാൽ കഥ അവിടെ തീർന്നില്ല. മറ്റൊരു പൊലീസുകാരൻ വിമാനത്താവളത്തിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അയാൾ മാത്യുവിനെയും കൂട്ടി ചെക്ക് ഇൻ കൗണ്ടറിലേക്ക് പോയി. അപ്പോഴേക്കും കൗണ്ടർ അടച്ചിരുന്നു. പൊലീസുകാരൻ അവിടുത്തെ ജീവനക്കാരോട് കൗണ്ടർ തുറക്കാൻ ആവശ്യപ്പെട്ടു. ഒടുവിൽ അവിടുത്തെ നടപടികൾക്കുശേഷം മാത്യുവിനെ ഇമിഗ്രേഷൻ കൗണ്ടറിലേക്ക് കൊണ്ടുപോയി.

”ഇമിഗ്രേഷൻ കൗണ്ടറിലെ നടപടികൾ പൂർത്തിയായപ്പോൾ പൊലീസുകാരൻ എനിക്ക് കൈ തന്നു. യാത്ര സന്തോഷകരമാകട്ടെ എന്ന് അയാൾ എന്നോട് പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ സഹായം ലഭിക്കുമ്പോഴാണ് മനുഷ്യത്വത്തിലും ദൈവത്തിലും നാം വിശ്വസിക്കുക. ഷാർജ പൊലീസിന്റെ ഈ മഹാമനസ്കത ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇതിനു മുൻപ് കേട്ടിരുന്നുമില്ല” മാത്യുവിന്റെ വാക്കുകൾ.

ഇത് തങ്ങളുടെ ജോലിയുടെ ഭാഗമാണെന്നായിരുന്നു സംഭവത്തെക്കുറിച്ചുളള ഷാർജ് പൊലീസ് മേധാവിയുടെ പ്രതികരണം. ഏതു സമയത്തും ഷാർജ പൊലീസിന്റെ സഹായം ജനങ്ങൾക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook