അബുദാബി: യുഎഇയില്‍ രണ്ടുപേര്‍ക്കു കൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം ഏഴായി. ചൈനീസ്, ഫിലിപ്പീൻസ് പൗരന്മാര്‍ക്കാണു പുതുതായി രോഗം ബാധിച്ചതെന്ന് യുഎഇ വാര്‍ത്താ ഏജസിയായ വാം റിപ്പോര്‍ട്ട് ചെയ്തു.

വൈറസ് ബാധിച്ചുവെന്നു കണ്ടെത്തിയ ഇരുവരും നിരീക്ഷണത്തിലാണെന്നും ആവശ്യമായ വൈദ്യപരിചരണം നല്‍കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊറോണ വൈറസിന്റെ ലക്ഷണങ്ങളുള്ളവരെ കണ്ടെത്താന്‍ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നടത്തുന്ന തുടര്‍ച്ചയായ പരിശോധനകളിലൂടെയാണു രോഗികളെ തിരിച്ചറിഞ്ഞത്.

വൈറസ് ബാധയുണ്ടെന്നു സംശയിക്കുന്ന കേസുകൾ കണ്ടത്താന്‍ ശ്രമം തുടരുമെന്നു മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. യുഎഇയിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ മുന്‍കരുതലുകളും പ്രതിരോധ നടപടികളും സ്വീകരിക്കുന്നതിന് എല്ലാ വകുപ്പുകളെയും ബന്ധപ്പെട്ട അധികൃതരെയും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നതായും മന്ത്രാലയം അറിയിച്ചു.

Read Also: രാജ്യദ്രോഹക്കുറ്റം: കർണാടക സ്‌കൂള്‍ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുന്നതിനെതിരെ ബാലാവകാശ കമ്മിഷന്‍

ചൈനയിലെ വുഹാനില്‍നിന്നു വന്ന വിനോദസഞ്ചാരികളിലാണു യുഎഇയില്‍ നേരത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെല്ലാം ഒരു കുടുംബത്തില്‍നിന്നുള്ളവരാണ്. ജനുവരി 16നാണ് ഇവര്‍ യുഎഇയിലെത്തിയത്.

കൊറോണ വൈറസ് ബാധ പടരുന്നതു തടയാന്‍ പ്രതിരോധവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സഹായം ചൈനയ്ക്കു നേരത്തെ യുഎഇ വാഗ്‌ദാനം ചെയ്തിരുന്നു. ഇതോടൊപ്പം ബുര്‍ജ് ഖലീഫ, അബുദാബിയിലെ എമിറേറ്റ്‌സ് പാലസ്, അഡ്‌നോക് ആസ്ഥാനം തുടങ്ങിവയില്‍ ചൈനീസ് പതാക പ്രദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ 722 പോണ് ഇതുവരെ മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം 34,546 ആയി ഉയര്‍ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook