ദുബായ്: യുഎഇയിലെ 30 ശതമാനത്തോളം ബിസിനസ് സ്ഥാപനങ്ങൾ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടിയിലേക്ക് നീങ്ങുന്നതായി സർവേ ഫലം. 10 ശതമാനത്തോളം സ്ഥാപനങ്ങൾ താൽക്കാലികമായെങ്കിലും ശമ്പളം വെട്ടിക്കുറയ്ക്കാനും പദ്ധതിയിടുന്നതായും കൺസൽട്ടൻസി സേവന ദാതാക്കളായ മെർസറിന്റെ സർവേയിൽ പറയുന്നു. മലയാളികളടക്കമുള്ള പ്രവാസികളെ അടക്കം ഈ നീക്കം ബാധിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
19.8 ശതമാനം കമ്പനികൾ ഈ വർഷത്തെ ശമ്പളം മരവിപ്പിച്ചതായും 17 ശതമാനം കമ്പനികൾ 2020ൽ നടപ്പാക്കേണ്ട ശമ്പള വർധനവ് വൈകിപ്പിക്കുകയാണെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. യുഎഇയിൽ നിന്നുള്ള 500 കമ്പനികളെയാണ് സർവേയ്ക്കുവേണ്ടി പഠനവിധേയമാക്കിയത്.
തൊഴിലാളികളുടെ എണ്ണത്തിൽ ശരാശരി 10 ശതമാനം വരുത്താനാണ് 30 ശതമാനത്തോളം സ്ഥാപനങ്ങൾ ശ്രമിക്കുന്നതെന്നാണ് സർവേ ഫലത്തിൽ പറയുന്നത്. വിവിധ കമ്പനികൾ 30 മുതൽ 50 വരെ ശതമാനം ശമ്പളം വെട്ടിക്കുറച്ചതായും സർവേ ഫലത്തിൽ പറയുന്നു.