ദുബായ്: രാജ്യത്തെ ഇസ്ലാമിക വ്യക്തിനിയമത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങളുമായി യുഎഇ. പുതിയ മാറ്റങ്ങൾ പ്രകാരം “അവിവാഹിതരായ ദമ്പതിമാർക്ക് ഒരുമിച്ച് ജീവിക്കുന്നതിന്” അനുമതിയുണ്ടാവും. മദ്യവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവ് വരും. ഒപ്പം “മാനം കാക്കൽ കുറ്റകൃത്യങ്ങളെ” ക്രിമിനൽ കുറ്റമാക്കി മാറ്റാനും പുതിയ നിയമങ്ങളിൽ വ്യവസ്ഥ ചെയ്യുന്നു.

പാശ്ചാത്യ വിനോദ സഞ്ചാരികളുടെയും തൊഴിലന്വേഷകരുടെയും വ്യവസായികളുടെയുമെല്ലാം ഇഷ്ടകേന്ദ്രമെന്ന തരത്തിൽ യുഎഇ മാറുമ്പോഴും രാജ്യത്തെ നിയമ വ്യവസ്ഥ ഇസ്ലാമിക നിയമത്തിന്റെ കർശനമായ വ്യാഖ്യാനങ്ങളെ ആശ്രയിച്ചാണെന്ന സാഹചര്യം വ്യക്തി നിയമങ്ങൾ വിശാലമാക്കുന്നതിൽ പ്രതിഫലിക്കുന്നു. രാജ്യത്തെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിനൊപ്പം വേഗത നിലനിർത്താനുള്ള എമിറേറ്റ്സ് ഭരണാധികാരികളുടെ ശ്രമങ്ങളെയും ഈ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നു.

Read More: അബുദാബിയിലെ സ്വകാര്യ സ്കൂളുകളിൽ ജനുവരി മുതൽ ക്ലാസുകൾ പുനരാരംഭിക്കും

യുഎഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള യുഎസ് ഇടപെടലിലൂടെ വന്ന കരാറിന്റെ പിറകെയാണ് ഈ പ്രഖ്യാപനം. ഇസ്രയേലി നിക്ഷേപത്തിന്റെയും വിനോദ സഞ്ചാരികളുടെയും വലിയ കുത്തൊഴുക്ക് യുഎഇയിലുണ്ടാവുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

21 വയസ്സിന് മുകളിലുള്ളവർ മദ്യം വിൽപ്പന നടത്തിയാലോ, കൈവശം വച്ചാലോ പിഴ ഈടാക്കാത്ത തരത്തിൽ നിയമത്തിൽ മാറ്റം വരുത്തും.

നിയമപരമായ പരിഷ്കാരങ്ങൾ സർക്കാർ നിയന്ത്രണത്തിലുള്ള വാം വാർത്താ ഏജൻസിയിൽ പ്രഖ്യാപിച്ചു. സർക്കാരുമായി ബന്ധമുള്ള പത്രമായ ദി നാഷണലിൽ നിയമങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

മുമ്പ്, വ്യക്തികൾക്ക് അവരുടെ വീടുകളിൽ മദ്യം വാങ്ങാനോ കൊണ്ടുപോകാനോ മദ്യം കഴിക്കാനോ മദ്യ ലൈസൻസ് ആവശ്യമായിരുന്നു. പുതിയ നിയമം നിലവിൽ വന്നാൽ ലൈസൻസ് നേടുന്നതിൽ നിന്ന് വിലക്കപ്പെട്ട മുസ്ലീങ്ങൾക്ക് മദ്യം വാങ്ങാൻ സാധിക്കും.

Read More: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് കോവിഡ് വാക്സ‌ിൻ സ്വീകരിച്ചു

മറ്റൊരു ഭേദഗതി “അവിവാഹിതരായ ദമ്പതികളുടെ ഒരുമിച്ചുള്ള ജീവിതത്തിന്” അനുമതി നൽകുന്നതാണ്. ഇത് യു‌എഇയിൽ വളരെക്കാലമായി കുറ്റകൃത്യമായിരുന്നു.

“മാനം കാക്കൽ കുറ്റകൃത്യങ്ങളെ” സംരക്ഷിക്കുന്ന തരത്തിലുള്ള ഏറെ വിമർശനം വിധേയമായ ഗോത്ര ആചാരങ്ങൾക്കും പുതിയ ഭേദഗതിയിൽ മാറ്റം വരുന്നുണ്ട്.

പ്രവാസികൾ കൂടുതലുള്ള രാജ്യത്ത് വിദേശികൾക്ക് വിവാഹം, വിവാഹ മോചനം, പാരമ്പര്യം തുടങ്ങിയ കാര്യങ്ങളിൽ ശരിയത് കോടതികൾ പ്രകാരമുള്ള നടപടികൾ ഒഴിവാക്കാൻ ഭേദഗതി സഹാകമാവും.

വേൾഡ് എക്‌സ്‌പോയ്ക്ക് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നതിനിടെയാണ് പുതിയ പരിഷ്കാരങ്ങൾ വരുന്നത്. കോവിഡ് വ്യാപനം കാരണം ഒരു വർഷം വൈകിയാണ് എക്സ്പോ നടക്കുന്നത്. 25 ദശലക്ഷം സന്ദർശകർ എക്സ്പോയുടെ ഭാഗമായി രാജ്യത്തേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook