scorecardresearch

എക്സ്പോ 2020 സൈറ്റ് ഇനി ‘എക്സ്പോ സിറ്റി ദുബായ്’; ഒക്‌ടോബറില്‍ തുറക്കും

എക്സ്പോ 2020-ല്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിച്ച ആകര്‍ഷണങ്ങളില്‍ മൂന്നെണ്ണമായ ഐക്കണിക് അല്‍ വാസല്‍ പ്ലാസ, ഗാര്‍ഡന്‍ ഇന്‍ ദി സ്‌കൈ നിരീക്ഷണ ടവര്‍, സര്‍റിയല്‍ വാട്ടര്‍ ഫീച്ചര്‍ എന്നിവ നഗരത്തില്‍ നിലനിര്‍ത്തും

UAE, Expo City Dubai, Expo 2020 Dubai

ദുബായ്: രണ്ടു കോടിയിലേറെ പേര്‍ സന്ദര്‍ശിച്ച എക്സ്പോ 2020 സൈറ്റ് ഇനി ‘എക്സ്പോ സിറ്റി ദുബായ്’. സിറ്റി ഒക്‌ടോബറില്‍ തുറക്കുമെന്നു യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.

”2.4 കോടി പേര്‍ സന്ദര്‍ശിക്കുകയും 170 വര്‍ഷത്തെ ലോക എക്സ്പോസിഷനുകളുടെ ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്ത സൈറ്റിനെ എക്സ്പോ സിറ്റി ദുബായ് ആക്കി മാറ്റുന്നതായി പ്രഖ്യാപിക്കുന്നു. ദുബായ്‌യുടെ ഏറ്റവും മനോഹരമായ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്ന നഗരമാണത്,” ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

മ്യൂസിയം, ലോകോത്തര ദുബായ് എക്സിബിഷന്‍ സെന്റര്‍ (ഡി ഇ സി), അത്യാധുനികവും അതിവേഗം വളരുന്നതുമായ കമ്പനികളുടെ ആസ്ഥാനം, പവലിയനുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ആകര്‍ഷണങ്ങളോടെയുള്ള സമഗ്ര നഗരം പരിസ്ഥിതി സൗഹൃദമായിരിക്കും. ഒഴിവുസമയ സൗകര്യങ്ങള്‍, ഭക്ഷണ, വിനോദ വേദികള്‍, കായിക സൗകര്യങ്ങള്‍, മാള്‍ തുടങ്ങിയ സൗകര്യങ്ങളുള്ള നഗരത്തിലേക്കു ദുബായ് മെട്രോ മുഖേനെ എത്തിച്ചേരാനാകും. ഡി ഇ സി ആഗോള ഉച്ചകോടികള്‍, കോണ്‍ഫറന്‍സുകള്‍, കണ്‍സേര്‍ട്ടുകള്‍, കോണ്‍ഫറന്‍സുകള്‍, ഇവന്റുകള്‍, ആക്ടിവേഷനുകള്‍ എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കും.

Also Read: ഇന്ത്യയിലേക്കുള്ള കോവിഡ് യാത്രാ നിയന്ത്രണം നീക്കി സൗദി

കുടുംബങ്ങള്‍ക്കും സമ്പദ്വ്യവസ്ഥയ്ക്കും ഭാവി തലമുറയ്ക്കും സൗഹൃദമായ നഗരവുമാവും എക്സ്പോ സിറ്റി ദുബായ് എന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.. തുറമുഖമായും രണ്ട് വിമാനത്താവളങ്ങളുമായും ബന്ധിപ്പിച്ചിരിക്കുന്ന നഗരം, സുസ്ഥിരത, വിദ്യാഭ്യാസം, വിനോദം എന്നിവയാല്‍ നയിക്കപ്പെടുന്ന ബിസിനസിനും നവീകരണത്തിനും അനുയോജ്യമായ മികച്ചതും ഭാവിയിലേക്കുള്ളതുമായ ലക്ഷ്യസ്ഥാനമാവും.

എക്സ്പോ 2020-ല്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിച്ച ആകര്‍ഷണങ്ങളില്‍ മൂന്നെണ്ണമായ ഐക്കണിക് അല്‍ വാസല്‍ പ്ലാസ, ഗാര്‍ഡന്‍ ഇന്‍ ദി സ്‌കൈ നിരീക്ഷണ ടവര്‍, സര്‍റിയല്‍ വാട്ടര്‍ ഫീച്ചര്‍ എന്നിവ നഗരത്തില്‍ നിലനിര്‍ത്തും. മൊബിലിറ്റി പവലിയനായ അലിഫും സസ്‌റ്റൈനബിലിറ്റി പവലിയനായ ടെറയും സംവേദനാത്മക വിദ്യാഭ്യാസ അനുഭവങ്ങളായി നിലനില്‍ക്കും. ഓപ്പര്‍ച്യുണിറ്റി പവലിയന്‍ ദുബായ് മ്യൂസിയമായി ഈ വര്‍ഷാവസാനം മാറും. വുമണ്‍സ് പവലിയന്‍, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ ദര്‍ശനത്തെ മാനിക്കുന്ന വിഷന്‍ പവലിയന്‍ എന്നിവയാണ് മറ്റ് ആകര്‍ഷണങ്ങള്‍.

ഫാല്‍ക്കണ്‍ പ്രചോദിതമായ യു എ ഇ പവലിയനും സൗദി അറേബ്യയുടെ കിങ്ഡം പവലിയനും സന്ദര്‍ശകര്‍ക്കു കാണാനാകും. ഇന്ത്യ, പാകിസ്ഥാന്‍, ലക്‌സംബര്‍ഗ്, ഓസ്ട്രേലിയ, മൊറോക്കോ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പുനര്‍നിര്‍മിച്ച പവലിയന്‍ പതിപ്പുകളുടെ വിശദാംശങ്ങളും വരും മാസങ്ങളില്‍ പ്രഖ്യാപിക്കും.

എക്സ്പോ സിറ്റി ദുബായ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കില്‍നിന്ന് മുക്തമാക്കും. അടിസ്ഥാന സൗകര്യങ്ങളുടെയും കെട്ടിടങ്ങളുടെയും 80 ശതമാനം നിലനിര്‍ത്തും.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Uae announces opening of expo city dubai in october 2022

Best of Express