അബുദാബി: യു എ ഇയില്‍ ഇനിമുതല്‍ തൊഴിലിടങ്ങളിലെ പരുക്കുകളും അസുഖങ്ങളും റിപ്പോര്‍ട്ട് ചെയ്യണം. ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം പുറപ്പെടുവിച്ച 657-ാം നമ്പര്‍ മന്ത്രിതല പ്രമേയമാണ് ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ നിര്‍ദേശിക്കുന്നത്.
ജോലി സംബന്ധമായ അസുഖങ്ങളും പരുക്കുകളും റിപ്പോര്‍ട്ടുചെയ്യുന്നതിനുള്ള മാര്‍ഗങ്ങളും തൊഴിലുടമകളുടെ ബാധ്യതകളും പ്രമേയം വ്യക്തമാക്കുന്നു. ഇതില്‍ വീഴ്ച വരുത്തിയാല്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും. തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണു നിര്‍ദേശം.
അന്‍പതോ അതില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ജോലിസ്ഥലത്തെ അപകടങ്ങളും രോഗങ്ങളും കൈകാര്യം ചെയ്യുന്നതു നിയന്ത്രണവിധേയമാക്കാനാണു പ്രമേയം ലക്ഷ്യമിടുന്നത്. ജോലി സംബന്ധമായ രോഗങ്ങളും പരുക്കുകളും ട്രാക്ക് ചെയ്യുന്നതിനു സ്ഥാപനങ്ങള്‍ സവിശേഷ സംവിധാനം വികസിപ്പിക്കണം.
തൊഴിലാളിക്കു ജോലി സംബന്ധമായ അസുഖമോ പരുക്കോ ഉണ്ടായാല്‍ ചികിത്സിക്കാനും നഷ്ടപരിഹാരം നല്‍കാനും തൊഴിലുടമ ബാധ്യസ്ഥമാണ്. തൊഴിലാളിയുടെ ഏറ്റവും പുതിയ അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയാണു നഷ്ടപരിഹാരത്തിന്റെ മൂല്യം കണക്കാക്കുന്നത്. വൈകല്യത്തിന്റെ ശതമാനം സൂചിപ്പിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു പരമാവധി 10 ദിവസത്തിനുള്ളില്‍ തൊഴിലാളിക്കു നഷ്ടപരിഹാരം ലഭിക്കും.
ജോലിയുടെ ഭാഗമായുണ്ടായ പരുക്കോ അസുഖമോ തൊഴിലാളിയുടെ മരണത്തില്‍ കലാശിച്ചാല്‍, രാജ്യത്തിന്റെ നിയമങ്ങള്‍ക്കനുസൃതമായി അല്ലെങ്കില്‍ മരിക്കുന്നതിനു മുമ്പ് വ്യക്തി തീരുമാനിക്കുന്ന കാര്യങ്ങള്‍ക്കനുസൃതമായി നിയമപരമായ അവകാശികള്‍ക്കു നഷ്ടപരിഹാരം നല്‍കണം.
പരുക്കേറ്റ അല്ലെങ്കില്‍ രോഗിയായ തൊഴിലാളിക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതിനു മുമ്പ്, തൊഴിലുടമ തൊഴില്‍ ബന്ധം അവസാനിപ്പിക്കാനോ കരാര്‍ റദ്ദാക്കാനോ പാടില്ല. മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനു മുമ്പ് തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ ജീവനക്കാരന്‍ തീരുമാനിച്ചാല്‍, ബന്ധപ്പെട്ട കമ്മിറ്റി നല്‍കുന്ന റിപ്പോര്‍ട്ടിനനുസൃതമായി എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടും.
ഇതുസംബന്ധിച്ച് വിവരം അറിയിക്കാനായി 600 590-000 എന്ന കോള്‍ സെന്റര്‍ നമ്പറിലാണു ബന്ധപ്പെടേണ്ടത്. സര്‍വിസ് സെന്ററുകളില്‍ നേരിട്ടെത്തിയോ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ മുഖേനെയോ സംഭവം റിപ്പോര്‍ട്ട് ചെയ്യാം. കമ്പനിയുടെ പേര്, പരുക്കേറ്റ ജീവനക്കാരന്റെ പേര്, സംഭവം നടന്ന തീയതി, പരുക്കിന്റെ തീവ്രത, അപകടത്തെക്കുറിച്ചുള്ള ഹ്രസ്വവിവരണം, പ്രഥമശുശ്രൂഷ, ചികിത്സ എന്നീ വിവരങ്ങളാണു മന്ത്രാലയത്തിനു നല്‍കേണ്ടത്.