scorecardresearch
Latest News

യു എ ഇ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് മൂന്നു ദിവസം അവധി

മാനവവിഭവശേഷി, എമിറൈസേഷന്‍ മന്ത്രാലയമാണ് മൂന്നു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്

യു എ ഇ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് മൂന്നു ദിവസം അവധി

അബുദാബി: യു എ ഇയുടെ അനുസ്മരണദിനവും 51-ാമതു ദേശീയ ദിനവും പ്രമാണിച്ച് രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് മൂന്നു ദിവസത്തെ പൊതു അവധി. മാനവവിഭവശേഷി, എമിറൈസേഷന്‍ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.

ഡിസംബര്‍ ഒന്ന് (വ്യാഴം) രണ്ട് (വെള്ളി), മൂന്ന് (ശനി) ദിവസങ്ങളിലാണു ശമ്പളത്തോടുകൂടിയ അവധി. എന്നാല്‍, നാലിനു ഞായറാഴ്ച അവധി ദിവസമായതിനാല്‍ തുടർച്ചയായ അവധികളുടെ എണ്ണം നാലാകും. ജീവനക്കാര്‍ അഞ്ചാം തീയതിയായ തിങ്കളാഴ്ച മാത്രമേ ഓഫീസിലെത്തേണ്ടതുള്ളൂ.

പൊതു-സ്വകാര്യ മേഖലകളിലെ 2021-ലെയും 2022-ലെയും പൊതു അവധി ദിവസങ്ങള്‍ സംബന്ധിച്ച യു എ ഇ മന്ത്രിസഭയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലുള്ളതാണു ശമ്പളത്തോടുകൂടിയ മൂന്നു ദിവസത്തെ ഔദ്യോഗിക അവധിയെന്ന് മന്ത്രാലയം അറിയിച്ചു.

നേരത്തെ, പൊതുമേഖലാ ജീവനക്കാര്‍ക്കും ഇത്രയും അവധി നല്‍കുമെന്നു യു എ ഇ മീഡിയ ഓഫീസ് അറിയിച്ചിരുന്നു.

1971-ല്‍ യു എ ഇ രൂപീകൃതമായതിന്റെ ഓര്‍മയ്ക്കായാണ് ദേശീയ ദിനം ആഘോഷിക്കുന്നത്. രാജ്യത്തെ സേവിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ടവരെ ഓര്‍മിക്കുന്ന വാര്‍ഷിക പരിപാടിയാണള അനുസ്മരണ ദിനം. ഔദ്യോഗികമായി നവംബര്‍ 30-നാണ് ഈ ദിവസം ആചരിക്കുന്നത്.

ഡിസംബര്‍ രണ്ടിനു നടക്കുന്ന പരമ്പരാഗത ദേശീയ ദിന ഷോ ടെലിവിഷനിലും ഓണ്‍ലൈനിലും സംപ്രേക്ഷണം ചെയ്യും. ഡിസംബര്‍ മൂന്നു മുതല്‍ 11 വരെ അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ തത്സമയ പരിപാടികളും നടക്കും.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Uae announces national day holidays for private sector