ദുബായ്: സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കായി എമിറേറ്റ്‌സ് റോബോട്ടിക്സ് മത്സരം പ്രഖ്യാപിച്ച് യു എ ഇ. റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ), അഡ്വാന്‍സ്ഡ് ടെക്നോളജി എന്നിവയില്‍ യുവ പ്രതിഭകളുടെ സാങ്കേതിക വൈദഗ്ധ്യം പ്രകടിപ്പിക്കാനും ശേഷി വര്‍ധിപ്പിക്കാനും റോബോട്ടിക്സ്, എ ഐ സാങ്കേതികവിദ്യകള്‍ എന്നിവയുടെ ആഗോള കേന്ദ്രമാകാനുള്ള യു എ ഇയുടെ ശ്രമങ്ങളുടെ ഭാഗമാകായാണു ഈ മത്സരം.
റോബോട്ടിക്സ്, എ ഐ എന്നിവയില്‍ വൈദഗ്ധ്യമുള്ള ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ അപ്ലൈഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ലാബായ ദുബായ് ഫ്യൂച്ചര്‍ ലാബ്സ്, റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നിവയുമായി ചേര്‍ന്നാണു മത്സരം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 23-നാണു മത്സരം.
രണ്ട് ചലഞ്ചുകള്‍ ഉള്‍പ്പെടുന്നതാണു മത്സരം. വ്യത്യസ്ത വലുപ്പത്തിലും ആകൃതിയിലും ഭാരത്തിലുമുള്ള വസ്തുക്കള്‍ സ്വയം തിരഞ്ഞെടുക്കുന്നതിനു ബുദ്ധിശക്തിയുള്ള റോബോട്ടുകള്‍ ഉപയോഗിക്കുന്നത് ഉള്‍പ്പെടുന്നതാണ് ഒന്നാമത്തേത്. നിയമങ്ങള്‍ നിരീക്ഷിക്കുകയും തടസങ്ങള്‍ ഒഴിവാക്കുകയും ചെയ്യുമ്പോള്‍, എതിരാളികള്‍ അവരുടെ ബുദ്ധിമാനായ റോബോട്ടിനെ ഉപയോഗിച്ച് സ്വയം ഒരു ട്രാക്കിലൂടെ സഞ്ചരിക്കുമെന്നതാണു രണ്ടാമത്തേത്.
യഥാര്‍ത്ഥ റോബോട്ടിക് കഴിവുകളും സാധ്യതയുള്ള ആപ്ലിക്കേഷനുകളുടെ ആവശ്യകതകളും തമ്മിലുള്ള വിടവ് നികത്തുകയാണ് എമിറേറ്റ്‌സ് റോബോട്ടിക്സ് മത്സരം ലക്ഷ്യമിടുന്നത്. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരിശോധിക്കുന്നതിനൊപ്പം റോബോട്ടിക്‌സിനെക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയും ചെയ്യുന്നു.
മൂന്നു മുതല്‍ ആറു വരെ വിദ്യാര്‍ത്ഥികള്‍ ഉള്‍ക്കൊള്ളുന്ന ടീമുകള്‍ക്കാണു മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. ഓരോ ഗ്രൂപ്പിന്റെയും മേല്‍നോട്ടം സര്‍വകലാശാലയിലെ ഫാക്കല്‍റ്റി അംഗത്തിനായിരിക്കും.
എന്‍ട്രികള്‍ നവംബര്‍ 30 വരെ നല്‍കാം. ഫെബ്രുവരി 23-ന് ദുബായ് സിലിക്കണ്‍ ഒയാസിസിലെ റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ദുബായ് കാമ്പസിലാണ് മത്സരം നടക്കുന്നത്. ആദ്യ മൂന്നു വിജയികള്‍ക്കു പ്രത്യേക ചടങ്ങില്‍ വച്ച് ക്യാഷ് പ്രൈസ് നല്‍കും.