അബുദാബി: യു എ ഇയ്ക്കും ഒമാനുമിടയില്‍ അതിവേഗ യാത്രാ, ചരക്ക് ട്രെയിന്‍ സര്‍വിസ് വരുന്നു. യു എ ഇയിലെ അബുദാബിയെയും ഒമാനിലെ വടക്കന്‍ മസ്‌കറ്റിലെ തുറമുഖമായ സോഹാറിനെയും ബന്ധിപ്പിക്കുന്ന പാതയ്ക്ക് ഇരു രാജ്യങ്ങളും തമ്മില്‍ കരാറില്‍ ഒപ്പുവച്ചു.
പാസഞ്ചര്‍ ട്രെയിനുകള്‍ മണിക്കൂറില്‍ 200 കിലോ മീറ്ററും ചരക്ക് ട്രെയിനുകള്‍ 120 കിലോമീറ്ററും വേഗതയില്‍ ഓടിക്കാനാണു പദ്ധതി ലക്ഷ്യമിടുന്നത്. പാസഞ്ചര്‍ ട്രെയിനുകള്‍ സോഹാറിനും അബുദാബിക്കുമിടയില്‍ 100 മിനിറ്റിലും സോഹാറിനും അല്‍ഐനുമിടയില്‍ 47 മിനിറ്റിനുമുള്ളില്‍ ഓടും.
റെയില്‍വേ ശൃംഖല സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി ഇത്തിഹാദ് റെയിലും ഒമാന്‍ റെയിലും സംയുക്ത കമ്പനി രൂപീകരിക്കും. 303 കിലോ മീറ്ററിലാണു പാതയൊരുക്കുക. മുന്നൂറ് കോടി ഡോളറായിരിക്കും പദ്ധതിയിലെ നിക്ഷേപം.
പുതിയ പങ്കാളിത്തം യു എ ഇയും ഒമാനും തമ്മില്‍ ആഴത്തില്‍ വേരൂന്നിയ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുമെന്നും സഹകരണത്തിന്റെ പുതിയ അധ്യായം തുറക്കുന്നതാണെന്നും ഇത്തിഹാദ് റെയില്‍ ട്വിറ്ററില്‍ കുറിച്ചു.
യു എ ഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ഒമാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണു റെയില്‍പാതയ്ക്കായി ഇരുരാജ്യങ്ങളും തമ്മില്‍ കരാറിലെത്തിയിരിക്കുന്നത്. ഇത്തിഹാദ് റെയില്‍ ചീഫ് എക്സിക്യൂട്ടീവ് ഷാദി മലാക്കും ഒമാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലോജിസ്റ്റിക് കമ്പനിയായ അസ്യാദിന്റെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അബ്ദുള്‍റഹ്‌മാന്‍ സലിം അല്‍ ഹാത്മിയുമാണു കരാറില്‍ ഒപ്പുവച്ചത്.
ഊര്‍ജം, ഗതാഗതം, ആശയവിനിമയം, ലോജിസ്റ്റിക്സ്, സമുദ്ര ഗതാഗതം, വ്യവസായത്തിലെ സഹകരണവും നിക്ഷേപവും എന്നീ മേഖലകളിലായി 16 കരാറുകളിലാണു യു എ ഇയും ഒമാനും തമ്മില്‍ ഒപ്പുവച്ചിരിക്കുന്നത്.
യു എ ഇയെ മുഴുവന്‍ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയില്‍ പാതയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. ഏകദേശം 1,200 കിേെലാ മീറ്ററില്‍ സൗദി അറേബ്യയുടെ അതിര്‍ത്തി മുതല്‍ വടക്ക് ഫുജൈറ വരെയുള്ള യു എ ഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതാണ്. 2024ല്‍ യാത്രാ സര്‍വീസ് തുടങ്ങാന്‍ ലക്ഷ്യംവച്ചാണു പാതയുടെ നിര്‍മാണം. പാത സൗദി അറേബ്യയിലേക്കു നീട്ടുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ചയിലാണ്.