ന്യൂഡല്‍ഹി/ദുബായ്: പാസ്‌പോര്‍ട്ടില്‍ ഒരു പേര് മാത്രമുള്ളവര്‍ക്കു യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതില്‍ ഇളവുമായി യു എ ഇ. ഒരു പേര് മാത്രമുള്ളവർക്ക് 21 മുതൽ സന്ദർശക-ടൂറിസ്റ്റ് വിസ അനുവദിച്ചിരുന്നില്ല. എന്നാൽ ഒറ്റപ്പേരുള്ളള യാത്രക്കാര്‍ക്കു പാസ്പോര്‍ട്ടിന്റെ രണ്ടാം പേജില്‍ പിതാവിന്റെയോ കുടുംബത്തിന്റെയോ പേര് പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ ഇനി മുതൽ പ്രവേശനം അനുവദിക്കും.
നവംബര്‍ 21നു പ്രാബല്യത്തില്‍ വന്ന ചട്ടമനുസരിച്ച്, വിസിറ്റിങ് വിസയോ വിസ ഓണ്‍ അറൈവലോ ഉള്ള യാത്രക്കാര്‍ അവരുടെ പാസ്പോര്‍ട്ടിലെ ആദ്യ പേരും തുടര്‍ന്നുള്ള പേരുകളും വ്യക്തമായി രേഖപ്പെടുത്തേണ്ടിയിരുന്നു. ഒരു പേര് മാത്രമുള്ളവര്‍ക്ക് യു എ ഇയിലേക്കു പോകാന്‍ കഴിയില്ലെന്നു വന്നതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ നിരവധി യാത്രക്കാര്‍ ആശങ്കയിലായി. ഇതിനു പിന്നാലെയാണു ചട്ടത്തില്‍ യു എ ഇ ഭേദഗതി വരുത്തിയത്.
യു എ ഇ യാത്രാ മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തിയതായി ദുബായിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയാണു ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. പാസ്‌പോര്‍ട്ടിന്റെ രണ്ടാംപേജില്‍ പിതാവിന്റെ പേരോ കുടുംബത്തിന്റെ പേരോ ഉണ്ടെങ്കില്‍ ഒരു പേര് മാത്രമുള്ള യാത്രക്കാര്‍ക്കു വിസ ഓണ്‍ അറൈവല്‍ ലഭിക്കുമെന്നു ഭേദഗതി ചെയ്ത ചട്ടം പറയുന്നു.
”ഒന്നില്‍ കൂടുതല്‍ പേരുള്ള യാത്രക്കാര്‍ക്കായി നല്‍കിയ വിസയില്‍ രണ്ടാം പേജില്‍ പിതാവിന്റെ/കുടുംബത്തിന്റെ പേര് പരാമര്‍ശിച്ചതു സ്വീകാര്യമാണ്. രണ്ടാം പേജില്‍ പരാമര്‍ശിച്ചിരിക്കുന്ന പിതാവിന്റെ/കുടുംബത്തിന്റെ പേര് യാത്രക്കാര്‍ക്കു വിസ ഓണ്‍ അറൈവലിന് അര്‍ഹതയുള്ളതായി അംഗീകരിക്കപ്പെടും,” കോണ്‍സുലേറ്റ് ജനറല്‍ ട്വീറ്റ് ചെയ്തു.
പാസ്പോര്‍ട്ടിലെ ‘യഥാര്‍ഥ പേര്'(ഗിവണ്‍ നെയിം) അല്ലെങ്കില്‍ ‘കുടുംബപ്പേര്/പിതാവിന്റെ പേര്’ (സര്‍നെയിം) എന്ന കോളത്തില്‍ ഒരൊറ്റ വാക്ക് പേരുള്ളവരെ ‘അനുവദനീയമല്ലാത്ത യാത്രക്കാരന്‍’ പരിഗണിക്കുമെന്നും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ രാജ്യത്തേക്കു പ്രവേശനം അനുവദിക്കില്ലെന്നും യു എ ഇ വ്യക്തമാക്കി.
വിസിറ്റ് വിസ, വിസ ഓൺ അറൈവൽ, തൊഴിൽ വിസ, താൽക്കാലിക വിസ എന്നിവയുള്ളവർക്കായിരുന്നു നിയമം ബാധകം. യുഎഇ റസിഡന്റ് കാര്‍ഡ് ഉടമകള്‍ക്ക് നിയമം ബാധകമായിരുന്നില്ല.
ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ സി എ ഒ) കണ്‍വന്‍ഷന്‍ ചട്ടത്തിലെ 3.4 എന്ന ഭാഗം ഉദ്ധരിച്ചാണു പേര് എഴുതുന്നതു സംബന്ധിച്ച പുതിയ നിയമം യു എ ഇ പ്രഖ്യാപിച്ചത്. പ്രാഥമിക ഐഡന്റിഫയറും ദ്വിതീയ ഐഡന്റിഫയറും എന്നിങ്ങനെ പാസ്‌പോര്‍ട്ട് ഉടമയുടെ പേര് സാധാരണയായി രണ്ട് ഭാഗങ്ങളായി പ്രതിനിധീകരിക്കുന്നുവെന്നാണ് ഐ സി എ ഒ ചട്ടത്തില്‍ പറയുന്നത്.