മനാമ: ബഹ്‌റൈനില്‍ ട്രാഫിക് വിഭാഗം നല്‍കിവരുന്ന പല സേവനങ്ങളും സ്വകാര്യ മേഖലക്ക് കൈമാറുന്നതിന് പദ്ധതിയുള്ളതായി ട്രാഫിക് വിഭാഗം മേധാവി ശൈഖ് അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ വഹാബ് ആല്‍ഖലീഫ വ്യക്തമാക്കി. വാഹനങ്ങളുടെ വര്‍ഷാന്ത സാങ്കേതിക പരിശോധന, ഫാന്‍സി നമ്പറുകളുടെ വില്‍പന, പാര്‍ക്കിങ് ഏരിയകളിലെ മീറ്ററുകളുടെ മേല്‍നോട്ടം, ഡ്രൈവിങ് ടെസ്റ്റിനുള്ള തിയതി നിര്‍ണയം തുടങ്ങിയ വിവിധ മേഖലകളാണ് സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കുക. ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് നിലവിലുള്ള പിഴ സമ്പ്രദായം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാഹനാപകടങ്ങള്‍ കുറക്കാനും സുരക്ഷിത യാത്ര ഉറപ്പാക്കാനുമാണ് നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷയും പിഴയും ഏര്‍പ്പെടുത്തിയത്. നിലവിലുള്ള ട്രാഫിക് നിയമം റോഡപകടങ്ങള്‍ കുറക്കാന്‍ സഹായിച്ചിട്ടുണ്ട്. ജനം റോഡ് നിയമം പാലിക്കുന്നതില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കാനും സാധിച്ചു. വരും നാളുകളില്‍ റോഡ് യാത്ര കൂടുതല്‍ സുരക്ഷിതമായി തീരുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യ പുരോഗതിക്കുള്ള ബഹ്‌റൈന്‍ ഇക്കണോമിക് വിഷന്‍ 2030 ലക്ഷ്യം വയ്ക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമായിരിക്കും ട്രാഫിക് വിഭാഗം നടത്തുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ