റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിലെ ബത്ഹയിലും പരിസ പ്രദേശങ്ങളും അനധികൃതമായി വാഹനം പാർക് ചെയ്‌താൽ പിഴ ഓർക്കാപുറത്ത് കിട്ടും. അനധികൃത പാർകിംഗ് കൂടിയതോടെ നഗരത്തിലെ ഗതാഗത കുരുക്ക് അനിയന്ത്രിതമായി വർദ്ധിച്ചു. ഇതിനെ തുടർന്നാണ് ട്രാഫിക് പോലീസ് അനധികൃത പാർകിംഗ് കർശനമായി വിലക്കിയത്.

നോ പാർകിംഗ് ബോർഡ് പതിച്ച സ്ഥലങ്ങളിൽ, നടപ്പാതകളിൽ തുടങ്ങി പാർകിംഗ് നിരോധിക്കപ്പെട്ട മേഖലകളിൽ വാഹനം പാർക് ചെയ്‌താൽ ട്രാഫിക് പോലീസിന്റെ മൊബൈൽ ഫോണിൽ ദൃശ്യം പകർത്തും. തുടർന്ന് ഗതാഗത വകുപ്പിന്റെ മൊബൈൽ ആപ്പ് വഴി മിനുറ്റുകൾക്കകം വാഹനയുടമയുടെ മൊബൈലിലേക്ക് പിഴയായി അടക്കേണ്ട തുകയും ട്രാഫിക് നിയമ ലംഘനം നടത്തിയതിന്റെ നമ്പറും സന്ദേശമായി എത്തും. 100 റിയാൽ മുതൽ 300 റിയാൽ വരെയാണ് അനധികൃത പാർകിങ്ങിന് പിഴയായി ഈടാക്കുന്നത്.

ഗതാഗതം സ്തംഭിപ്പിക്കും വിധം വാഹനം പാർക് ചെയ്‌താൽ ട്രാഫിക് പോലീസിന്റെ വാഹനമെത്തി വാഹനം നീക്കം ചെയ്യും. പിന്നീട് വാഹനത്തിന്റെ യഥാർഥ ഉടമസ്ഥൻ പോലീസ് സ്റ്റേഷനിൽ എത്തി പിഴ അടച്ചതിന് ശേഷമേ വാഹനം മോചിപ്പിക്കാനാവൂ. ബത്ഹയിലെ ശരാ റയിൽ, പഴയ ബസ്റ്റാന്റ് പരിസരം, ഗുറാബി തെരുവ്, ബത്ഹ സ്ട്രീറ്റ്, ഗസ്സാൻ സ്ട്രീറ്റ്, മർകബ്, മലസിലെ സിത്തീൻ സ്ട്രീറ്റ്, ജറീർ സ്ട്രീറ്റ്, ജാമിഅ സ്ട്രീറ്റ്, ഉൾപ്പടെ എല്ലാ നഗരങ്ങളിലും ട്രാഫിക് പോലീസ് നിയമം കർശനമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ