മനാമ: ബഹ്‌റൈനിലെ റോഡുകളില്‍ അനുവദിച്ച വേഗപരിധിയേക്കാള്‍ 10 ശതമാനം അധികം വേഗത്തില്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കു മാത്രമേ പിഴ ചുമത്തുകയുള്ളൂവെന്ന് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. വേഗ പരിധിയും പിഴയും സംബന്ധിച്ചു സോഷ്യല്‍ മീഡിയയില്‍ അടക്കം ആശങ്കയുളവാക്കുന്ന പ്രചാരണങ്ങളാണ് നടക്കുന്നത്. പല റോഡുകളിലും വേഗ പരിധി പൊടുന്നനെ കുറച്ചതു കാരണം ഡ്രൈവര്‍മാര്‍ കൂടുതല്‍ പിഴ അടക്കേണ്ടിവരുന്നുവെന്നായിരുന്നു ആക്ഷേപം. ഇതേതുടര്‍ന്നാണ് പിഴ സംവിധാനത്തില്‍ ഭേദഗതി വരുത്തിയ കാര്യം അധികൃതര്‍ ഔദ്യോഗികമായി വിശദീകരിച്ചത്.

എല്ലാ റോഡുകളിലും ജംങ്ഷനുകളിലും ഉയര്‍ന്ന വേഗപരിധിയിലും 10 ശതമാനം കൂടിയാലേ വാഹനങ്ങള്‍ക്ക് പിഴ ഈടാക്കൂ. 80 കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡില്‍ 88 കിലോമീറ്ററിന് മുകളിലും 100 കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡില്‍ 110 കിലോമീറ്ററിന് മുകളിലും വേഗത്തില്‍ സഞ്ചരിച്ചാല്‍ മാത്രമേ പിഴ ഈടാക്കൂവെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.

പുതിയ ഭേദഗതികള്‍ക്കനുസരിച്ചായിരിക്കും നിരീക്ഷണ ക്യാമറകളും പ്രവര്‍ത്തിക്കുക. ക്യാമറകള്‍ ഗ്രീന്‍ സിഗ്‌നല്‍ വേളയിലും അമിതവേഗത്തില്‍ പോകുന്ന വാഹനങ്ങളുടെ ചിത്രങ്ങളെടുക്കും. സിഗ്‌നലുകളില്‍ അമിതവേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങളെ നിരീക്ഷിക്കാന്‍ ക്യാമറകള്‍ സ്ഥാപിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ