മനാമ: ബഹ്‌റൈനില്‍ നിലവിലുള്ള ട്രാഫിക് ലൈറ്റുകള്‍ക്കെതിരെ ആക്ഷേപവുമായി മുതിര്‍ന്ന കൗണ്‍സിലര്‍ രംഗത്ത്. ട്രാഫിക് ലൈറ്റ് സംവിധാനത്തിലെ അപാകതമൂലം നിരവധി ഡ്രൈവര്‍മാര്‍ ചുവപ്പു ലൈറ്റ് മറികടന്ന് വന്‍ പിഴ ഒടുക്കേണ്ട അവസ്ഥയാണുള്ളതെന്നാണ് പരാതി. നോര്‍തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ അഹ്മദ് അല്‍ കൂഹെജിയാണ് പരാതിയുമായി രംഗത്തെത്തിയത്. ട്രാഫിക് ജംങ്ഷനുകളില്‍ എപ്പോഴാണ് ചുവപ്പ് ലൈറ്റ് മാറുന്നത് എന്നതു വ്യക്തമാവുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

ട്രാഫിക് ലൈറ്റ് സംവിധാനത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് അഭിപ്രായ രൂപീകരണത്തിനു ശ്രമിക്കുകയാണ് അദ്ദേഹം. ഇതിനായുള്ള ഓണ്‍ലൈന്‍ സര്‍വേകള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. രാജ്യത്ത് ട്രാഫിക് ലൈറ്റുകള്‍ നിയന്ത്രിക്കുന്നത് സെന്‍സറുകള്‍ മുഖേനെയാണ്. ഏകീകൃത സമയ വ്യവസ്ഥയില്ലാത്തതിനാല്‍ പല സിഗ്‌നലുകളും വ്യത്യസ്ഥ രീതിയിലാണു പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇതിന്റെ ഫലമായി ലൈറ്റ് തെളിയുന്നത് അപ്രതീക്ഷിതമായിട്ടായിരിക്കും. ഇതുമൂലം പൊടുന്നനെ ബ്രേക്കിടുന്നതിനാല്‍ അപകടങ്ങള്‍ ഉണ്ടാവുകയോ റെഡ് ലൈറ്റ് മറികടന്നതിന്റെ പേരില്‍ ഡ്രൈവര്‍മാര്‍ പിഴ ഒടുക്കേണ്ടി വരികയോ ചെയ്യുന്നു.

റോഡ് അപകടം കുറയ്ക്കുന്നതിനു വിവിധ രാജ്യങ്ങളില്‍ ലൈറ്റിനോടൊപ്പം കൗണ്ട് ഡൗണ്‍ ടൈമറുകള്‍ സ്ഥാപിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നവീകരണ പദ്ധതികള്‍ക്കായി പൊതുമരാമത്ത്, മുനിസിപ്പാലിറ്റീസ് കാര്യ നഗരാസൂത്രണ മന്ത്രാലയം തയാറാവുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. താന്‍ മന്ത്രാലയം അധികൃതരെ സന്ദര്‍ശിച്ചു വിഷയം അവതരിപ്പിച്ചെങ്കിലും അവര്‍ ഇക്കാര്യത്തില്‍ താല്‍പര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ