കുവൈത്ത് സിറ്റി: ഗള്‍ഫിലെ പ്രവാസി ഇന്ത്യക്കാരില്‍ പ്രമുഖനും കുവൈത്ത് മലയാളികളുടെ അംബാസഡര്‍ എന്ന വിശേഷണത്തിനുടമയായ മാത്തുണ്ണി മാത്യൂസ് എന്ന ടൊയോട്ട സണ്ണി (81) കുവൈത്തില്‍ നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഹൃദയാഘാത്തെതുടര്ന്ന് ശനിയാഴ്ച വൈകീട്ട് കുവൈത്തിലെ ഖാദിസിയയിലെ വസതിയിലായിരുന്നു അന്ത്യം.
കുവൈത്തിലെ ഇറാഖ് അധിനിവേശ സമയത്ത് ദുരിതത്തിലായ ഇന്ത്യക്കാരെ സ്വദേശത്ത് എത്തിക്കുന്നതിന് മാത്യൂസ് നേതൃത്വം നല്‍കിയിരുന്നു. സമാനതകളില്ലാത്ത ഈ സാമൂഹ്യ പ്രവര്‍ത്തനം ഏറെ പ്രശംസ പിടിച്ചുപറ്റി. 2003ലെ ഗള്‍ഫ് യുദ്ധ വേളയിലും ഇന്ത്യന്‍ സമൂഹത്തിന് ആത്മ ധൈര്യം പകര്‍ന്ന് അദ്ദേഹം മുന്നിലുണ്ടായിരുന്നു. ടയോട്ട വാഹനങ്ങളുടെ കുവൈത്തിലെ വിതരണക്കാരായ കമ്പനിയില്‍ തന്റെ മികവുകൊണ്ട് ടയോട്ടാ വാഹനങ്ങളെ കുവൈത്തില്‍ മുന്നിലെത്തിക്കുന്നതിന്റെ ക്രെഡിറ്റാണ് മാത്യൂസിനെ ടയോട്ടാ സണ്ണിയാക്കിയത്.
കോട്ടയം കുമ്പനാട് സ്വദേശിയായ മാത്യൂസ് 1956ലാണ് തൊഴില്‍ തേടി ഗള്‍ഫിലെത്തിയത്. ദിവസങ്ങള്‍ നീണ്ട കപ്പല്‍ യാത്രക്കൊടുവിലാണ് അദ്ദേഹം കുവൈത്ത് മണ്ണിലിറങ്ങിയത്. ഏറെ പ്രയാസം നിറഞ്ഞതായിരുന്നു അക്കാലത്തെ പ്രവാസ ജീവിതം. 1957ല്‍ നാസര്‍ മുഹമ്മദ് അല്‍ സായര്‍ ഉടമസ്ഥതയിലുള്ള ടൊയോട്ട ഏജന്‍സിയില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 1989ല്‍ കമ്പനി ജനറല്‍ മാനേജരായാണ് വിരമിച്ചത്.
1990 മുതല്‍ സ്വന്തം കമ്പനിയായ സഫീന കാര്‍ റെന്റല്‍, സഫീന ജനറല്‍ ട്രേഡിങ് എന്നിവ ആരംഭിച്ചു. ഈ കമ്പനിയുടെ മാനേജിങ് പാര്‍ട്ണറായും ജാബ്രിയ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാനുമാണ്. കുവൈത്ത് ഇന്ത്യന്‍ ആര്‍ട് സര്‍ക്കിളിന്റെ സ്ഥാപകരിലൊരാളാണ്. ഇന്ത്യന്‍ സ്കൂളിന്റെ ട്രസ്റ്റലി അംഗവും ചെയര്‍മാനുമായിരുന്നു. ഇന്ത്യന്‍ ബിസിനസ് കൗണ്‍സില്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സമിതിയിലെ മുതിര്‍ന്ന അംഗമായിരുന്നു.
ഭാര്യ: മേരി മാത്യു, മക്കള്‍: ജെയിംസ് മാത്യു (ബിസിനസ്), ആനി എം മാത്യുസ് (ഡല്‍ഹി), സൂസണ്‍ എം മാത്യുസ് (യുഎന്‍ മനുഷ്യാവകാശ കമ്മീഷന്, ജനീവ). സംസ്കാരം പിന്നീട് നാട്ടില്‍.