റിയാദ്: സൗദി അറേബ്യയിൽ വിദേശ വിനോദ സഞ്ചാരികൾക്ക് പ്രത്യേക വിസ അനുവദിക്കും. ഇതിനായുള്ള ഇലക്ട്രോണിക് വിസ (ഇ-വിസ) സംവിധാനം 2018 മാർച്ച് മാസത്തോടെ നിലവിൽ വരുമെന്ന് സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻറ് നാഷണൽ ഹെറിറ്റേജ് ചെയർമാൻ അമീർ സുൽത്താൻ ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന കമ്മീഷൻ ഡയറക്ടർ ബോർഡ് വ്യക്തമാക്കി. വാർത്ത പുറത്ത് വന്നതോടെ വലിയ പ്രതീക്ഷയിലാണ് വിപണി. നിലവിലെ അവസ്ഥയിൽ ലെവി ഉൾപ്പടെയുള്ള ചിലവ് വർദ്ധിച്ചതും കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങുന്നതും, തൊഴിൽ രംഗത്തെ പ്രതിസന്ധിയും, സന്ദർശക വിസയിൽ സൗദിയിലേക്കെത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതും വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

മലയാളികൾ ഉൾപ്പടെ ജോലിചെയ്യുന്ന ഹോട്ടൽ, ബക്കാല (മിനി സൂപ്പർ മാർക്കറ്റ്), ബൂഫിയ (ചായക്കട), തുണിക്കടകൾ, ഷോപ്പിങ് മാളുകൾ, ഫാർമസി തുടങ്ങിയ സ്ഥാപനങ്ങളെയാണ് പുതിയ നിയമങ്ങൾ നഷ്‌ടത്തിലാക്കിയത്. വാടകയും ശമ്പളവും ഉൾപ്പടെ വലിയ തുക കടത്തിലാണ് പലരും. വൈദ്യതിയും പെട്രോളിയം ഉത്പന്നങ്ങൾക്കും സർക്കാർ നൽകി വരുന്ന സബ്‌സിഡി എടുത്ത് കളയുന്നതോടെ ചിലവ് ഇനിയും വർദ്ധിക്കും. വരും ദിവസങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് പലരും നഷ്‌ടം സഹിച്ചും തുടരുന്നത്. സൗദിയിൽ ടൂറിസ്റ്റ് വിസ അനുവദിക്കാൻ തുടങ്ങിയാൽ സൗദിയിലേക്ക് വിദേശികളുടെ ഒഴുക്കുണ്ടാകും. ഇത് വിപണിക്ക് പുതു ജീവൻ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കച്ചവട രംഗത്തുള്ളവർ അഭിപ്രായപ്പെട്ടു.

അതേസമയം വിസ എങ്ങിനെ നൽകുമെന്നോ ആർക്കൊക്കെ നൽകുമെന്നോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വിസ സ്റ്റാമ്പിങ്ങിന് സർക്കാർ ഈടാക്കുന്ന തുകക്കനുസരിച്ചായിരിക്കും സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടാകുക. നിലവിൽ ആശ്രിതർക്ക്  നൽകുന്ന സന്ദർശക വിസ സ്റ്റാമ്പിങ്ങിന് 2000 സൗദി റിയാലാണ് ഏകദേശം 34000 ഇന്ത്യൻ രൂപ. ഓരോ പാസ്സ്പോർട്ടിനും ഈ തുക നൽകണം. ബിസിനസ്സ് വിസക്കും ഈ തുകയാണ് ഇപ്പോൾ ഈടാക്കുന്നത്. പുതിയതായി അനുവദിക്കുന്ന ടൂറിസ്റ്റ് വിസയുടെ സ്റ്റാമ്പിങ് ഫീസിൽ ഇളവുണ്ടായാലാണ് സന്ദർശകരുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ളത്. ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് വഴി സൗദിയുടെ എല്ലാ പ്രവിശ്യകളിൽ വാണിജ്യ രംഗത്ത് വലിയ ചലനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാർത്ത: നൗഫൽ പാലക്കാടൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ