/indian-express-malayalam/media/media_files/uploads/2017/03/traffic-signal.jpg)
മനാമ: ബഹ്‌റൈന്‍ ട്രാഫിക് സിഗ്‌നലുകളില്‍ ടൈമറുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ തള്ളി. ട്രാഫിക് സിഗ്‌നലുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന രീതിക്ക് മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്നും വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ചാണ് സിഗ്‌നലുകള്‍ മാറുന്നതെന്നും മന്ത്രി ഖാനിം അല്‍ ബുവൈനാന്‍ പറഞ്ഞു. ടൈമറുകള്‍ സ്ഥാപിക്കുമ്പോള്‍ നിശ്ചിത സമയത്തിനുള്ളില്‍ കടന്നുപോകാന്‍ കഴിയുന്ന വാഹനങ്ങളുടെ എണ്ണം വളരെ കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമീപ രാജ്യങ്ങളായ സൗദി അറേബ്യ, കുവൈത്ത്, യുഎഇ എന്നിവയുമായി താരതമ്യം ചെയ്ത ശേഷമാണ് ഈ നിര്‍ദ്ദേശം പരിഗണിക്കാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അപകടങ്ങള്‍ക്ക് കാരണമായതിനാല്‍ ആ രാജ്യങ്ങളിലെ ജംങ്ഷനുകളില്‍നിന്നും ടൈമറുകള്‍ മാറ്റിയിരുന്നു. സിഗ്‌നലുകള്‍ ഉള്ള ജംങ്ഷനുകള്‍ക്ക് 200 മീറ്റര്‍ മുന്‍പായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇത് ഡ്രൈവര്‍മാര്‍ക്ക് സിഗ്‌നലുകള്‍ മനസിലാക്കുവാനും വേഗം കുറക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പ്രധാന റോഡുകളില്‍ സിഗ്‌നലുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ടൈമറുകള്‍ സ്ഥാപിക്കണമെന്ന് കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ അംഗങ്ങള്‍ ആവശ്യമുന്നയിച്ചിരുന്നു. ചുവപ്പു സിഗ്‌നല്‍ ലംഗിക്കുന്നതുവഴി ഉണ്ടാകുന്ന മരണകരമായ അപകടങ്ങള്‍ കുറക്കാനും, ഡ്രൈവര്‍മാരില്‍ അവബോധം സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. ടൈമറുകള്‍ ഉണ്ടെങ്കില്‍ സിഗ്‌നല്‍ എപ്പോള്‍ മാറുമെന്ന് ഡ്രൈവര്‍ക്ക് മുന്‍കൂട്ടി അറിയാനാകുമെന്നും ഇവര്‍ വാദിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.