കനത്ത മഴയിലും കാറ്റിലും വലഞ്ഞ് യു എ ഇ; സ്‌കൂളുകള്‍ക്ക് അവധി നല്‍കി

ഷാര്‍ജയ്ക്കും ദുബായ്ക്കും ഇടയിലുള്ള റോഡില്‍ വെള്ളം കയറുന്നതിനാല്‍ കുട്ടികളെ തിരിച്ചയയ്ക്കുകയാണെന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചു

ദുബയ്: യു എ ഇയില്‍ ഇന്ന് രാവിലെയും കനത്ത ഇടിമിന്നലോടു കൂടിയ മഴ തുടരുന്നു. കാറ്റും ശക്തമാണ്. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ ഇതേ കാലാവസ്ഥ തുടര്‍ന്നേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തീരപ്രദേശങ്ങളിലും വടക്കുഭാഗങ്ങളിലും മഴയുടേയും ഇടിമിന്നലിന്റേയും തോതില്‍ വ്യത്യാസമുണ്ടായേക്കാം.

അജ്മാന്‍, റാസ് അല്‍ ഖയ്മ, അല്‍ ഖുവയ്ന്‍ എന്നിവിടങ്ങളിലും ഇന്നു പുലര്‍ച്ചെ ശക്തമായ മഴ പെയ്തിരുന്നു. ഞായറാഴ്ച പെയ്ത ശക്തമായ മഴയില്‍ വാഹനങ്ങള്‍ ഒലിച്ചു പോകുകയും ബില്‍ ബോര്‍ഡുകള്‍ ശക്തമായ കാറ്റില്‍ പറന്നു പോകുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. ഗര്‍ഹൗഡ് പാര്‍ക്കിലെ മരം ശക്തമായ കാറ്റിനെ തുടര്‍ന്ന് നിലംപതിച്ചു. കാറ്റ് തുടരുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ ഓടിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.

ഈ കാലാവസ്ഥ ഇന്നു കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ സുഫിയാന്‍ ഫറാ പറയുന്നു. തുടര്‍ന്ന് അന്തരീക്ഷ താപനിലയില്‍ വലിയ കുറവ് അനുഭവപ്പെടാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഇക്കാലത്തിനിടെ രാജ്യം കണ്ട ഏറ്റവും ശക്തമായ കാറ്റാണ് ഇപ്പോള്‍. പ്രത്യേകിച്ച് ഉച്ച കഴിഞ്ഞുള്ള സമയങ്ങളില്‍. യു എ ഇയുടെ വിവിധ ഇടങ്ങളില്‍ ഇതുമൂലം പൊടി നിറഞ്ഞിട്ടുണ്ട്. പശ്ചിമ മേഖലയെയാണ് കാറ്റ് കൂടുതല്‍ ബാധിച്ചിരിക്കുന്നത്,’ ഫറാ ഖലീജ് ടൈംസിനോട് പറഞ്ഞു.

ശക്തമായ കാറ്റിനെ തുടര്‍ന്ന് ദുബായിലും വടക്കന്‍ രാജ്യങ്ങളിലും സ്‌കൂളുകള്‍ അടച്ചിടുകയും വിദ്യാര്‍ത്ഥികളെ തിരികെ വീടുകളിലേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു. ഷാര്‍ജയ്ക്കും ദുബായ്ക്കും ഇടയിലുള്ള റോഡില്‍ വെള്ളം കയറുന്നതിനാല്‍ കുട്ടികളെ തിരിച്ചയയ്ക്കുകയാണെന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചു.

25 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റടിക്കുന്നത്. ഇത് കടലിന് മുകളിലെത്തുമ്പോള്‍ 60 കിലോമീറ്റര്‍ വേഗതയിലാകുന്നു. ചൊവ്വാഴ്ചയാകുമ്പോളേക്കും മഴ കുറയുമെന്നാണ് പ്രതീക്ഷ.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Thunderstorm heavy rains continue to lash uae

Next Story
സൗദിയിൽ പ്രതിസന്ധി രൂക്ഷം; സ്‌കൂള്‍ ഫീസ് പോലും അടക്കാനാകാതെ നിരവധി പ്രവാസികള്‍malayalee migration to gulf
The moderation of comments is automated and not cleared manually by malayalam.indianexpress.com