മനാമ: സ്‌നേഹം മുഖമുദ്രയായി പ്രവര്‍ത്തിക്കാന്‍ പഠിപ്പിക്കുകയാണ് വേണ്ടതെന്ന് കേരള ഹജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി പറഞ്ഞു. മനുഷ്യ മനസ്സുകളില്‍ അവബോധമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഇന്നത്തെ കാലത്ത് ആവശ്യം. സ്‌നേഹം മുഖമുദ്രയായി പ്രവര്‍ത്തിക്കാന്‍ ഓരോ പ്രവര്‍ത്തകര്‍ക്കും കഴിയട്ടെ. മാനവ സൗഹാര്‍ദ്ദമാണ് ഇസ്‌ലാം ലോകത്തിന് നല്‍കിയ സംഭാവനയെന്നും അദ്ദേഹം പറഞ്ഞു. മൈത്രി സോഷ്യല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നല്‍കിയ പൗരസ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സ്‌നേഹത്തിന് നിര്‍വചനം ജീവിതവും ജീവിതത്തിന് നിര്‍വചനം സ്‌നേഹവുമാണ്. ആധുനിക ശാസ്ത്രം 12 ദശലക്ഷം കോടി പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറം ഒരു ഗ്രഹത്തെ കണ്ടെത്തി. ആ ഗ്രഹവും ഭൂമിയും തമ്മിലുള്ള ബന്ധം എന്താണെന്നും ശാസ്ത്രം കണ്ടെത്തി. എന്നാല്‍ രണ്ട് പേരുടെ ഹൃദയങ്ങളെ ബന്ധിപ്പിക്കാന്‍ ശാസ്ത്രത്തിന് കഴിയുന്നില്ല. അത് സ്‌നേഹത്തിന് മാത്രമേ കഴിയുകയുള്ളൂ. ലോകത്ത് ധാരാളം പാലങ്ങളും റോഡുകളുമെല്ലാം നാം കാണുകയും നിര്‍മ്മിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, അതിന് അതിന്റേതായ ബലവും ബലക്ഷയവും നാം കാണുന്നുണ്ട്. എന്നാല്‍ ലോകത്ത് ഏറ്റവും ശക്തമായ പാലം മനുഷ്യമനസ്സുകളെ കൂട്ടിയിണക്കുന്ന സ്‌നേഹം എന്ന പാലമാണ്. ഐഎസ് പോലെയുള്ള സംഘടനകള്‍, അത് ഉണ്ടാക്കിയവര്‍, അതില്‍ പ്രവര്‍ത്തിക്കുന്നവര്‍, അതിലൂടെ നിരപരാധികളെ കൊന്നൊടുക്കുന്നവര്‍ അക്രമങ്ങളും അനാചാരങ്ങളും ചെയ്യുന്നവരുടെ ഹൃദയങ്ങള്‍ ഇടുങ്ങിയ കല്ലറുകളാണ്. തീവ്രവാദം കൊണ്ട് ഏതൊരു പ്രസ്ഥാനവും നശിക്കുകയല്ലാതെ ഒരു അഭിവൃദ്ധിയുമുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു മതവും പരസ്പരം വെറുക്കാന്‍ ആഹ്വാനം ചെയ്യുന്നില്ല, മറിച്ച് സ്‌നേഹിക്കാനും അടുക്കാനും മാത്രമാണ് പഠിപ്പിക്കുന്നത്. ഏറ്റവും മഹനീയ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ എന്ന് അംഗികരിക്കാത്ത ഒരാളും ഇന്ത്യയിലുണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല. ഋഷിവര്യരുടെ നാട് എന്ന അര്‍ത്ഥത്തില്‍ ആര്‍ശ ഭാരതമെന്നാണ് ഇന്ത്യയെ വിശേഷിപ്പിക്കാറുള്ളത്. 1893ല്‍ ആദ്യ ലോക മത സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തത് സ്വാമിവിവേകാനന്ദനാണ്. അമേരിക്കക്കാരുടെ വിവേചനത്തെക്കുറിച്ച് പറയുകയും ഇതിനെയെല്ലാം തൃണവത്കരിക്കുന്ന സമീപനമാണ് ഇസ്‌ലാം സ്വീകരിക്കുന്നതെന്നും സ്വാമി വിവേകാനന്ദന്‍ പ്രഖ്യാപിച്ചു. അടിമകമ്പോളത്തില്‍ നിന്നും വിലയ്ക്ക് വാങ്ങപ്പെടുന്ന ഒരു കാപ്പിരി അടിമ അവന്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ ആ കാപ്പിരി അടിമയും തുര്‍ക്കിയിലെ സുല്‍ത്താനും തുല്യരാണ്. അവര്‍ തോളുരുമി നമസ്‌കരിക്കുന്നു. ഒരു പാത്രത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്നു. ഒരു വിരിപ്പില്‍ ഉറങ്ങുന്നു. ഇതാണ് ഇസ്‌ലാം ലോകത്തിന് നല്‍കിയിട്ടുള്ള സംഭാവന. അതിനാല്‍ ഇസ്‌ലാമിന്റെ നേര്‍ക്ക് ലോകത്തുള്ള ഒരു വിഭാഗത്തിനും മനുഷ്യനും പുറംതിരിഞ്ഞ് നില്‍ക്കാന്‍ സാധ്യമല്ല. ആ തരത്തില്‍ ഇസ്‌ലാമിനെക്കുറിച്ച് നാം പഠിക്കേണ്ടതുണ്ടെന്ന് സ്വാമി വിവേകാനന്ദന്‍ തന്റെ പ്രശസ്തമായ ചിക്കാഗോ പ്രസംഗത്തില്‍ പറഞ്ഞു.

അമേരിക്ക കണ്ടുപിടിക്കാന്‍ പ്രചോദനമായത് രണ്ട് ഉദയത്തിന്റെയും രണ്ട് അസ്തമയത്തിന്റെയും ഉടമസ്ഥനായ അല്ലാഹു എന്ന അര്‍ത്ഥം വരുന്ന ഖുര്‍ആനിലെ സൂക്തമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. പ്രമുഖ പണ്ഡിതനായ അല്ലാമാ ഇബ്‌നൂസ് എന്ന സ്‌പെയിന്‍ പണ്ഡിതന്‍ ഈ ഖുര്‍ആനിലെ സൂക്തം വായിക്കുകയും, അത് പ്രകാരം ഇനിയൊരു വന്‍കര കണ്ടെത്താനുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം കൊളംബസിന്റെ യാത്രയ്ക്ക് പ്രചോദനം നല്‍കുകയും അങ്ങനെ അമേരിക്ക എന്ന വന്‍കര കണ്ടെത്തപ്പെടുകയുമാണ് ചെയ്തത്.

നിരവധി പ്രമുഖ അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഇരുന്ന കസേരിയിലാണ് ഇസ്‌ലാമിന് വിലക്ക് ഏര്‍പ്പെടുത്തുന്ന ഒരാള്‍ ഇപ്പോള്‍ ഇരിക്കുന്നത്. പുതിയ പ്രസിഡന്റ് അധികാരമേറ്റ ശേഷം ശിരോവസ്ത്രം ധരിച്ചുകൊണ്ട് കടന്നുവരാന്‍ കഴിയാത്ത ഒരു സ്ഥിതിവിശേഷമാണ് അമേരിക്കയില്‍ ഉണ്ടായിരിക്കുന്നത്. അന്നത്തെ ആ അവസ്ഥ മാറാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ആഹ്വാനം മടങ്ങിവരട്ടെയെന്ന് നമ്മുക്ക് പ്രാര്‍ത്ഥിക്കാം ആഗ്രഹിക്കാം. ഹജ് തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മൗലവി പറഞ്ഞു. അടുത്തതവണ തീര്‍ച്ചയായും എംപാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരാക്കാനുള്ള ശ്രമവും നടത്തുതാണെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ