മനാമ: കേരള ഹജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവിക്ക് ബഹ്‌റൈനിലെ മലയാളി പൗരാവലിയുടെ ഊഷ്മള സ്വീകരണം. ഇതോടനുബന്ധിച്ച് നടന്ന സ്‌നേഹസംഗമവും ജന നിബിഡമായി. ബഹ്‌റൈന്‍ പാര്‍ലമെന്റിലെ സതേൺ പ്രവിഷ്യാ പ്രതിനിധി മുഹമ്മദ് യൂസുഫ് അല്‍മആറഫി സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനും ഇന്ത്യയുമായി പ്രത്യേകിച്ച് കേരളവുമായി സുദൃഢമായ ബന്ധമാണ് നിലനില്‍ക്കുന്നതെന്ന് മുഹമ്മദ് യൂസുഫ് അല്‍മആറഫി അഭിപ്രായപ്പെട്ടു. സ്വദേശികളെപ്പോലെ തന്നെ വിദേശികളുടെയും ക്ഷേമത്തിന് വേണ്ടിയാണ് ഞങ്ങള്‍ പാര്‍ലമെന്റില്‍ ശബ്ദിക്കുന്നതെന്നും ബഹ്‌റൈന്‍ വിദേശികളുടെ രണ്ടാം വീടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പ്രവാസികള്‍ ബഹ്‌റൈനില്‍ ചെയ്യുന്ന സേവനങ്ങള്‍ എക്കാലത്തും സ്മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാഗതസംഘം ചെയര്‍മാന്‍ സിയാദ് ഏഴംകുളം അധ്യക്ഷനായിരുന്നു. ആര്‍എസ്പി നേതാവ് എൻ.കെ.പ്രേമചന്ദ്രന്‍ എംപി മുഖ്യ പ്രഭാഷണം നടത്തി.

മതേതരത്വമില്ലാതെ ജനാധിപത്യത്തിന് പ്രസക്തിയില്ലായെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. ഇന്ത്യയുടെ മതേതരത്വം കാത്തുസൂക്ഷിക്കാന്‍ കോണ്‍ഗ്രസ്സിനു മാത്രമേ കഴിയൂ. മതപരമായ ധ്രുവീകരണത്തിലൂടെ അധികാരം ലഭിക്കുന്നതിനും ലഭിച്ച അധികാരം നിലനിര്‍ത്തുന്നതിനും വേണ്ടിയിട്ടുള്ള ബോധപൂർവമായിട്ടുള്ള പരിശ്രമങ്ങള്‍ ലോകത്തെല്ലായിടത്തും നടക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മുമ്പെങ്ങുമില്ലാത്ത തരത്തില്‍ വംശീയരാഷ്ട്രീയവും സങ്കുചിതമായ ദേശീയരാഷ്ട്രീയവും ഭയാനകമായ രീതിയില്‍ ശക്തിപ്രാപിക്കുന്നു. ഇതുരണ്ടും വളര്‍ത്തി അതിലൂടെ അധികാരം ലഭ്യമാക്കുന്നതിനും ലഭിച്ച അധികാരം നിലനിര്‍ത്തുന്നതിനും വേണ്ടി രാഷ്ട്രീയ പ്രക്രിയ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അത് സാധ്യമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നേതൃപരമായ പങ്കുവഹിക്കുക എന്നതാണ് നമ്മളില്‍ അര്‍പ്പിതമായിട്ടുള്ള പ്രഥമ ധര്‍മ്മം.

maithri, bahrain

ലോകത്ത് ഇന്ന് ആഗോളസമൂഹത്തിനു മുന്നില്‍ പ്രതികൂട്ടില്‍ നിര്‍ത്താന്‍ വിധിക്കപ്പെട്ട ഒരു സമൂഹമായി ഇസ്‌ലാമിക സമൂഹം മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു വിരോധാഭാസപരമായ കാര്യമാണ് ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുന്ന ഏതൊരു രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും മതവിദ്യാര്‍ത്ഥിക്കും മനസ്സിലാക്കാന്‍ കഴിയും വിശ്വമാനവികതയുടെ മഹാദ്ദര്‍ശനം ലോകസമൂഹത്തിന് പ്രധാനം ചെയ്ത സത്യവിശ്വാസമാണ് പരിശുദ്ധ ഇസ്‌ലാം. അത് സാമൂഹ്യനീതിയിലും സാമ്പത്തിക നീതിയിലും അധിഷ്ഠിതമായിട്ടുള്ള ഒരു പ്രത്യേക ശാസ്ത്രമാണെന്ന് പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു,

ആഗോള സമൂഹത്തില്‍ അംഗുലീപരിമിതമായിട്ടുള്ള ന്യൂനപക്ഷത്തില്‍ ന്യൂനപക്ഷമായ ഒരു വിഭാഗം സങ്കുചിതമായിട്ടുള്ള സാമ്രാജ്യത്വ താല്പര്യവും പരിരക്ഷയ്ക്കു വേണ്ടി കാലാകാലങ്ങളില്‍ രൂപപ്പെട്ടുവന്നിട്ടുള്ള അധികാര-സാമ്പത്തിക താല്പര്യങ്ങള്‍ക്കു വേണ്ടി രൂപപ്പെട്ടുവന്നിട്ടുള്ള വിധ്വംസക ശക്തികള്‍ പ്രതിനിധീകരിക്കുന്നത് ഇസ്‌ലാമിക പ്രത്യേക ശാസ്ത്രമല്ല, അവര്‍ പ്രചരിപ്പിക്കുന്നതും പ്രാവര്‍ത്തികമാക്കുന്നതും ഇസ്‌ലാമിക വിരുദ്ധ ശാസ്ത്രമാണ്. അത് പ്രഖ്യാപിക്കാനുള്ള കഴിവ് മുസ്‌ലിം സംഘടനകള്‍ക്കുണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും രാഷ്ട്രീയവും സാംസ്‌കാരികവുമായ മതനിരപേക്ഷതയില്‍ അധിഷ്ഠിതമായിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സംസ്‌കൃതി ആര് വിചാരിച്ചാലും തകര്‍ക്കാന്‍ കഴിയില്ലെന്ന് ചരിത്രം നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. സഹനശക്തിയുടെയും സഹിഷ്ണുതയുടെയും ദര്‍ശനമാണ് ഋഷ്യവര്യന്മാരായിട്ടുള്ള ഭാരതീയ സന്യാസിമാര്‍ ലോകത്തിന് നല്‍കിയിട്ടുണ്ട്. ലോകത്തുള്ള സകല വിശ്വാസങ്ങളെയും ചിന്താധാരകളെയും അനുഷ്ഠാനങ്ങളെയും ഉള്‍ക്കൊള്ളാനുള്ള ഒരു മനസ്സ് പ്രകടിപ്പിച്ച സംസ്‌കൃതിയാണ് ഇന്ത്യയ്ക്കുള്ളതെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. കേരള ഹജ് കമ്മിറ്റി ചെയര്‍മാനാകാന്‍ നൂറ് ശതമാനം അര്‍ഹതയുള്ള പണ്ഡിതവ്യക്തിത്വമാണ് തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവിയെന്നും പ്രമുഖ വാഗ്മിയും പാര്‍ലമെന്റ് അംഗവുമായ എന്‍.കെ.പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഹജ് കമ്മിറ്റിയുടെ ചരിത്രം പരിശോധിച്ചാല്‍ സംസ്ഥാനത്ത് ആദ്യമായിട്ടാണ് തെക്കന്‍ കേരളത്തില്‍ നിന്നും ഒരാള്‍ ഹജ് കമ്മിറ്റിയുടെ ചെയര്‍മാനായി അവരോധിതനാകുന്ന്, ഇതൊരു ചരിത്രപരമായ സ്ഥാനം കൈവരിക്കാനും മൗലവിക്ക് കഴിഞ്ഞു എന്നത് പ്രത്യേകതയാണ്.

maithri, bahrain

കേരളത്തില്‍ നിന്നും ഹജിന് പോകുന്നവര്‍ക്ക് ഹജ് കര്‍മ്മം യഥാവിധി നടത്തുന്നതിന് എല്ലാവിധ ആശ്വാസവും ഒത്താശയും സഹായവും നേതൃപരമായ പങ്കാളിത്തവും നല്‍കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ചുമതലയാണ് മുഹമ്മദ്കുഞ്ഞ് മൗലവിയില്‍ അര്‍പ്പിതമായിരിക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അതിനുള്ള എല്ലാവിധ ധൈര്യവും ശക്തിയും ചെയര്‍മാന് ദൈവം നല്‍കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

മൈത്രി സാന്ത്വന പദ്ധതികളുടെ ഉദ്ഘാടനം എന്‍.കെ.പ്രേമചന്ദ്രന്‍ എംപി നിര്‍വഹിച്ചു. സയ്യിദ് ഫക്രുദീന്‍ കോയ തങ്ങള്‍, പി.വി.രാധാകൃഷ്ണപിള്ള (പ്രസിഡന്റ്, കേരളീയ സമജാം), പ്രിന്‍സ് നടരാജന്‍ (ചെയര്‍മാന്‍, ഇന്ത്യന്‍ സ്‌കൂള്‍), ഫ്രാന്‍സിസ് കൈതാരം, ഷാജി കാര്‍ത്തികേയന്‍ (എസ്.എന്‍.സി.എസ്.) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കെഎംസിസി, സമസ്ത കേരള സുന്നിജമാഅത്ത്, ഐസിഎഫ്, ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍, കെഎന്‍എം, അല്‍ അന്‍സാര്‍, ഇന്ത്യന്‍ ഇസ്‌ലാമഹി സെന്റര്‍, ഡിസ്‌കവറി ഓഫ് ഇസ്‌ലാം, മഹല്‍ അസോസിയേഷന്‍ ഓഫ് തൃശൂര്‍ (മാറ്റ്) എന്നിവയെ പ്രതിനിധീകരിച്ച് എസ്.വി.ജലീല്‍, സയ്യിദ് ഫക്രുദീന്‍ കോയാ തങ്ങള്‍, എം.സി.കരീം, ജമാല്‍ നദ്‌വി, അബ്ദുല്‍ അസീസ്, അബ്ദുല്‍ മജീദ്, കരുനാഗപ്പള്ളി തൊടിയൂര്‍ നിവാസികള്‍ക്ക് വേണ്ടി അബ്ദുല്‍ വഹാബ്, അബ്ദുല്‍ ബാരി എന്നിവരുടെ നേതൃത്വത്തില്‍ പൗരസ്വീകരണം നല്‍കി. രാജു കല്ലുംപുറം (ഒ.ഐ.സി.സി. ഗ്ലോബല്‍ പ്രസിഡന്റ്), റെജി മണ്ണേല്‍ (വോയ്‌സ് ഓഫ് കേരള പ്രോഗ്രാം ഡയറക്ടര്‍) തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു. വിശിഷ്ടാതിഥികള്‍ക്കുള്ള മെമെന്റോ വിതരണം സയ്യിദ് ഫക്രുദീന്‍ കോയ തങ്ങള്‍, ഷംസ് കൊച്ചി, സഈദ് റമദാന്‍ നദ്‌വി എന്നിവര്‍ നിര്‍വഹിച്ചു. ഡോ. അബ്ദുല്‍റഹ്മാന്‍ ഖിര്‍അത്ത് നടത്തി. മൈത്രി സോഷ്യല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി തേവലക്കര ബാദുഷ സ്വാഗതവും, വൈസ് പ്രസിഡന്റ് ഷിബു പത്തനംതിട്ട നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ