മനാമ: ബഹ്‌റൈനില്‍ കവര്‍ച്ചാ പരമ്പരകള്‍ നടത്തിയ മൂന്നു ആഫ്രിക്കന്‍ പൗരന്‍മാര്‍ അറസ്റ്റില്‍. കവര്‍ച്ചാ സംഘത്തിലെ രണ്ടു പേര്‍ വീട്ടുജോലിക്കാരും ഒരാള്‍ ഡ്രൈവറുമാണെന്നു ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ജനറല്‍ ഡയറക്ടര്‍ അറിയിച്ചു. സംഘം ഒരു ലക്ഷം ദിനാറിന്റെ കവര്‍ച്ചകള്‍ നടത്തിയതായാണു വിവരം.

ബാങ്ക് ഇടപാടുകാരെ പിന്‍തുടര്‍ന്ന് അവരുടെ കാറില്‍ നിന്നാണു സംഘം കവര്‍ച്ചകള്‍ നടത്തിയിരുന്നത്. കാറില്‍ നിന്നു പണം അപഹരിച്ചതായി നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തിലാണു സംഘം വലയിലായത്. സംഘത്തിലെ പ്രധാനി രാജ്യം വിട്ടതായാണു വിവരം. ഇയാളെ പിടികൂടുന്നതിനായി ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.

ബഹ്‌റൈനില്‍ കിന്റര്‍ഗാര്‍ടനുകളെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ഉയര്‍ന്നത് 11 പരാതികള്‍
മനാമ: ബഹ്‌റൈനില്‍ കഴിഞ്ഞ വര്‍ഷം നഴ്‌സറി, കിന്റര്‍ഗാര്‍ടന്‍ എന്നിവയെ കുറിച്ച് 11 പരാതികള്‍ ലഭിച്ചതായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലുള്ള മേല്‍നോട്ട സമതി വെളിപ്പെടുത്തി. രാജ്യത്ത് ലൈസന്‍സുള്ള 57 കിന്റര്‍ഗാര്‍ടനുകളാണു പ്രവര്‍ത്തിക്കുന്നതെന്നു മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. നോര്‍തേണ്‍ ഗവര്‍ണറേറ്റിലാണ് ഇതില്‍ ഏറെയും. ഇവിടെ മാത്രം 23 എണ്ണം പ്രവര്‍ത്തിക്കുന്നു. ക്യാപ്പിറ്റല്‍ ഗവര്‍ണറേറ്റില്‍ 19, സതേണ്‍ ഗവര്‍ണറേറ്റില്‍ 10, മുഹറഖ് ഗവര്‍ണറേറ്റില്‍ അഞ്ച് എങ്ങിനെയാണ് അംഗീകൃത കിന്റര്‍ഗാര്‍ടനുകളുടെ എണ്ണം.

രാജ്യത്തെ നഴ്‌സറികളില്‍ വിദഗ്ധ സംഘം 75 സന്ദര്‍ശനങ്ങള്‍ നടത്തിയെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. കിന്റര്‍ഗാര്‍ടനുകള്‍ നിയമവും വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായാണ് ഇത്തരം സന്ദര്‍ശനങ്ങള്‍ നടത്തുന്നത്. ബന്ധപ്പെട്ട വകുപ്പുകളിലെ വനിതാ വിദഗ്ധര്‍ നഴ്‌സറികളില്‍ കൃത്യമായ പരിശോധനകള്‍ നടത്തുകയും സ്ഥാപനങ്ങളുടെ സാധുത ഉറപ്പു വരുത്തുകയും ചെയ്യുന്നുണ്ടെന്നും മന്ത്രാലയം പറയുന്നു.

നിയമ ലംഘനം നടത്തിയ നിരവധി നഴ്‌സറികള്‍ക്കും കിന്റര്‍ഗാര്‍ടനുകള്‍ക്കും എതിനെ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പരാതികള്‍ ഉയര്‍ന്ന സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചു പൂട്ടുകയും അവരുടെ അനുമതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പു വരുത്താത്തതാണു വീഴ്ചകളില്‍ പ്രാധാനം. പാഠ്യപദ്ധതി, പഠനം എന്നിവയെക്കുറിച്ചും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ