മനാമ: ഖത്തറുമായുള്ള ബന്ധം വേര്‍പെടുത്താനുള്ള ബഹ്‌റൈന്‍, സൗദി അറേബ്യ, യു എ ഇ, ഈജിപ്ത് തുടങ്ങിയ സഹോദര രാഷ്ട്രങ്ങളുടെ തീരുമാനം അനുവാര്യമായിരുന്നുവെന്നു ബഹ്‌റൈന്‍ മന്ത്രിസഭ വിലയിരുത്തി. സുരക്ഷയും സുസ്ഥിരതയും ഉറപ്പു വരുത്തുന്നതില്‍ ഈ രാഷ്ട്രങ്ങളുടെ ജാഗ്രതയാണ് ഈ തീരുമാനത്തിലൂടെ പ്രകടമാവുന്നത്. രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കാനും വിവിധ ഭീഷണികളില്‍ നിന്നു ജനങ്ങളെ രക്ഷിക്കാനും ഈ തിരുമാനങ്ങള്‍ അനിവാര്യമായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് ബഹ്‌റൈന്‍ അയല്‍രാജ്യമായ ഖത്തറുമായി എല്ലാ ബന്ധങ്ങളും വിഛേദിച്ചത് ഭീകരതയെ പിന്തുണക്കുന്നു, ജ്യത്തിന്റെആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു എന്നീ കാരണങ്ങളാണ് ബന്ധം വിഛേദിക്കാനുള്ള കാരണമായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ബിഎന്‍എ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

ദോഹയില്‍ നിന്നു നയതന്ത്ര ഉദ്യോഗസ്ഥരെ ബഹ്‌റൈന്‍ തിരിച്ചു വിളിച്ചു. ഖത്തര്‍ എംബസിയിലെ ജീവനക്കാര്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച് 48 മണിക്കൂറിനുള്ളില്‍ തിരിച്ചുവരാനാണ് ഉത്തരവു നല്‍കിയത്. പ്രസ്തവന പുറത്തു വന്ന് 24 മണിക്കൂറിനുള്ളില്‍ ബഹ്‌റൈന്‍ ഖത്തറുമായുള്ള എല്ലാ ഗതാഗത സംവിധാനങ്ങളും അവസാനിപ്പിക്കുമെന്നും അറിയിച്ചിരുന്നു.

48മണിക്കൂറിനുള്ളില്‍ നയതന്ത്ര ബന്ധവും അവസാനിപ്പിക്കുന്നതിനാല്‍ ഖത്തറിന്റെ എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരും നിശ്ചിത സമയപരിധിക്കുള്ളില്‍ രാജ്യം വിടണമെന്നും അറിയിച്ചിരുന്നു. ബഹ്‌റൈനിലുള്ള ഖത്തര്‍ പൗരന്‍മാര്‍ക്ക് രാജ്യം വിടാന്‍ രണ്ടാഴ്ച സമയമുണ്ട്. കടല്‍, വ്യോമ ഗതാഗതവും നിര്‍ത്തലാക്കി.

മാധ്യമങ്ങള്‍ വഴി പ്രകോപനം സൃഷ്ടിക്കല്‍, ഇറാന്‍ ഗ്രൂപ്പുകളുമായി ബന്ധമുള്ള സായുധ ഭീകരര്‍ക്ക് പിന്തുണയും പണവും നല്‍കല്‍ എന്നിവയാണ് ഖത്തറിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. രാജ്യത്ത് അട്ടിമറി നടത്താനും പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ദേശീയ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് കടുത്ത നടപടിയെന്ന് ബിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. ബഹ്‌റൈന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനും സ്ഥിരതയും സുരക്ഷയും അലങ്കോലപ്പെടുത്താനും ഖത്തര്‍ നിരന്തര ശ്രമമാണ് നടത്തുന്നത്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും ഉടമ്പടികളുടെയും നഗ്‌നമായ ലംഘനമാണ്.

നിയമങ്ങളും മൂല്യങ്ങളും അയല്‍രാജ്യങ്ങള്‍ തമ്മില്‍ പാലിക്കേണ്ട മര്യാദകളും പരിഗണിക്കാതെയുള്ള ഇടപെടലുകളാണ് ഖത്തര്‍ നടത്തുന്നത്. ഇതിനോടുള്ള പ്രതികരണമെന്ന നിലയില്‍ ദോഹയിലെ ബഹ്‌റൈന്റെ നയതന്ത്രകാര്യാലയവും അടക്കുകയാണ്. 24മണിക്കൂറിനുള്ളില്‍ വ്യോമപാതയും അടക്കും. ബഹ്‌റൈന്‍ പൗരന്‍മാര്‍ക്ക് ഖത്തറിലേക്ക് പോകുന്നതിന് വിലക്കുണ്ട്. പൗരന്‍മാര്‍ അവിടെ തങ്ങാനും പാടില്ല. ബഹ്‌റൈനിലേക്ക് ഖത്തര്‍ പൗരന്‍മാരെ പുതിയ സാഹചര്യത്തില്‍ കടക്കാന്‍ അനുവദിക്കാത്തതില്‍ ഖേദമുണ്ട്. ബഹ്‌റൈന്‍ വഴി മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്രയും അനുവദിക്കില്ല. നിലവിലെ സാഹചര്യം മുതലെടുത്ത് ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങളുണ്ടാകാതിരിക്കാന്‍ ബഹ്‌റൈനിലെ ഖത്തര്‍ പൗരന്‍മാര്‍ പെട്ടെന്ന് തിരിച്ചുപോകണം. ഖത്തറിലെ ജനങ്ങളോട് ബഹ്‌റൈനുള്ള സ്‌നേഹവും ബഹുമാനവും അവര്‍ക്ക് ബഹ്‌റൈനോടുള്ള ബന്ധവും പരിഗണിക്കുമ്പോള്‍ തന്നെ, പുതിയ സാഹചര്യത്തില്‍ ഇക്കാര്യം ആവശ്യപ്പെടാതെ നിവൃത്തിയില്ല.

ഖത്തറിന്റെ അപകടകരമായ നടപടികള്‍ ബഹ്‌റൈനുപുറമെ, ഇതര സഹോദര ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഇത് അവഗണിക്കാനോ, അംഗീകരിക്കാനോ സാധിക്കില്ല. ഇത്തരം നീക്കങ്ങളെ കര്‍ശനമായി നേരിടും. ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടി വന്നതില്‍ ബഹ്‌റൈന് ഖേദമുണ്ട്. പുതിയ നടപടിയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ മനസിലാക്കാനുള്ള വിവേകം ഖത്തർ ജനതക്കുണ്ട്. ഭീകരതയോട് ഒരു അനുരഞ്ജനവുമില്ലാത്ത രാജ്യമാണ് ബഹ്‌റൈന്‍ എന്നും പ്രസ്താവനയില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook