റിയാദ്: 29-ാമത്​ അറബ്​ ഉച്ചകോടി ഞായറാഴ്ച സൗദിയുടെ കിഴക്കൻ പ്രവിശ്യാനഗരമായ ദമാമിൽ ചേരും. ഉച്ചകോടിക്ക്​ മുന്നോടിയായി മന്ത്രിതല സമ്മേളനങ്ങൾ റിയാദിൽ തുടങ്ങി. തീവ്രവാദവും ഭീകരവാദവും ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ സൗദി വിദേശകാര്യ മന്ത്രി അഹമ്മദ് അൽ ജുബൈർ ആഹ്വാനം ചെയ്തു.

അറബ് മേഖലയിലെ സമാധാനം തകർക്കാൻ ഇറാൻ നടത്തുന്ന ശ്രമം ഫലപ്രദമായി ചെറുക്കുമെന്ന് അൽ ജുബൈർ പറഞ്ഞു. സൗദിയെ ആക്രമിക്കാൻ ഹൂത്തികൾക്ക് ബാലിസ്റ്റിക് മിസൈൽ നൽകുന്നതിന്റെ പശ്ചാത്തലത്തിൽ കാര്യങ്ങൾ ഗൗരവമായി തന്നെ കാണണമെന്ന് അഭിപ്രായപ്പെട്ടു. വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിൽ ആധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം.

ഇറാന് ശക്തമായ മുന്നറിയിപ്പ് നൽകുന്നതായിരിക്കും ദമാം ഉച്ചകോടിയെന്ന് അറബ്​ ലീഗ്​ സെക്രട്ടറി ജനറൽ അബുൽ ഗൈത്​ പറഞ്ഞു. ഇറാന്റെ ആണവ കരാറിൽ ഭേദഗതികൾ വരുത്തണമെന്ന് ഉച്ചകോടി രാജ്യാന്തര സമൂഹത്തോട് ആവശ്യപ്പെടും.

പലസ്തീൻ പ്രശ്നം ഉച്ചകോടിയിലെ പ്രധാന അജണ്ടയായിരിക്കുമെന്ന് അറബ് ലീഗ് വക്താവ് മഹ്‌മൂദ് അഫീഫി പറഞ്ഞു. ഭീകര വിരുദ്ധ പോരാട്ടം, അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇറാൻ ഇടപെടലുകൾ എന്നിവയും ഉച്ചകോടിയിലെ മുഖ്യവിഷയങ്ങളാകുമെന്ന് മഹ്‌മൂദ് അഫീഫി പറഞ്ഞു. സൗദി അഭ്യർത്ഥനയെത്തുടർന്ന് തുടർന്ന് ഖത്തർ അമീറിനെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം ഖത്തർ ഉപരോധം അജണ്ടയിലില്ല. സിറിയൻ ജനതക്കെതിരായ രാസായുധ പ്രയോഗം, യെമൻ സംഘർഷം എന്നിവ ചർച്ചയിൽ വരുന്ന മറ്റു വിഷയങ്ങളായിരിക്കും.

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, യൂറോപ്യൻ യൂനിയൻ വിദേശ നയ, സുരക്ഷാ ഉന്നത പ്രതിനിധി ഫെഡറിക മൊഗേരിനി, ആഫ്രിക്കൻ യൂനിയൻ കമ്മീഷണർ മൂസ ഫകി, സിറിയയിലേക്കുള്ള യുഎൻ പ്രത്യേക ദൂതൻ സ്റ്റഫാൻ ഡി മിസ്തുറ തുടങ്ങിയ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ