മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ഈസ ടൗണ്‍ ക്യാംപസില്‍ ഈ മാസം നാലു മുതല്‍ ആറുവരെ നടക്കുന്ന തണല്‍ കിഡ്‌നി കെയര്‍ എക്‌സിബിഷനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയവും സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തും മികച്ച പിന്തുണയാണു പരിപാടിക്കു നല്‍കുന്നത്. സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചെയര്‍മാന്‍ ലഫ്. ജന.ഡോ. ഷെയ്ക്ക് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് എക്‌സിബിഷന്‍.

നാലിനു രാവിലെ ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ആരംഭിക്കുന്ന എക്‌സിബിഷന്റെ ഔദ്യോഗിക ഉദ്ഘാടനം വൈകീട്ട് 6.30ന് ഷെയ്ക്ക് മുഹമ്മദ് നിര്‍വഹിക്കും. ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഐഷ മുബാറക് മുഖ്യാതിഥിയായിരിക്കും. എന്‍എച്ച്ആര്‍എ സഇഒ ഡോ. മറിയം അല്‍ ജലാഹ്മ, കോഴിക്കോട് മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. എം.ശ്രീലത, സല്‍മാനിയ മെഡിക്കല്‍ സെന്റര്‍ നെഫ്രോളജി വിഭാഗം മേധാവി ഡോ. അലി അല്‍ അറാദി, ഡോ. ഫിറോസ് അസീസ് (മിംസ് നെഫ്രോളജി) തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രീസ്, ഇന്ത്യന്‍ എംബസ്സി, ഇന്ത്യന്‍ സ്‌കൂള്‍ തുടങ്ങി ബഹ്‌റൈനിലെ മുഴുവന്‍ സംഘടനാ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും.

പത്ത് വ്യത്യസ്ത പവലിയനുകളിലായി തയാറാക്കിയ എക്‌സിബിഷന്‍ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഒരു പോലെ ഗുണകരവും പുതുമ നിറഞ്ഞതുമായിരിക്കും. പവലിയനുകളുടെ അവസാനത്തിലാണ് ബോധവല്‍ക്കരണ ക്ലാസ്സും വൃക്കയുടെ പ്രവര്‍ത്തനം നിര്‍ണയിക്കാനുള്ള ലാബുകളും തയാറാക്കിയിരിക്കുന്നത്. സല്‍മാനിയ മെഡിക്കല്‍ സെന്ററും ബഹ്‌റൈനിലെ മറ്റെല്ലാ സ്വകാര്യ ആശുപത്രികളും ഒരുക്കുന്ന സൗകര്യങ്ങളും തീര്‍ത്തും പ്രയോജനകരമായിരിക്കും.

കിഡ്‌നി തകരാര്‍ മുന്‍കൂട്ടി അറിഞ്ഞാല്‍ ഫലപ്രദമായി ചികിത്സ നടത്തുവാന്‍ കഴിയും. അതിനായി ആളുകളെ പ്രേരിപ്പിച്ച് തങ്ങളുടെ ആരോഗ്യം ഉറപ്പു വരുത്തുക എന്ന സാമൂഹ്യ ബാധ്യതായാണു തണല്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ ഏറ്റെടുത്തിരിക്കുന്നതെന്നു സംഘാടകര്‍ പറഞ്ഞു. ബോധവല്‍ക്കരണ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കു പുറമെ എക്‌സിബിഷനെ സഹായിക്കുവാനും നേതൃത്വം നല്‍കുവാനായി 12 അംഗ ‘തണല്‍’ ഭാരവാഹികളും എത്തുന്നുണ്ട്.

ഇതുവരെയായി നാലായിരത്തോളം പേര്‍ ഓണ്‍ലൈനായും കമ്പനികളില്‍ നിന്നും മറ്റുമായി 5000 പേരും റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. എക്‌സിബിഷന്‍ നടക്കുന്ന ദിവസം നേരിട്ടെത്തിയും റജിസ്റ്റര്‍ ചെയ്യാം. ഏകദേശം ഇരുപതിനായിരം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. റജിസ്‌ട്രേഷനും വോളന്റിയറും എല്ലാം വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് ചെയ്യുന്നത്. നാലിന് 6.30 നു നടക്കുന്ന ഉദ്ഘാടന ചടങ്ങിലും വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ നടക്കുന്ന എക്‌സിബിഷനിലും ശനിയാഴ്ച വൈകീട്ട് 6.30 നു നടക്കുന്ന സമാപന ചടങ്ങിലും എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

thanal, bahrain

തണല്‍ കിഡ്‌നി കെയര്‍ എക്‌സിബിഷന്‍ സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍

ബഹ്‌റൈനിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഗതാഗത സൗകര്യവും ഏര്‍പ്പാടാക്കി. ഗതാഗതം: എ.സി.എ.ബക്കറിനെ 3959 3703. വിവരങ്ങള്‍ക്ക്: റഫീക്ക് അബ്ദുല്ല (38384504), മുജീബ് റഹ്മാന്‍ (33433530), യു കെ ബാലന്‍ (39798122 ), ഷബീര്‍ (39802166).

വാര്‍ത്താ സമ്മേളനത്തില്‍ റസാഖ് മൂഴിക്കല്‍ (ചെയര്‍മാന്‍), റഷീദ് മാഹി (ജ.സെക്രട്ടറി), റഫീഖ് അബ്ദുല്ല (ജ. കണ്‍വീനര്‍), യു.കെ. ബാലന്‍ (ട്രഷറര്‍), നാസര്‍ (തണല്‍ വടകര), ലത്തീഫ് ആയഞ്ചേരി (പബ്ലിസിറ്റി കണ്‍വീനര്‍), ജാഫര്‍ മൈദാനി (ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍), ജോര്‍ജ് മാത്യു (ചോയ്‌സ് അഡ്വര്‍ടൈസിംഗ്), എം ഷബീര്‍ (പവലിയന്‍ ),ഇബ്രാഹിം പുറക്കാട്ടിരി ( ഹോസ്പിറ്റാലിറ്റി), എ.പി.ഫൈസല്‍ (മീഡിയ), ഫൈസല്‍ പാട്ടാണ്ടി ( ഫുഡ് കമ്മിറ്റി) എന്നിവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ