മനാമ: ലോക കിഡ്‌നി ദിനാചരണത്തിന്റെ ഭാഗമായി തണല്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ കിഡ്‌നി കെയര്‍ എക്‌സിബിഷനും ബോധവല്‍ക്കരണവും നടത്തും. ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മുഖ്യ രക്ഷാകര്‍തൃത്വത്തില്‍ ഇന്ത്യന്‍ സ്‌കൂളിന്റെ സഹകരണത്തോടെയാണ് പരിപാടി. മെയ് 4, 5, 6 എന്നീ തീയതികളിലായി ഇന്ത്യന്‍ സ്‌കൂള്‍ ഈസ ടൗണ്‍ ക്യാംപസിലാണു പരിപാടി നടക്കുകയെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിലെ എട്ടു വ്യത്യസ്ത കേന്ദ്രങ്ങളിലായി വിജയകരമായി നടത്തിയതിന്റെ വിജയത്തില്‍ നിന്നുള്ള ഊര്‍ജ്ജവും ബഹ്‌റൈന്‍ പ്രവാസികള്‍ക്കും ഇത്തരം ഒരു സേവനം ആവശ്യമാണെന്ന തിരിച്ചറിവുമാണ് ബഹ്‌റൈനില്‍ എക്‌സിബിഷന്‍ നടത്താന്‍ പ്രചോദനമായത്. പത്തു പവലിയനുകളാണ് എക്‌സിബിഷനില്‍ ഉണ്ടാവുക. ഉപകാരപ്രദമായ നിരവധി പ്രദര്‍ശനങ്ങളും അതിനു സഹായിക്കുന്ന വിഡിയോ പ്രദര്‍ശനവും ഒരുക്കും. നാട്ടില്‍ നിന്നുമെത്തുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ ക്ലാസ്സുകളും ഉണ്ടായിരിക്കും. ആദ്യ ദിവസത്തെ എക്‌സിബിഷന്‍ സ്‌കൂള്‍ കുട്ടികള്‍ക്കു മാത്രമായിരിക്കും. മൂന്നു ദിവസത്തിനുള്ളില്‍ 60,000 പേരെ സ്‌ക്രീന്‍ ചെയ്യാനുള്ള സൗകര്യവും തയാറെടുപ്പും നടത്തും. എല്ലാ വിഭാഗക്കാര്‍ക്കുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിയില്‍ കണ്ടെത്തുന്ന വൃക്ക രോഗികള്‍ക്ക് ആവും വിധം കേരളത്തില്‍ തുടര്‍ ചികില്‍സ നല്‍കുമെന്ന് തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രീസ് പറഞ്ഞു. അടിയന്തിരമായി തുടര്‍ചികിത്സ ആവശ്യമായേക്കാവുന്ന അവസ്ഥയിലുള്ള ആരെയെങ്കിലും തിരിച്ചറിഞ്ഞാല്‍ അവരെ തണല്‍ ഏറ്റെടുക്കുകയും തുടര്‍ചികിത്സയും സഹായങ്ങളും നല്‍കുന്നതുമായിരിക്കും. 450 പേര്‍ക്കു സൗജന്യ ഡയാലിസിസ് ചെയ്യാനുള്ള സംവിധാനവും ചികില്‍സ നല്‍കാനുള്ള അടിസ്ഥാന സൗകര്യങ്ങളും ഉണ്ടെന്ന ബലത്തിലാണ് ബഹ്‌റൈനില്‍ പരിശോധന സംഘടിപ്പിക്കുന്നത്. രോഗം അവസാന സ്‌റ്റേജിലെത്തുന്നതിനു മുമ്പു കണ്ടെത്തിയാല്‍ ചികില്‍സയിലൂടെ സാധാരണ നിലയിലേക്കു കൊണ്ടുവരാന്‍ കഴിയും.

വൃക്ക സംബന്ധമായ രോഗങ്ങള്‍ വലിയ ഭീഷണിയായി വര്‍ധിക്കുകയാണ്. എന്തുകൊണ്ട് ചില മേഖലകളില്‍ വൃക്ക രോഗം വര്‍ധിക്കുന്നതെന്ന് സര്‍ക്കാര്‍ അടിയന്തിരമായി പഠന വിഷയമാക്കേണ്ടതാണ്. ഒരു തരത്തിലുമുള്ള രോഗലക്ഷണങ്ങളും കാണിക്കാതെയാണു വൃക്ക രോഗം ബാധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പലപ്പോഴും ചികില്‍സിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ മാത്രമാണ് എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുക. എന്നാല്‍ ലളിതമായ ചില ടെസ്റ്റുകളിലൂടെ രോഗം വരാനുള്ള സാധ്യത തിരിച്ചറിയുകയും പ്രധിരോധിക്കാന്‍ സഹായിക്കുകയും ചെയ്യും. അതാണ് ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന മെഡിക്കല്‍ ബോധവല്‍ക്കരണ എക്‌സിബിഷന്‍ കൊണ്ടു ലക്ഷ്യമിടുന്നത്.

നാട്ടില്‍ നിന്ന് എത്തുന്ന പ്രശസ്തരായ കിഡ്‌നി രോഗ വിദഗ്ധര്‍ മൂന്നു ദിവസങ്ങളിലായി ബോധവല്‍ക്കരണത്തിനും പരിശോധനക്കുമായി നേതൃത്വം നല്‍കും. പ്രവാസികള്‍ക്ക് അവരുടെ സംശയങ്ങള്‍ ദൂരീകരിക്കാനും വിശദമായ പരിശോധനകള്‍ക്കും സഹായം ലഭിക്കും. പല അസുഖങ്ങളെയും പോലെ വൃക്കരോഗവും കുട്ടികളിലും കണ്ടുവരുന്നു. വളരെ ലളിതമായ ഒരു മൂത്ര പരിശോധനയിലൂടെ അതിനുള്ള സാധ്യത കണ്ടെത്താനും കുട്ടികളെ രക്ഷിക്കുവാനും കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിപാടിയുടെ വിജയത്തിനായി 301അംഗങ്ങളുള്ള പ്രവര്‍ത്തക കമ്മറ്റിക്ക് രൂപം നല്‍കി. മുഖ്യ രക്ഷാധികാരിയായി സോമന്‍ ബേബിയും ചെയര്‍മാനായി റസാക്ക് മൂഴിക്കലിനെയും, ചീഫ് കോ ഓഡിനേറ്ററായി ആര്‍ പവിത്രനെയും ജനറല്‍ കണ്‍വീനറായി റഫീക്ക് അബ്ദുള്ളയെയും പ്രോഗ്രാം കണ്‍വീനറായി റഷീദ് മാഹിയെയും ട്രഷറര്‍ ആയി യു കെ ബാലനെയും തിരഞ്ഞെടുത്തു. വാര്‍ത്താ സമ്മേളനത്തില്‍ ജെയ്ഫര്‍ മയ്ദാനി, റസാഖ് മൂഴിക്കല്‍, റഷീദ് മാഹി, യു.കെ.ബാലന്‍, ആര്‍.പവിത്രന്‍, അബ്ദുല്‍ മജീദ് തെരുവത്ത്, റഫീഖ് അബ്ദുല്ല, എ.പിഫൈസല്‍, വൈസ് ചെയര്‍മാന്‍ ഉസ്മാന്‍ ടിപ്പ് ടോപ് എന്നിവരും പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 39605707, 38384504, 39875579, 39798122.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ