മനാമ: പ്രവാസി മലയാളികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ച് ബഹ്‌റൈന്‍ ചാപ്റ്റര്‍ ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച കിഡ്‌നി കെയര്‍ എക്‌സിബിഷന് സമാപനം. പരിപാടിയിലേക്ക് വൃക്കയെക്കുറിച്ചറിയാന്‍ മലയാളികള്‍ ഒഴുകിയെത്തി. ഇവരുടെ സംശയങ്ങള്‍ ദുരീകരിക്കാന്‍ വിശ്രമമില്ലാതെ വിദഗ്ധ ഡോക്ടര്‍മാരും മെഡിക്കല്‍ സംഘവും സദാ സന്നദ്ധരായി. വൃക്ക തന്നെ സ്വയം സംസാരിക്കുന്ന തരത്തില്‍ ഒരുക്കിയ എക്‌സിബിഷനിലൂടെ നൂതനമായ അറിവുകളാണ് പ്രവാസികള്‍ക്കു ലഭിച്ചത്. ഇന്ത്യന്‍ സ്‌കൂള്‍ ഇസാ ടൗണ്‍ ക്യാംപസിലെ ജഷന്‍ മാള്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ പ്രദര്‍ശനം കാണാന്‍ പ്രവാസികള്‍ കുടുംബ സമേതമാണ് എത്തിയത്.

വൃക്കയുടെ ഓരോ പ്രവര്‍ത്തനങ്ങളും വൃക്ക നേരിടുന്ന വെല്ലുവിളികളും ശരീരത്തിന്റെ പ്രവര്‍ത്തനത്തില്‍ വൃക്ക വഹിക്കുന്ന പങ്കും വിശദമാക്കാന്‍ വോളന്റിയര്‍മാരും സജ്ജമായിരുന്നു. കേരളത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വന്‍ ജനാവലിയെ ആകര്‍ഷിച്ച പ്രദര്‍ശനം അതേ രീതിയിലാണു ബഹ്‌റൈനിലും ക്രമീകരിച്ചത്. വൃക്ക സംബന്ധമായ അസുഖം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍, രോഗം തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍, രോഗം വന്നാല്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍, ചികിത്സ രീതികള്‍ തുടങ്ങിയ കാര്യങ്ങളാണ്? പ്രവാസികള്‍ സംശയങ്ങളായി ഉന്നയിച്ചത്. കിഡ്‌നിയുടെ പ്രവര്‍ത്തനം വിശദീകരിക്കുന്നത് മുതല്‍ ഡയാലിസിസിന്റെയും കിഡ്‌നി മാറ്റിവെക്കുന്നതിന്റെയും വരെ കാര്യങ്ങള്‍ വ്യക്തമാക്കുന്ന രീതിയിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.

thanal, bahrain

വൃക്ക സ്വയം സംസാരിക്കുന്ന വിഡിയോ പ്രസന്റേഷന്‍ കണ്ടശേഷം സന്ദര്‍ശകരെ ബോധവല്‍ക്കരണത്തിനായി സജ്ജീകരിച്ച ഹാളില്‍ പ്രവേശിപ്പിച്ചു. അവിടെ കോഴിക്കോട് മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. എം.ശ്രീലത സദസ്സുമായി സംവദിച്ചു. രാവിലെ മുതല്‍ ആരംഭിച്ച ക്ലാസില്‍ നിരവധി ബാച്ചുമായാണ് ഡോക്ടര്‍ സംസാരിച്ചത്. വിശ്രമം പോലുമില്ലാതെയായിരുന്നു ഡോ. ശ്രീലതയും നെഫ്രോളജിസ്റ്റ് കണ്‍സള്‍ട്ടന്റ് ഡോ. ഫിറോസും കാലത്തു മുതല്‍ വൈകീട്ടുവരെ ജനങ്ങളുമായി സംസാരിച്ചത്. പത്ത് വ്യത്യസ്ത പവലിയനുകളിലായി തയാറാക്കിയ എക്‌സിബിഷന്‍ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഒരു പോലെ ഗുണകരമായി. പവലിയനുകളുടെ അവസാനത്തിലാണ് ബോധവല്‍ക്കരണ ക്ലാസ്സും വൃക്കയുടെ പ്രവര്‍ത്തനം നിര്‍ണയിക്കാനുള്ള ലാബുകളും തയാറാക്കിയിരിക്കുന്നത്.

ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം, സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് എന്നിവയുടെ പിന്‍തുണയോടെയാണ് പ്രദര്‍ശനം നടക്കുന്നത്. സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചെയര്‍മാന്‍ ലഫ്. ജന.ഡോ. ഷെയ്ക്ക് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയാണു രക്ഷാകര്‍തൃത്വം വഹിച്ചത്. സല്‍മാനിയ മെഡിക്കല്‍ സെന്ററും ബഹ്‌റൈനിലെ മറ്റെല്ലാ സ്വകാര്യ ആശുപത്രികളും പരിപാടിയുമായി സഹകരിച്ചു.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചെയര്‍മാന്‍ ലഫ്. ജനറല്‍ ഡോ.ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അയിശ മുബാറക് ബുഉനുഖ് മുഖ്യാതിഥിയായിരുന്നു. ഡോ. എം. ശ്രീലത, ഡോ. ഫിറോസ് അസീസ്, ‘തണല്‍’ ചെയര്‍മാന്‍ ഡോ. ഇദ്‌രിസ് എന്നിവരാണ് എക്‌സിബിഷന് നേതൃത്വം നല്‍കിയത്.

ചെയര്‍മാന്‍ റസാഖ് മൂഴിക്കല്‍, ജ.സെക്രട്ടറി റഷീദ് മാഹി, ജന. കണ്‍വീനര്‍ റഫീഖ് അബ്ദുല്ല, ട്രഷറര്‍ യു കെ ബാലന്‍, ലത്തീഫ് ആയഞ്ചേരി , ജാഫര്‍ മൈദാനി, എം ഷബീര്‍,ഇബ്രാഹിം പുറക്കാട്ടിരി, എ പി ഫൈസല്‍, ഫൈസല്‍ പാട്ടാണ്ടി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ