മനാമ: നിരവധി അക്രമങ്ങളില്‍ പങ്കുള്ളതായി സംശയിക്കുന്ന 54 അംഗ ഭീകര സംഘത്തെ ബഹ്‌റൈനില്‍ കണ്ടെത്തി. സംഘത്തില്‍പെട്ട 12 പേര്‍ ഇറാനിലും ഇറാഖിലും ഒരാള്‍ ജര്‍മനിയിലുമാണെന്ന് ടെറര്‍ ക്രൈം പ്രോസിക്യൂഷന്‍ മേധാവി അഡ്വക്കറ്റ് ജനറല്‍ അഹ്മദ് അല്‍ഹമാദി അറിയിച്ചു. ജനുവരിയില്‍ ജയില്‍ ചാടിയ 10 ഭീകരര്‍ അടക്കം 41 പേര്‍ ബഹ്‌റൈനിലാണ്. ഇതില്‍ 25 ഭീകരരെ അറസ്റ്റ് ചെയ്തു. ഏഴു കൈതോക്കുകളും നാലു കലാഷ്‌നിക്കോവ് തോക്കുകളും 292 വെടിയുണ്ടകളും 19 ബോംബുകളും 19 ഡിറ്റനേറ്ററുകളും ഒരു ഡ്രോണും കാറുകളും ബോട്ടുകളും ഭീകരരുടെ പക്കല്‍നിന്ന് കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.

ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘ നേതാവാണ് മറ്റു രാജ്യങ്ങളിലേക്കുള്ള ഭീകരരുടെ നീക്കത്തിന് ഏകോപനം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അന്വേഷണം തുടരുകയാണ്. ബഹ്‌റൈനില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനു മുന്നോടിയായി റെവല്യൂഷനറി ഗാര്‍ഡ് ക്യാംപുകളില്‍ ആയുധ, ബോംബ് പരിശീലനം നടത്തുന്നതിന് ഏതാനും അംഗങ്ങളെ ഇറാനിലേക്കും ഇറാഖിലേക്കും അയക്കുന്നതിന് ക്രമീകരണങ്ങള്‍ ചെയ്തത് ജര്‍മനിയിലുള്ള ഭീകരനാണ്. ബഹ്‌റൈനില്‍ ദേശീയ ഐക്യവും ദേശസുരക്ഷയും ക്രമസമാധാനനിലയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ പദ്ധതികള്‍ക്ക് സംഘത്തിന്റെ നേതാക്കളും അംഗങ്ങളും രൂപംനല്‍കി. മുഴുവന്‍ സംഘാംഗങ്ങളും മൂന്നു മാസത്തിനിടെ ആറു ഭീകരാക്രമണങ്ങളില്‍ പങ്കുവഹിച്ചു. ഇതില്‍ പ്രധാനം ജോ ജയിലിനു നേരെയുണ്ടായ ആക്രമണമാണ്. ജയിലില്‍ നിന്ന് പത്തു ഭീകരരെ രക്ഷപ്പെടുത്തിയ സംഘത്തിന്റെ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു.

ബിലാദ് അല്‍ഖദീമില്‍ ജനുവരി 28 ന് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതും ഇതേ സംഘമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘത്തിലെ ഏതാനും അംഗങ്ങള്‍ ഇറാഖിലെയും ഇറാനിലെയും റെവല്യൂഷനറി ഗാര്‍ഡ് ക്യാംപുകളില്‍ ആയുധ, ബോംബ് പരിശീലനം നേടിയതായി കണ്ടെത്തിയിട്ടുണ്ട്. ഇറാഖിലും ഇറാനിലും ജര്‍മനിയിലുമുള്ള സംഘ നേതാക്കളാണ് ബഹ്‌റൈനില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനുള്ള പദ്ധതികള്‍ തയാറാക്കുകയും ഇതിനാവശ്യമായ ആയുധങ്ങളും പണവും ലഭ്യമാക്കുകയും ചെയ്തതെന്നും അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു.

ഭീകര സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കല്‍, ബോംബ്, തോക്ക് ഉപയോഗത്തില്‍ പരിശീലനം നേടല്‍, രണ്ടു പൊലീസുകാരെ കൊലപ്പെടുത്തല്‍, പൊലീസുകാര്‍ക്ക് നേരെയുള്ള വധശ്രമം, ബോംബുകളും തോക്കുകളും വിദേശത്തുനിന്ന് കടത്തി കൈവശം വെക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പിടിച്ചുപറി, സുരക്ഷാ സൈനികരെ ചെറുക്കല്‍, ജയില്‍ ചാടല്‍, ഭീകരര്‍ക്ക് ജയില്‍ ചാടുന്നതിനും ഒളിച്ചുകഴിയുന്നതിനും സഹായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കല്‍ എന്നിവ അടക്കം 16 കുറ്റങ്ങളാണ് ഇതിനകം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ഭീകരര്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ ചുമത്തിയത്. നാലു പ്രതികള്‍ കുറ്റം നിഷേധിച്ചു. മറ്റു പ്രതികള്‍ കുറ്റസമ്മതം നടത്തിയതായും അഹ്മദ് അല്‍ഹമാദി പറഞ്ഞു. ജനുവരി ഒന്നിന് ജോ ജയിലില്‍ നിന്ന് 10 ഭീകരര്‍ രക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് കുറ്റാന്വേഷണ, ഫോറന്‍സിക് സയന്‍സ് വിഭാഗത്തില്‍ നിന്ന് പബ്ലിക് പ്രോസിക്യൂഷന് ലഭിച്ചതായി അഹ്മദ് അല്‍ഹമാദി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ