റിയാദ്: ഭീകര സംഘടനയായ ഇസ്‌ലാമി സ്റ്റേറ്റ് തങ്ങളുടെ പ്രചാരണത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ ഉപയോഗിച്ചിരുന്ന 3,60,000 അക്കൗണ്ടുകൾ കണ്ടെത്തി പൂട്ടിച്ചതായി ട്വീറ്റ്സൊ ഉപജ്ഞാതാവ് അബ്ദുൽ റഹ്‌മാൻ സൈദ് അൽ ശഹ്‌രിയെ ഉദ്ധരിച്ചുകൊണ്ട് അറബിക് ദിനപത്രമായ അൽ മദീന റിപ്പോർട്ട് ചെയ്തു. പ്രതിദിനം 1,30,000 മെസേജുകളാണ് ഇസ്‌ലാമിക് സ്റ്റേറ്റിന്റേതായി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. എന്നാൽ ഇത് 75 ശതമാനത്തിലധികം കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അൽ ശഹ്‌രി പറഞ്ഞു.

സൗദികൾ കൂടുതൽ പേർ ഉപയോഗിക്കുന്ന ട്വിറ്റർ പോലുള്ള മാധ്യമങ്ങളിലൂടെയാണ് പ്രചാരണങ്ങൾ അഴിച്ചുവിട്ടിരുന്നത്. ഏജൻസികളുടെ നിതാന്തജാഗ്രതയും ട്വീറ്റ്സൊ പോലുള്ള സംഘങ്ങളുടെ ബോധവത്ക്കരണപരിപാടികളും കുപ്രചരണങ്ങൾക്ക് ഒരു പരിധിവരെ തടയിടാനായിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾക്ക് പത്ത് കൊല്ലം തടവും 50 ലക്ഷം റിയാൽ പിഴയും വരെ രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ പ്രകാരം ലഭിക്കും. സൗദിയിലെ സർക്കാർ വെബ്‌സൈറ്റുകളാണ് കൂടുതൽ ഹാക്കർമാരും ലക്ഷ്യം വെയ്ക്കുന്നതെന്നും അൽ ശഹ്‌രി കൂട്ടിചേർത്തു.

സൈബർ സുരക്ഷയ്ക്കായുള്ള ബോധവത്കരണം ലക്ഷ്യമാക്കി തുടങ്ങിയ ട്വീറ്റ്സൊയുടെ പ്രവർത്തങ്ങൾ ഏറെ ഗുണം ചെയ്തിട്ടുണ്ടെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ