മനാമ: നിരവധി പൊലീസുകാര്‍ക്ക് പരുക്കേറ്റ ഖുറയ്യാ ഭീകരാക്രമണ കേസില്‍ മൂന്ന് പേര്‍ക്ക് ബഹ്‌റൈന്‍ ഹൈ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. കേസില്‍ മറ്റു 14 പേര്‍ക്കെതിരെയും കോടതി ശിക്ഷ വിധിച്ചു. ഇതില്‍ നാലുപേരെ ജീവപര്യന്തം തടവിനും എട്ടുപേരെ 15 വര്‍ഷം തടവിനും രണ്ടുപേരെ 10 വര്‍ഷവും തടവിനും ശിക്ഷിച്ചു.

2014ല്‍ നോര്‍തേണ്‍ ഗവര്‍ണറേറ്റിലെ ഖുറയ്യാ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം. പൊലീസിനെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം. പ്രതികള്‍ ഭീകര ഗ്രൂപ്പിന് രൂപം നല്‍കുകയും സ്‌ഫോടക വസ്തുക്കളും നാടന്‍ ബോംബുകളും നിര്‍മിച്ച് നോര്‍തേണ്‍ ഗവര്‍ണറേറ്റില്‍ പൊലീസിനെതിരെ ആക്രമണങ്ങള്‍ നടത്തുകയും ചെയ്തു എന്നാണ് കേസ്. ബോംബാക്രമണത്തില്‍ നിരവധി സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് കേസില്‍ ഉള്‍പ്പെട്ട നിരവധി പേരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ ഒളിപ്പിച്ച ആയുധങ്ങളും പടക്കോപ്പുകളും പിടികൂടിയിരുന്നു.

സ്‌ഫോടനങ്ങളും ആക്രമണങ്ങളും നടത്തി അക്രമിസംഘം ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്താനും ശ്രമിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സുരക്ഷാജോലികളില്‍ വ്യാപൃതരായ ഉദ്യോഗസ്ഥരെ കൃത്യനിര്‍വഹണത്തില്‍ നിന്ന് തടയാന്‍ നിരന്തരം ശ്രമിച്ചു. കേസിലെ മൂന്നാം പ്രതിയാണ് ഭീകരസംഘത്തിന് നേതൃത്വം നല്‍കിയതെന്നും കുറ്റ പത്രം പറഞ്ഞു. ഇയാള്‍ക്ക് ഒന്നും രണ്ടും പ്രതികളില്‍ നിന്ന് എല്ലാ പിന്തുണയും ലഭിച്ചു. ഇവര്‍ രാജ്യത്തിന് പുറത്തായിരുന്നു.

ഭീകരാക്രമണത്തില്‍ ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും സൂക്ഷിച്ച സ്ഥലവും മൂന്നാമത്തെ പ്രതി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. കേസിലെ 14-ാം പ്രതിയുടെ വീട്ടില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. 13-ാം പ്രതിയും ആയുധങ്ങള്‍ സൂക്ഷിച്ച സ്ഥലം വെളിപ്പെടുത്തിയിരുന്നു. 15-ാം പ്രതി നല്‍കിയ വിവരം അനുസരിച്ചാണ് കലാഷ്‌നിക്കോവ് തോക്കും പടക്കോപ്പും കണ്ടെടുത്തത്. സാക്ഷിമൊഴികളും തെളിവുകളും ഫോറന്‍സിക് റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രതിഭാഗം അഭിഭാഷകന്റെ വാദവും കേട്ടശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.

കഴിഞ്ഞ ജനുവരിയില്‍ ദെയ് ബോംബ് സ്‌ഫോടനത്തിലെ മൂന്നു പ്രതികളെ ബഹ്‌റൈന്‍ വധ ശിക്ഷക്കു വിധേയമാക്കിയിരുന്നു. ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഈ മാസം ആദ്യത്തില്‍ തീവ്രാദ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്ന സാധാരണക്കാരെയും സൈനിക കോടതി വിചാരണക്കു വിധേയമാക്കാാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ