മനാമ: ബഹ്‌റൈനില്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 16 പേര്‍ക്കു നാലാം ഹൈ ക്രിമിനല്‍ കോടതി തടവു ശിക്ഷ വിധിച്ചതായി ഭീകര കുറ്റകൃത്യ പ്രോസിക്യൂഷന്‍ ചീഫ് പ്രോസിക്യൂട്ടര്‍ ഇസാ അല്‍ റുവൈ അറിയിച്ചു. അഞ്ചു പേര്‍ക്കു ജീവ പര്യന്തവും മൂന്നു പേര്‍ക്ക് 10 വര്‍ഷവും അഞ്ചു പേര്‍ക്ക് മൂന്നു വര്‍ഷവും മൂന്നു പേര്‍ക്കു രണ്ടുവര്‍ഷവും ആണു ശിക്ഷ വിധിച്ചത്. ഇതില്‍ എട്ടു പ്രതികളുടെ പൗരത്വം റദ്ദാക്കി.

ഭീകര സംഘം ഉണ്ടാക്കുകയും അതില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു എന്ന കുറ്റമാണു പ്രതികളില്‍ ചുമത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിക്കുക, ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിക്കാന്‍ പരിശീലനം നേടുക, ബോംബുകളും ആയുധങ്ങളും ഭീകര പ്രവര്‍ത്തനത്തിനായി സൂക്ഷിക്കുക, കുറ്റവാളികളെ ഒളിപ്പിക്കുകയും കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അധികൃതരില്‍ നിന്നു മറച്ചു വയ്ക്കുക തുടങ്ങിയ കുറ്റങ്ങളും പ്രതികളുടെ മേല്‍ ചുമത്തി.

പ്രതികള്‍ രാജ്യത്ത് ഭീകര സംഘം രൂപീകരിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കാന്‍ ആസൂത്രണം നടത്തുകയും ചെയ്തതായി കണ്ടെത്തിയെന്നു ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ (സിഐഡി) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പറയുന്നു. ഇതിന്റെ ഭാഗമായി 2016 മെയ് 22 നു സിത്രയില്‍ സുരക്ഷാ ഉദ്യോഗസ്ഥനു നേരെ സംഘം ആക്രമണം നടത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ 11 പ്രതികളെ തിരിച്ചറിയുകയും പബ്ലിക് പ്രോസിക്യൂഷന്‍ പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തില്‍ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പബ്ലിക് പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ വിചാരണ ചെയ്താണു ശിക്ഷ വിധിച്ചത്. പ്രതികള്‍ക്കു വിചാരണയുടെ ഓരോ ഘട്ടത്തിലും നിയമപരമായ എല്ലാ അവകാശങ്ങളും ലഭ്യമാക്കിയിരുന്നതായി ചീഫ് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ