അബുദാബി: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കി പത്ത് എമിറാത്തി വനിതകള്‍. എമിറാത്തി വനിതാ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ദൗത്യം. മജാലിസ് അബുദാബിയാണ് ഈ സാഹസിക യാത്ര സംഘടിപ്പിച്ചത്.
ആറ് ദിവസത്തെ വെല്ലുവിളി നിറഞ്ഞ യാത്രയ്ക്കു ശേഷം കൊടുമുടിയുടെ മുകളില്‍ എത്തിയ സ്ത്രീകള്‍ യു എ ഇ പതാക പ്രദര്‍ശിപ്പിച്ചു.
എമിറാത്തി സ്ത്രീകളുടെ ഇച്ഛാശക്തിയുടെയും വെല്ലുവിളികളെ തരണം ചെയ്യാനുള്ള കഴിവിന്റെയും തെളിവാണ് ഈ യാത്ര വിലയിരുത്തപ്പെടുന്നത്. ടീം വര്‍ക്ക്, നിശ്ചയദാര്‍ഢ്യം, ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള നിര്‍ഭയത്വം തുടങ്ങിയ പോസിറ്റീവ് മൂല്യങ്ങള്‍ സ്ത്രീകള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടായിരുന്നു യാത്ര.
വടക്കുകിഴക്കന്‍ ടാന്‍സാനിയയില്‍ സ്ഥിതി ചെയ്യുന്ന കിളിമഞ്ചാരോ പര്‍വതം സമുദ്രനിരപ്പില്‍ നിന്ന് 5,895 മീറ്റര്‍ ഉയരത്തിലാണു സ്ഥിതി ചെയ്യുന്നത്. ഉഹ്റു കൊടുമുടിയാണ് ഏറ്റവും ഉയര്‍ന്ന പ്രദേശം. ‘തിളങ്ങുന്ന മലനിര’ എന്നാണ് സ്വാഹിളി ഭാഷയില്‍ കിളിമഞ്ചാരോ എന്ന വാക്കിന്റെ അര്‍ത്ഥം.
എമിറാത്തി വനിതകള്‍ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ടെന്നും പ്രാദേശികമായും അന്തര്‍ദേശീയമായും അവരെ യഥാര്‍ത്ഥ മാതൃകകളാക്കി മാറ്റുന്ന ശ്രദ്ധേയമായ നാഴികക്കല്ലുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ആരോഗ്യ-പ്രതിരോധ മന്ത്രിയും ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ കാര്യ സഹമന്ത്രിയുമായ അബ്ദുള്‍ റഹ്മാന് ബിന്‍ മുഹമ്മദ് ബിന്‍ നാസര്‍ അല്‍ ഒവൈസ് എമിറാത്തി വനിതാ ദിനത്തിന്റെ ഭാഗമായി പറഞ്ഞു. ഇന്നലെയായിരുന്നു എമിറാത്തി വനിതാ ദിനം.
‘എല്ലാ മേഖലകളിലും, പ്രത്യേകിച്ച് പാര്‍ലമെന്ററി മേഖലയില്‍, യുഎഇയുടെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അവര്‍ മികവ് പുലര്‍ത്തുകയും ഫലപ്രദമായ പങ്കാളിയായി മാറുകയും ചെയ്തു. എല്ലാ മേഖലകളിലും സ്ത്രീകളെ ശാക്തീകരിക്കുന്നതിന്, രാജ്യത്തിന്റെ വിഭവങ്ങള്‍ വിനിയോഗിക്കുന്നതിനുള്ള ജ്ഞാനപൂര്‍വകമായ നേതൃത്വത്തിന്റെ പരിധിയില്ലാത്ത പിന്തുണയും അതിന്റെ താല്‍പ്പര്യവും ഇല്ലാതെ അവരുടെ നേട്ടങ്ങള്‍ സാധ്യമാകുമായിരുന്നില്ല,” അദ്ദേഹം പറഞ്ഞു.