മനാമ: ബഹ്‌റൈനില്‍ പ്രവാസികള്‍ക്കും സ്വകാര്യ മേഖലക്കും മലിനജല നികുതി (സീവേജ് ടാക്‌സ്) ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നിര്‍ദേശം പാര്‍ലമെന്റ് തള്ളി. ഇതിന് പകരം പുതിയ മലിനജല കണക്ഷന് 10 ദിനാര്‍ ഈടാക്കുന്ന നിര്‍ദേശം എംപിമാര്‍ മുന്നോട്ട് വെച്ചു. ഈ നിര്‍ദേശം ശൂറ കൗണ്‍സില്‍ വിലയിരുത്തും. പ്രതിമാസ ബില്ലുകളില്‍ 50ശതമാനം വര്‍ധന വരുത്താനായിരുന്നു നിര്‍ദേശം. ഇതു പ്രകാരം യൂട്ടിലിറ്റി ബില്‍ പ്രതിമാസം 10 ദിനാര്‍ നല്‍കുന്ന ഒരാള്‍ അഞ്ചുദിനാര്‍ അധികം നല്‍കേണ്ടി വരും. ഇതാണ് പാര്‍ലമെന്റ് തള്ളിയത്.

പുതിയ സീവേജ് സേവനങ്ങള്‍ക്കായി സര്‍ക്കാരിന് പ്രതിവര്‍ഷം 75 ദശലക്ഷം ദിനാര്‍ ചെലവുവരുന്നുണ്ടെന്ന് പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ നഗരാസൂത്രണ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അഹ്മദ് അല്‍ഖയാത് പാര്‍ലമന്റെില്‍ പറഞ്ഞു. നിലവില്‍ ഇതിന് ഫണ്ടില്ലാത്ത അവസ്ഥയാണ്. അറ്റകുറ്റപ്പണികള്‍ക്കും ഫണ്ടിന്റെ ലഭ്യതക്കുറവുണ്ട്. ടൂബ്ലിയിലെ സീവേജ് പ്ലാന്റിന്റെ ശേഷി 200,000 ക്യൂബിക് മീറ്ററാണ്. എന്നാല്‍, നിലവില്‍ അവിടെ എത്തുന്നത് 330,000 ക്യൂബിക് മീറ്റര്‍ മലിനജലമാണ്. സീവേജ് പദ്ധതികള്‍ക്കായി 2009 മുതല്‍ സര്‍ക്കാര്‍ 160 ദശലക്ഷം ദിനാര്‍ ചെലവഴിച്ചിട്ടുണ്ട്. എന്നിട്ടും പുതിയ പ്രദേശങ്ങളെ ഉള്‍പ്പെടുത്താനാകുന്നില്ല. ധനകമ്മി തന്നെയാണ് പ്രശ്‌നം.

ഈ സാഹചര്യത്തിലാണ് അധിക തുക ചുമത്താന്‍ തീരുമാനിച്ചതെന്നും അത് സ്വദേശികളെ ബാധിക്കാത്ത വിധത്തിലാകണമെന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതികള്‍ക്കായി പ്രതിവര്‍ഷം വന്‍ തുക ചെലവഴിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണക്കണമെന്ന് പാര്‍ലമെന്റ് ശൂറ കൗണ്‍സില്‍ മന്ത്രി ഖനിം അല്‍ ബുഐനയിന്‍ എം.പിമാരോട് അഭ്യര്‍ഥിച്ചു. എണ്ണവിലയിലുണ്ടായ ഇടിവുമൂലമുള്ള സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, സര്‍ക്കാര്‍ പ്രവാസികളെ നിരുത്സാഹപ്പെടുത്തുന്ന നടപടികള്‍ സ്വീകരിക്കുന്നത് ശരിയല്ലെന്ന് പാര്‍ലമെന്റ് മനുഷ്യാവകാശ സമിതി ചെയര്‍മാന്‍ മുഹമ്മദ് അല്‍ മറാഫി പറഞ്ഞു. ഇതിനകം അവര്‍ക്കെതിരെ ഉയര്‍ന്ന വൈദ്യുതി, വെള്ള നിരക്ക് ചുമത്തിയതും ആരോഗ്യ പരിരക്ഷയില്‍ ഇളവുവരുത്തിയതും അദ്ദേഹം സൂചിപ്പിച്ചു. ബഹ്‌റൈന്റെ സാമ്പത്തിക, സാമൂഹിക മേഖലയില്‍ പ്രവാസികള്‍ക്കുള്ള പങ്ക് അവഗണിക്കാവുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook