മനാമ: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മൽസ്യത്തൊഴിലാളികൾക്കു മുന്നില്‍ ആശങ്കകളുടെ കാറ്റും കോളും ഒഴിയുന്ന മട്ടില്ല. കാറ്റും പേമാരിയും ശക്തമായപ്പോള്‍ കടലമ്മയും ഇവരോട് കനിഞ്ഞിരുന്നില്ല. ഇപ്പോള്‍ ചെമ്മീന്‍ പിടുത്ത നിരോധവും ആയി. ഇനി നാട്ടിലേക്കു മടങ്ങുകയല്ലാതെ ഇവര്‍ക്കു വേറെ വഴിയുമില്ല; എന്നാല്‍ നാട്ടില്‍ എങ്ങിനെ ജീവിക്കുമെന്നത് ഇവര്‍ക്കു മുന്നില്‍ ചോദ്യചിഹ്‌നമാകുകയാണ്. കാരണം ഒഴിഞ്ഞ കൈകളുമായാണ് ഇവരുടെ മടക്കം എന്നതുതന്നെ.

കന്യാകുമാരി ജില്ലയിലെ മുട്ടം, കുളച്ചല്‍, അഴിക്കല്‍ എന്നിവിടങ്ങില്‍ നിന്നുള്ള ഇരുനൂറോളം മല്‍സ്യത്തൊഴിലാളികളാണ് നാട്ടിലേക്കു മടങ്ങുന്നത്. ബഹ്‌റൈനില്‍ ആറുമാസത്തെ ചെമ്മീന്‍ പിടിത്ത നിരോധനം നിലവില്‍ വന്നതോടെയാണ് ഇവര്‍ തിരിച്ചുപോകാന്‍ തയാറെടുക്കുന്നത്. എട്ടുമാസം കടലില്‍ അധ്വാനിച്ചിട്ടും ഒഴിഞ്ഞ കൈകളുമായാണ് ഇത്തവണ ഇവരുടെ മടക്കം. പലരും ഇനി പ്രവാസ മണ്ണിലേക്കു തിരിച്ചുവരേണ്ട എന്ന തീരുമാനത്തിലാണ്.

മുന്‍ കാലങ്ങളില്‍ ബഹ്‌റൈനില്‍ ചെമ്മീന്‍ പ്രചനന കാലത്ത് നാലു മാസമായിരുന്നു മീന്‍ പിടിത്ത (ട്രോളിങ്) നിരോധനം ഉണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം നിരോധനം ആറുമാസമായി ദീര്‍ഘിപ്പിച്ചു. മാര്‍ച്ച് 15 മുതല്‍ ആറു മാസത്തേക്ക് ചെമ്മീന്‍ പിടിത്തം നിരോധിക്കുമെന്നാണു തൊഴില്‍, പൊതുമരാമത്ത്, മുനിസിപ്പാലിറ്റീസ് കാര്യ, നഗരവികസന മന്ത്രി എസ്സാം ഖലാഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

മുന്‍ കാലങ്ങളിലും മീന്‍പിടിത്ത നിരോധന കാലത്തു തിരിച്ചു പോവാറുണ്ടെങ്കിലും ഇപ്രാവശ്യം പൂര്‍ണ നിരാശയോടെയാണു പോകുന്നതെന്നു തൊഴിലാളികള്‍ പറഞ്ഞു. ട്രോളിങ് നിരോധനമില്ലാത്ത എട്ടുമാസം ഉണ്ടായിരുന്നു. എന്നാല്‍ തൊഴിലാളികള്‍ക്കു വിവിധ കാരണങ്ങളാല്‍ ആറുമാസം മാത്രമാണു ജോലിയുണ്ടായത്. മോശം കാലാവസ്ഥയാണ് ഇവര്‍ക്കു പ്രധാന വിനയായത്. ഇതോടൊപ്പം ബഹ്‌റൈന്‍ സമുദ്രമേഖലയില്‍ ശക്തമാക്കിയ സുരക്ഷ പരിശോധന, ഇറാന്‍ അതിര്‍ത്തിയില്‍ നിന്നുള്ള ആക്രമണം തുടങ്ങിയ പ്രശ്‌നങ്ങളെ അതിജീവിച്ചാണു ജോലി ചെയ്തിരുന്നതെന്നു തൊഴിലാളികള്‍ പറയുന്നു.

നാട്ടില്‍ നിന്നു കടലില്‍ പോയാല്‍ ലഭിക്കുന്നത്തിനപ്പുറമൊന്നും ബഹ്‌റൈനിൽ വന്നിട്ടും നേടാന്‍ കഴിഞ്ഞില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. നാട്ടിലാണെങ്കില്‍ ദിവസം കിട്ടുന്നത് അന്നന്നു തീരും. അല്‍പ്പം സമ്പാദ്യം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു ബഹ്‌റൈനില്‍ എത്തിയതെന്നും തൊഴിലാളികള്‍ പറയുന്നു. മാസം നൂറു ദിനാറോളം മാത്രമാണു ഒരു തൊഴിലാളിക്കു സമാഹരിക്കാന്‍ കഴിയുന്നത്. മൊത്തം പിടിക്കുന്ന മീന്‍ വിറ്റ വരുമാനത്തിന്റെ 60 ശതമാനം ഡീസല്‍ ചെലവിനത്തില്‍ നല്‍കണം. ബാക്കി വരുന്ന നാല്‍പ്പതു ശതമാനം പകുതി ഉടമയ്ക്കുള്ളത്. നാലു തൊഴിലാളികളാണു ബോട്ടില്‍ ഉണ്ടാവുക. ബാക്കി വരുന്ന 20 ശതമാനം തൊഴിലാളികള്‍ക്കു വീതിക്കുമ്പോള്‍ മൂന്നു പേരുടെ വിഹിതവും ബോട്ടുടമയ്ക്കു നല്‍കണം. ഇങ്ങിനെ വീതിക്കുമ്പോള്‍ തൊഴിലാളിക്കു ലഭിക്കുന്നതു ദിനം പ്രതി കേവലം ഏഴുമുതല്‍ പത്തു ദിനാര്‍ വരെ.

വൈകീട്ടു നാലിനു കടലില്‍ പോയി പുലര്‍ച്ചെയാണു ചെമ്മീന്‍ പിടിത്ത ബോട്ടുകള്‍ തിരിച്ചു വരുന്നത്. ചെമ്മീന്‍ പിടിക്കുന്നവര്‍ ഞണ്ട്, കൂന്തള്‍ എന്നിവയല്ലാതെ മറ്റു മീനൊന്നും പിടിക്കാറില്ല. വിസയക്ക് ഓരോ തൊഴിലാളിയും 200 ദിനാര്‍ വച്ചു നല്‍കണം. വിമാന ടിക്കറ്റിന്റെ ചാര്‍ജും സ്വന്തം നിലയില്‍ വഹിക്കണം. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ആഴക്കടല്‍ മല്‍സ്യ ബന്ധനത്തില്‍ പരിചയമുള്ളവരാണ് ഇവരെല്ലാം. ബഹ്‌റൈനിന്റെ തീരക്കടലില്‍ മുന്‍പ് ചെമ്മീന്‍ ധാരാളം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ വന്‍ കുറവ് അനുഭവപ്പെടുന്നതായാണ് തൊഴിലാളികളുടെ അഭിപ്രായം. ചെമ്മീന്‍ സമ്പത്ത് കുറവു വരുന്നതിനാല്‍ ഇനി തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജോളി സേവ്യര്‍, ജോണ്‍ ബോസ്‌കോ, വിക്ടര്‍, പെന്‍ജിന്‍, ലിയോ, ലോറന്‍സ് തുടങ്ങിയ തൊഴിലാളികള്‍ പറഞ്ഞു.

ബോട്ടില്‍ മീന്‍ കണ്ടെത്താനും അതിര്‍ത്തി നിര്‍ണയിക്കാനും ജിപിഎസ് സംവിധാനം ഉപയോഗിക്കുന്നുണ്ട്. എന്നാലും വഴി തെറ്റി അതിര്‍ത്തി മറികടക്കാന്‍ സാധ്യതയേറെ. ചെമ്മീന്‍ പിടിത്തത്തിന് ആഴക്കടലില്‍ പോകാത്തതിനാല്‍ അത്തരം ഭീഷണിയില്ല. എന്നാല്‍ ഇറാനില്‍ നിന്നെത്തുന്നവര്‍, ഇവര്‍ പിടിച്ച മീന്‍ ഭീഷണിപ്പെടുത്തി തട്ടിയെടുത്ത സംഭവങ്ങള്‍ അനവധിയുണ്ട്.

പതിനഞ്ചും ഇരുപതും തൊഴിലാളികള്‍ ഒരുമിച്ചാണു ജീവിക്കുന്നത്. മീന്‍ കറിയും ഖുബ്ബൂസുമാണു മുഖ്യാഹാരം. തൊഴിലാളികളുടെ വലിയ കൂട്ടായ്മ നിലനില്‍ക്കുന്നതിനാല്‍ നാട്ടില്‍ കല്യാണം പോലുള്ള ആവശ്യമുണ്ടായാല്‍ തൊഴിലാളികളെല്ലാം ചേര്‍ന്നു പണം സമാഹരിക്കും. അത്യാഹിതങ്ങളും മറ്റും സഭവിക്കുമ്പോള്‍ മാത്രമാണ് ഇവര്‍ പുറത്തുള്ള സംഘടനകളുടെ സഹായം തേടുന്നതെന്നു ഒഐസിസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പൊഴിയൂര്‍ ഷാജി പറഞ്ഞു.

ആറുമാസം നീളുന്ന ചെമ്മീന്‍ പിടിത്ത നിരോധനം നിരവധി തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കുമെന്ന ആശങ്കയുമായി ബഹ്‌റൈന്‍ ഫിഷര്‍മെന്‍ സൊസൈറ്റി (ബിഎഫ്എസ്), സിത്ര ഫിഷര്‍മെന്‍ സൊസൈറ്റി (എസ്എഫ്എസ്) എന്നീ സംഘടനകള്‍ രംഗത്തുണ്ട്. പ്രശ്‌നത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ ഇടപെട്ട് അടിയന്തിരമായി പരിഹാരം കണ്ടെത്തണമെന്നു ബിഎഫ്എസ് ചെയര്‍മാന്‍ വഹീദ് അല്‍ ദോസരി ആവശ്യപ്പെട്ടു. ചെമ്മീന്‍ പിടിത്തതിനു മാത്രം ലൈസന്‍സ് ഉള്ളതിനാല്‍ കടലില്‍ പോകാനോ മറ്റു മല്‍സ്യം പിടിക്കാനോ സാധിക്കാത്ത അവസ്ഥയാണുള്ളത്. 400ളം തൊഴിലാളികളെ നിരോധനം ബാധിക്കുമെന്നു ബിഎഫ്എസ് ഭാരവാഹികള്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ