മനാമ: കഴിഞ്ഞ ആറുമാസത്തെ ജീവിതം ഇവര്‍ ഇന്നലെ കണ്ട ഒരു ദുഃസ്വപ്‌നമായാണ് കരുതുന്നത്. ഇത്തരമൊരു അവസ്ഥ ആര്‍ക്കും ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയാണ് അവര്‍ക്കെല്ലാം. ആവശ്യത്തിനു ഭക്ഷണോ വെള്ളമോ ഇല്ല. പൊടിക്കാറ്റിലും കനത്ത ചൂടിലും കൊടും തണുപ്പിലും ബോട്ടില്‍ ജീവിതം. കുടുംബങ്ങളുമായി ബന്ധം അറ്റ അവസ്ഥ… ബോട്ടില്‍ നിന്നും തങ്ങള്‍ ചലിക്കുന്നുണ്ടോയെന്നും നോക്കി സദാ ജാഗരൂകരായി ഇറാന്‍ സൈനികര്‍… ബഹ്‌റൈനില്‍ നിന്നു മല്‍സ്യ ബന്ധനത്തിനു പോയി ഇറാന്‍ തടവിലായ 21മത്സ്യത്തൊഴിലാളികളള്‍ മാസങ്ങളായി നേരിട്ട ജീവിതാവസ്ഥയാണിത്.

ദുരിതങ്ങളുടെ ഓളങ്ങളില്‍നിന്നും പ്രത്യാശയുടെ കരയിലേക്ക് എത്തിയത് അവര്‍ക്കു പലര്‍ക്കും വിശ്വസിക്കാനാകുന്നില്ല. ജീവിതത്തിലേക്കു തിരിച്ചുവരാന്‍ കാരണക്കാരായ എല്ലാവര്‍ക്കും ഈ പാവപ്പെട്ട തൊഴിലാളികള്‍ നന്ദിപറയാന്‍ മടിക്കുന്നില്ല. 15 തമിഴ്‌നാട് സ്വദേശികളടക്കം 21 മത്സ്യത്തൊഴിലാളികളാണ് കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ തിരിച്ചെത്തിയത്. രാവിലെ പത്തരയോടെ തൊഴിലാളികളുമായി ബോട്ട് ബഹ്‌റൈന്‍ മിനാ സല്‍മാന്‍ തുറമുഖത്തെത്തിയിരുന്നെങ്കിലും ഇവരുടെ വീസ കാലാവധി അവസാനിച്ചിരുന്നതിനാല്‍ പുറത്തിറങ്ങാനായില്ല. ഒരാഴ്ച കാലാവധിയുള്ള വീസ എടുത്തതോടെയാണ് രാത്രി 11 ഓടെ ഇവര്‍ക്ക് ബഹ്‌റൈന്‍ തീരത്ത് ഇറങ്ങാനായത്. നടപടികള്‍ പൂര്‍ത്തിയാക്കി രാത്രി തന്നെ തൊഴിലാളികള്‍ താമസ സ്ഥലത്തേക്ക് മടങ്ങി.

15 തമിഴ്‌നാട് സ്വദേശികളും ആറ് ബംഗ്ലാദേശുകാരും അടക്കം 21 തൊഴിലാളികളെയാണ് മോചിപ്പിച്ചത്. ഇറാനിയന്‍ കോടതി തൊഴിലാളികളെ കഴിഞ്ഞ മാര്‍ച്ച് 14ന് കുറ്റവിമുക്തരാക്കിയിരുന്നെങ്കിലും മോചനം നീണ്ടു പോയി. ബഹ്‌റൈനില്‍നിന്നും മൂന്നു ബോട്ടുകളിലായി മത്സ്യ ബന്ധനത്തിനു പോയ ഇവരെ സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ഒക്ടോബര്‍ 20 നാണ് ഇറാന്‍ കോസ്റ്റ്ഗാര്‍ഡ് കസ്റ്റഡിയില്‍ എടുത്തത്. മല്‍സ്യത്തൊഴിലാളികള്‍ ഇറാനില്‍ നരകയാതന അനുഭവിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തന്റെ ബോട്ടില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ മോചനത്തിനായി ഇറാനിയന്‍ കോടതി ആവശ്യപ്പെട്ട പിഴ സംഖ്യ ബോട്ടുടമ നല്‍കുകയും കോടതി ആവശ്യപ്പെട്ട തൊഴിലാളികളുടെ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും ഇറാനിലെ തന്റെ പ്രതിനിധി മുഖേനെ ഹാജരാക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ തൊഴിലാളികളില്‍ അഞ്ചു പേര്‍ മുഹറഖിലും ബാക്കിയുള്ളവര്‍ ഗലാലിയലുമാണ് താമസം. ഇവര്‍ നന്നേ അവശരാണെന്നും നാട്ടിലേക്കു മടങ്ങാനാണ് താല്‍പ്പര്യപ്പെടുന്നതെന്നും ഇവര്‍ക്കുവേണ്ട സഹായം നല്‍കാന്‍ നേതൃത്വം നല്‍കുന്ന സാമൂഹ്യ പ്രവര്‍ത്തകനായ സെയ്ദ ഹനീഫ പറഞ്ഞു. ബഹ്‌റൈനില്‍ എത്തിയ തൊഴിലാളികള്‍ക്ക് സാമൂഹ്യ പ്രവര്‍ത്തകരും സംഘടനകളും സഹായം എത്തിച്ചു. ഇവരെല്ലാം നാട്ടിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനല്‍വേലി, രാമനാഥപുരം ജില്ലക്കാരാണ് തൊഴിലാളികള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ