ജിദ്ദ: അഹ്‌ലം ജിദ്ദയുടെ കീഴില്‍ “പ്രവാസിയും തൊഴില്‍ അവസരങ്ങളും” എന്ന വിഷയത്തില്‍ ടോക് ഷോ സംഘടിപ്പിച്ചു. ശിഫ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജിദ്ദയിലെ രാഷ്ട്രീയ, സാമൂഹിക, മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. വിദേശ രാജ്യങ്ങള്‍ വ്യക്തമായ പദ്ധതികളുമായി മുന്നോട്ട് പോകുമ്പോള്‍ ശരിയായ ആസൂത്രണം പ്രവാസികള്‍ക്ക് ഇല്ലാത്തതാണ് ആശങ്കകള്‍ക്ക് കാരണമാകുന്നതെന്നും, മാറുന്ന തൊഴില്‍ സാഹചര്യത്തിനു അനുസരിച്ച് മാറ്റങ്ങള്‍ വരുത്തി അറിവും അനുഭവസമ്പത്തും കാര്യക്ഷമമായി ഉപയോഗിച്ചാല്‍ പ്രവാസിക്ക് എവിടെയും വിജയിക്കാനാവുമെന്നും പ്രവാസ ലോകത്തെ തൊഴില്‍ സാഹചര്യങ്ങളും നാട്ടിലെ തൊഴില്‍ സാധ്യതകളെയും കുറിച്ച് നടത്തിയ ടോക് ഷോയില്‍ പങ്കെടുത്തവർ അഭിപ്രായപെട്ടു.

നാടിന്‍റെ വളര്‍ച്ചയ്ക്ക് മുഖ്യ പങ്ക് വഹിച്ച പ്രവാസികള്‍ക്ക് വോട്ടവകാശം ഇല്ലാത്തത് കൊണ്ട് അവരുടെ പ്രശ്നങ്ങള്‍ക്ക് അര്‍ഹമായ പരിഗണന സര്‍ക്കാരില്‍ നിന്ന് കിട്ടുന്നില്ല. പ്രവാസികള്‍ രാഷ്ട്രീയ കക്ഷി, സംഘടനാ വ്യത്യാസമില്ലാതെ ഐക്യത്തോടെ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി മുന്നോട്ട് പോകണം. തൊഴില്‍ പ്രധിസന്ധിയില്‍ തിരിച്ചു പോക്ക് രൂക്ഷമായി തുടരുമ്പോള്‍ പുനരധിവാസത്തിനായി സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും ടോക്‌ഷോയിൽ ആവശ്യമുയര്‍ന്നു.

നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം, കെഎംസിസി ജനറൽ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, ഒഐസിസി പ്രസിഡന്റ് കെ.ടി.എ.മുനീര്‍, പ്രവാസി സാംസ്കാരിക വേദി വൈസ് പ്രസിഡന്റ് ഇസ്മായില്‍ കല്ലായി, ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡന്റ് അഷറഫ് മൊറയൂര്‍, ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ജനറൽ സെക്രട്ടറി സാദിഖലി തുവ്വൂര്‍, സിയാട്ട ചെയര്‍മാന്‍ കെ.സി.അബ്ദുറഹ്മാന്‍, അല്‍ മാസ് കംപ്യൂട്ടേഴ്സ് എംഡി മുഹമ്മദലി ഒവുങ്ങൽ എന്നിവര്‍ ടോക്‌ഷോയിൽ പങ്കെടുത്തു. അമീര്‍ ഷാ പാണ്ടിക്കാട് സ്വാഗതവും അഫ്‌സൽ നാറാണത്ത് നന്ദിയും പറഞ്ഞു. ഹനീഫ ഇയ്യം മടക്കല്‍ അവതാരകനായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook