മനാമ: സീറോ മലബാര്‍ സൊസൈറ്റി (സിംസ്) ബഹ്‌റൈന്‍ ഈ വര്‍ഷത്തെ ‘സിംസ് വര്‍ക്ക് ഓഫ് മേഴ്‌സി’ അവാര്‍ഡിന് ബഹ്‌റൈന്‍ കെഎംസിസിയെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാനവ, ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ് ഈ പുരസ്‌കാരം നല്‍കുന്നത്. ബഹ്‌റൈനിലും കേരളത്തിലും അശരണരും ആലംബഹീനരുമായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമായി കെഎംസിസി ബഹ്‌റൈന്‍ നടത്തുന്ന മഹനീയമായ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബഹ്‌റൈന്‍ പ്രവാസി സമൂഹത്തിന്റെ അംഗീകാരമായിട്ടാണ് ഈ അവാര്‍ഡ് നല്‍കുന്നതെന്ന് പ്രസിഡന്റ് ജോസഫ് കെ.തോമസ് പറഞ്ഞു.

സ്വന്തമായ ഒരു ഭവനമെന്ന ലക്ഷ്യം കൈവരിക്കാനാവാത്ത നിര്‍ധന പ്രവാസികള്‍ക്കു കൈത്താങ്ങായി കെഎംസിസി ആരംഭിച്ച ‘പ്രവാസി ബൈത്തുറഹ്മ’ എന്ന ഭവന നിര്‍മാണ പദ്ധതിയാണ് ഈ വര്‍ഷത്തെ വര്‍ക്ക് ഓഫ് മേഴ്‌സി അവാര്‍ഡിനു കെഎംസിസിയെ അര്‍ഹമാക്കുന്നതില്‍ പ്രധാന ഘടകം. കൂടാതെ പ്രവാസി പെന്‍ഷന്‍ പദ്ധതി, രക്തദാനം മഹാദാനം എന്ന ആശയം മുന്‍നിര്‍ത്തി ‘ജീവസ്പര്‍ശം’ എന്ന പേരില്‍ നടത്തുന്ന രക്തദാന പരിപാടി എന്നിവയും ജനശ്രദ്ധ നേടിക്കഴിഞ്ഞു. അത്യാവശ്യ ഘട്ടങ്ങളില്‍ രക്തദാനം ചെയ്യാന്‍ സന്നദ്ധരായ അംഗങ്ങള്‍ ബഹ്‌റൈന്‍ പൊതു സമൂഹത്തിന്റെ മുതല്‍ക്കൂട്ടാണ്. അതിരൂക്ഷമായ ജല ക്ഷാമം നേരിടുന്നതിനായി കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ പൊതു കിണര്‍ നിര്‍മിച്ചു നല്‍കുന്ന കെഎംസിസി ‘ ശിഹാബ് തങ്ങള്‍ ജീവജലം’ പദ്ധതി ഏതൊരു പ്രസ്ഥാനത്തിനും മാതൃകയാണ്.

പ്രവാസത്തിനിടെ മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലും ആതുരാലയങ്ങളില്‍ ആംബുലന്‍സ് പോലുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതിലും ബഹ്‌റൈന്‍ കെഎംസിസി ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി. മാതൃകാപരമായ ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രസ്ഥാനത്തിനു വര്‍ക്ക് ഓഫ് മേഴ്‌സി അവാര്‍ഡ് നല്‍കുന്നതില്‍ ബഹ്‌റൈന്‍ സീറോ മലബാര്‍ സൊസൈറ്റിക്ക് അതിയായ സന്തോഷമുണ്ടെന്നു ഭാരവാഹികള്‍ പറഞ്ഞു.

കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ റവ. ഡോ.ഡേവിസ് ചിറമേല്‍, ബഹ്‌റൈന്‍ ഡിസേബിള്‍ഡ്‌സ് സൊസൈറ്റി പ്രസിഡന്റ് ലഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് ദയ്ജ് അല്‍ ഖലീഫ, കോട്ടയം നവജീവന്‍ ട്രസ്റ്റിനു നേതൃത്വം നല്‍കുന്ന പി.യു.തോമസ് എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ ഈ അവാര്‍ഡിന് അര്‍ഹരായത്.

മാര്‍ച്ച് 30നു രാത്രി എട്ടിന് ബഹ്‌റൈന്‍ കേരളീയ സമാജം ഡയ്മണ്ട് ജൂബലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കെഎംസിസി പ്രസിഡന്റ് എസ്.വി.ജലീല്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ട്രഷറര്‍ ഹബീബ് റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നു പുരസ്‌കാരം ഏറ്റുവാങ്ങും. പുരസ്‌കാരദാന ചടങ്ങിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ സിംസ് മാഗസിന്‍ ‘റിഫഌന്‍’ പ്രകാശനം ചെയ്യുമെന്നും ജനറല്‍ സെക്രട്ടറി ബിജു ജോസഫ് അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഫ്രാന്‍സീസ് കൈതാരത്ത്, ജേക്കബ് വാഴപ്പിള്ളി തുടങ്ങിയവരും സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ