അബുദാബി: അബുദാബിയില്‍ രണ്ടിടത്തുണ്ടായ ഡ്രോണ്‍ ആക്രമണമെന്നു കരുതുന്ന സ്ഫോടനത്തില്‍ മൂന്നു മരണം. രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാന് സ്വദേശിയുമാണ് മരിച്ചത്. ആറ് പേര്‍ക്കു പരുക്കേറ്റു. ഇന്നു പുലര്‍ച്ചെയാണു സംഭവം. മരിച്ചവർ തങ്ങളുടെ തൊഴിലാളികളാണെന്ന് അഡ്നോക് സ്ഥിരീകരിച്ചു.
മുസഫയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് എണ്ണ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ നിര്‍മാണ മേഖലയിലായിരുന്നു മറ്റൊരു സ്ഫോടനം. സ്ഫോടനങ്ങള്‍ നടന്ന കാര്യം അധികൃതര്‍ സ്ഥീരികരിച്ചു.
മുസഫയിലെ ഐസിഎഡി 3-ല്‍ അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്)യുടെ സംഭരണ ടാങ്കുകള്‍ക്കു സമീപമാണു സ്ഫോടനമുണ്ടായത്. മൂന്ന് പെട്രോളിയം ടാങ്കറുകള്‍ പൊട്ടിത്തെറിച്ചതായി അബുദാബി പൊലീസിന്റെ ഉദ്ധരിച്ച് യുഎഇ വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തിന്റെ നിര്‍മാണമേഖലയിലും നേരിയ തീപ്പിടുത്തമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇരു സംഭവങ്ങളിലും കാര്യമായ നാശനഷ്ടങ്ങളൊന്നുമില്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ഇരു സ്ഥലങ്ങളിലും വീണ ഡ്രോണുകളുടേതാകാന് സാധ്യതയുള്ള ചെറിയ പറക്കുന്ന വസ്തുക്കളാണ് തീപ്പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നത്. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചും അതിനെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളെക്കുറിച്ചും വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസഫയിൽ അഡ്നോക്കിന്റെ സംഭരണ ടാങ്കുകൾക്കു സമീപമുണ്ടായ സ്ഫോടനത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ മൂന്നുപേർ മരിച്ചുവെന്ന് യുഎഇ അധികൃതർ അറിയിച്ചതായി അബുദാബിയിലെ ഇന്ത്യൻ എംബസി ട്വിറ്ററിൽ കുറിച്ചു. കൂടുതൽ വിശദാംശങ്ങൾക്കായി ബന്ധപ്പെട്ട യുഎഇ അധികൃതരുമായി അടുത്ത ബന്ധം പുലർത്തിവരികയാണെന്നും ടീറ്റിൽ പറയുന്നു.
അതേസമയം, സ്ഫോടനം തങ്ങളുടെ സൈനിക നടപടിയാണെന്ന് യെമനിലെ ഹൂതി വിമതര്‍ അവകാശപ്പെട്ടു. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ ഇത്തരം നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തം നേരത്തെ ഏറ്റെടുത്തിരുന്നു. യെമനില്‍ വര്‍ഷങ്ങളായി തുടരുന്ന യുദ്ധം രൂക്ഷമായിരിക്കെയാണ് പുതിയ സംഭവം.