റിയാദ്: ഇന്ത്യൻ അംബാസഡർ അഹമ്മദ്​ ജാവേദിനെ വാനോളം പുകഴ്ത്തി ​വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രസംഗം. എംബസി സംഘടിപ്പിച്ച പൊതുചടങ്ങിലാണ്​ അംബാസഡറെ വേദിയിലിരുത്തി മന്ത്രി മനസ്സ് തുറന്ന് അഭിനന്ദിച്ചത്.

സൗദി അറേബ്യയിൽ അംബാസഡറുടെ ഒഴിവ് വന്നപ്പോൾ കാബിനറ്റ് മന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെയുള്ളവരാണ് എന്നോട് അഹമ്മദ് ജാവേദ് എന്ന പേര് നിർദേശിച്ചത്. സമർത്ഥനാണ് ധൈര്യമായി പറഞ്ഞയച്ചോളൂ എന്ന് അവർ പറഞ്ഞു. എന്നാൽ എനിക്കതത്ര വിശ്വാസം വന്നില്ല. നിങ്ങൾക്ക് ആൾ നല്ലവനായിരിക്കാം, പക്ഷെ ഇന്ത്യയെ സംബന്ധിച്ച് സൗദി അറേബ്യ ഒരു ചെറിയ രാജ്യമല്ല. 30 ലക്ഷം വരുന്ന ഇന്ത്യക്കാർ തൊഴിലെടുക്കുന്ന സ്ഥലമാണ്. ദിനേന പരാതികളുണ്ടാകാം. അവിടെ ക്ഷമയും സ്നേഹവുമുള്ള ഒരു അംബസഡറാണ് വേണ്ടത്. ക്രിമിനലുകളുമായി ഇടപഴകി മരവിച്ച മനസ്സാകും പൊലീസുകാരുടേത്. അങ്ങിനെ ഒരാൾക്ക് ഈ ദൗത്യം നിർവഹിക്കാനാകുമോ എന്ന് ഞാൻ ചോദിച്ചു. ധൈര്യമായി അയച്ചോളൂ എന്നവർ പറഞ്ഞു. അങ്ങിനെയാണ് നിങ്ങൾക്ക് ഇദ്ദേഹത്തെ ലഭിച്ചത്.

ചുമതലയേറ്റ് ദിവസങ്ങൾക്കകം അദ്ദേഹം കഴിവ് തെളിയിച്ചു. പൊതുമാപ്പ് ഉൾപ്പടെയുള്ള പ്രധാന വിഷയങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടു. സൗദിയുടെ വിവിധ പ്രവശ്യകളിലെത്തി സാധാരണക്കാർക്ക് എംബസിയുടെ സഹായമെത്തിച്ചു. എംബസിയും ഇന്ത്യൻ സമൂഹവും തമ്മിലുള്ള അകലം കുറച്ചു. സൗദിയിൽ നിന്നും എനിക്ക് ധാരാളം പരാതികൾ വരാറുണ്ട്. ഞാൻ ഉടനെ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ് ജാവേദിന് ട്വീറ്റ് ചെയ്യും. മിനിറ്റുകൾക്കകം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട് ഉടൻ പരിഹാരം കാണുമെന്നു മറുപടി വരും.

“എല്ലാം ശരിയായി മാഡം വളരെ നന്ദി” പിന്നെ വരുന്നത് പരാതിക്കാന്റെ ഇതുപോലെ ഒരു ട്വീറ്റാണ്. അതിവേഗം പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാന്ന അംബാസഡർ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണ്. നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തിയാണ് സുഷമ ഇക്കാര്യം പറഞ്ഞത്.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook