റിയാദ്: നിങ്ങളുമായുള്ള ഈ കൂടിക്കാഴ്ചയില്ലാതെ എന്റെ ഈ ഹ്രസ്വ യാത്ര പൂർണമാകില്ല എന്ന ആമുഖത്തോടെയാണ് സുഷമ സ്വരാജ് പ്രസംഗം ആരംഭിച്ചത്. ഈ വാക്കുകൾ സദസ്സിൽ മുഴങ്ങിയതോടെ നിലക്കാത്ത കൈയ്യടി ഉയർന്നു. കോട്ടും സ്യൂട്ടും അണിഞ്ഞ മുൻ വിദേശകാര്യ മന്ത്രിമാർ മുമ്പ് ഇവിടെ സന്ദർശിച്ചിട്ടുണ്ടാകാം. അവരെ പോലെ വസ്ത്രമണിയുന്ന പ്രമാണിമാരുമൊത്ത് അത്താഴം കഴിച്ചു അവർ മടങ്ങിയിട്ടുമുണ്ടാകാം. സാധാരണക്കാരായ പ്രവാസികളോട് സംവദിക്കുമ്പോഴാണ് പ്രവാസികാര്യ വകുപ്പിന്റെ ദൗത്യം നിർവഹിക്കാനാകുക. എനിക്ക് കാണേണ്ടത് സാധാരണക്കാരായ എന്റെ സഹോദരി സഹോദരന്മാരായ നിങ്ങളെയാണെന്ന് സുഷമ പറഞ്ഞു.

ജനാദ്രിയ ഉത്സവത്തിൽ പങ്കെടുക്കാനാണ് ഞാൻ വന്നതെങ്കിലും ഇന്ത്യൻ സമൂഹത്തെ കാണാൻ അവസരമൊരുക്കണമെന്ന് ഞാൻ അംബസഡറോട് ആവശ്യപ്പെട്ടിരുന്നു. എന്നെ കാണാൻ ഇവിടെ എത്തിയ നിങ്ങളോട് ഞാൻ നന്ദിയറിയിക്കുന്നു. എന്നെ കണ്ടതിലുള്ള നിങ്ങളുടെ സന്തോഷം ഞാൻ മനസിലാക്കുന്നു. എന്നാൽ അതെന്നോടുള്ള സ്നേഹം മാത്രമല്ല, ഇന്ത്യയോടുള്ള നിങ്ങളുടെ ഹൃദയത്തിലുള്ള സ്നേഹം പ്രകടമാകുന്നതാണ്. വിദേശകാര്യ വകുപ്പ് മന്ത്രി എന്ന നിലയിൽ ഞാൻ പല രാജ്യങ്ങളുടെയും ഭരണ നേതൃത്വമായി ഇടപെടാറുണ്ട്. എല്ലാവരും ഇന്ത്യക്കാരെ കുറിച്ച് പറയുന്നത് മൂന്ന് കാര്യങ്ങളാണ്. ഒന്ന് നല്ല അയൽക്കാരനാണ് ഇന്ത്യക്കാരൻ, രണ്ട് അർപ്പണമനോഭാവത്തോടെ കഠിനാധ്വാനം ചെയ്യുന്നവരാണ്, മൂന്ന് രാജ്യത്തിന്റെ നിയമം പാലിക്കുന്നവർ. നിങ്ങളുടെ ഈ സ്വഭാവ ഗുണങ്ങളെല്ലാം കേൾക്കുമ്പോൾ അഭിമാനം ഉണ്ടാകാറുണ്ട് ഈ അഭിമാനം രാജ്യത്തിന് സമർപ്പിച്ചത് നിങ്ങളാണ്.

മൂന്ന് വർഷം കൊണ്ട് ഇന്ത്യ വിപ്ലവകരമായ മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. അത് നിങ്ങൾ കാണുന്നുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. കഴിഞ്ഞ 32 വർഷമായി ജനാദ്രിയ ഫെസ്റ്റിവൽ ഇവിടെ നടക്കുന്നുണ്ട്. ഇത്തവണ അതിഥിയായി സൗദി ഗവൺമെന്റ് ഇന്ത്യയെ തിരഞ്ഞെടുത്തു. അത് സൗദിയും ഇന്ത്യയും തമ്മിലുള്ള ഹൃദ്യമായ ബന്ധത്തിന്റെ സൂചനയാണ്. സൗദി അറേബ്യ ഇന്ത്യയെ പല ഘട്ടത്തിലും സഹായിച്ചിട്ടുണ്ട്. യമനിൽ നിന്ന് ഇന്ത്യക്കരെ രക്ഷിക്കാൻ വേണ്ട എല്ലാ സഹായങ്ങളും ചെയ്തത് സൗദിയാണ്. പ്രധാനമന്ത്രിയുടെ ഒരു ഫോൺ കോളിലാണ് സൽമാൻ രാജാവ് നേരിട്ട് ഇടപെട്ട് ഈ സഹായങ്ങൾ എല്ലാം ചെയ്തത്. സൗദിയുമായുള്ള ഇന്ത്യയുടെ ബന്ധം ദൃഢമാണെന്നതിന്റെ തെളിവുകളാണ് ഇടക്കാലത്ത് നടന്ന ഈ ഇടപെടലുകളെല്ലാം.

ഇന്ത്യക്ക് വലിയ പ്രാധാന്യം നൽകിയാണ് ജനാദ്രിയ ഉത്സവത്തിൽ അതിഥിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യ അവിടെ ഒരുക്കിയ പവലിയനിലേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുകയാണ്. പുതിയ ഇന്ത്യ നിങ്ങൾക്കവിടെ കാണാൻ കഴിയും. ജനാദ്രിയയിലൊരുക്കിയ പവലിയൻ ഇന്ത്യയുടെ സാംസ്​കാരിക, രുചി വൈവിധ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും സുഷമ പറഞ്ഞു​.

ചടങ്ങിൽ അംബാസഡർ അഹമ്മദ്​ ജാവേദ്​ അധ്യക്ഷത വഹിച്ചു. കമ്യൂണിറ്റി വെൽഫെയർ കോൺസൽ അനിൽ നൊട്യാൽ സ്വാഗതം ആശംസിച്ചു. റിയാദിൽ നിന്നുള്ള പ്രവാസി ഭാരതീയ സമ്മാൻ ജേതാക്കളായ ശിഹാബ്​ കൊട്ടുകാട്​, സീനത്ത്​ ജാഫ്രി എന്നിവർ മന്ത്രി സുഷമ സ്വരാജിനെ ബൊക്ക നൽകി സ്വീകരിച്ചു. സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്ന് ആബാലവൃദ്ധം സുഷമ സ്വരാജിന്രെ വാക്കുകൾ കേൾക്കാനെത്തിയിരുന്നു.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ