മനാമ: ബഹ്‌റൈനില്‍ പ്രവാസികള്‍ക്കിടയില്‍ വീണ്ടും ആത്മഹത്യ വര്‍ധിക്കുന്നു. കഴിഞ്ഞ മാര്‍ച്ചു മുതല്‍ ഏഴു പ്രവാസികളെയാണു താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ കാലങ്ങളില്‍ ആത്മഹത്യ നിരക്കുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ സാമൂഹിക സംഘടനകള്‍ ജാഗ്രതയോടെ രംഗത്തിറങ്ങുകയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഇതോടെ ആത്മഹത്യാ നിരക്കില്‍ വലിയ കുറവുണ്ടായിരുന്നു. ഇപ്പോള്‍ അടുത്ത കാലത്ത് വീണ്ടും ആത്മഹത്യ വര്‍ധിക്കുന്നതായാണു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

യോഗ്യതക്കനുസരിച്ച് ജോലി ലഭിക്കാത്തതും ലഭിച്ച ജോലിയില്‍ നിന്നു കൃത്യമായി ശമ്പളം ലഭിക്കാത്തതും ഇതുമൂലം കുടുംബ ബന്ധത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളുമെല്ലാം യുവാക്കളെ ആത്മഹത്യയിലേക്കു തള്ളുന്നതായാണു വിവരം. കൂടെ താമസിക്കുന്നവരോടുപോലും വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറാവാത്തത് വ്യക്തികളെ മരണത്തിലേക്കു തള്ളിവിടുന്നതായാണു കരുതുന്നത്. പ്രവാസികള്‍ ആത്മഹത്യ ചെയ്തതായുള്ള വാര്‍ത്തകള്‍ വരുന്നതല്ലാതെ എന്താണ് ഇത്തരം ആത്മഹത്യകളിലേക്കു നയിക്കുന്ന പൊതു പശ്ചാത്തലം എന്നു വിലയിരുത്താന്‍ കഴിയുന്നില്ലെന്നു മൈഗ്രന്റ് വര്‍ക്കേഴ്‌സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ചെയര്‍പഴ്‌സണ്‍ മരീറ്റ ദാസ് പറഞ്ഞു. മിക്കവാറും ആത്മഹത്യകള്‍ക്കു പിന്നില്‍ സാമ്പത്തിക കാരണങ്ങളാണുള്ളതെന്നാണു മനസ്സിലാക്കുന്നതെന്ന് ഐസിആര്‍എഫ് അധികൃതരും പ്രതികരിച്ചു.

ഐസിആര്‍എഫും ഇന്ത്യന്‍ എംബസ്സിയും തൊഴിലാളികളെ ഏതു ഘട്ടത്തിലും സഹായിക്കാന്‍ സന്നദ്ധമാണെന്നും ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നതിനു മുമ്പ് ഇത്തരം സഹായ കേന്ദ്രങ്ങളെ സമീപിക്കാന്‍ തൊഴിലാളികള്‍ സന്നദ്ധമാവണമെന്നുമാണ് ഐസിആര്‍എഫ് പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ