മനാമ: ഭാവനയെ വേര്‍പാടിന്റെ വ്യത്യസ്തമായ ഭാവ തലങ്ങളിലേക്ക് കയറൂരിവിട്ടു രണ്ടു മണിക്കൂറിനുള്ളില്‍ അവര്‍ കഥ മെനെഞ്ഞെടുത്തു. ബഹ്‌റൈന്‍ കേരളീയ സമാജം ഡിസി ബുക്‌സ് പുസ്തക, സാഹിത്യോല്‍സവത്തിന്റെ ഭാഗമായി നടന്ന കഥാ രചനാമല്‍സരത്തിലാണ് പ്രവാസ ലോകത്തെ എഴുത്തുകാര്‍ തങ്ങളുടെ സര്‍ഗ രചനകള്‍ പുറത്തെടുത്തത്.

സമാജത്തില്‍ കഥയെഴുതാന്‍ എത്തിയത് 43 പേരായിരുന്നു. ഇതില്‍ പകുതിയോളം പേര്‍ വീട്ടമ്മമാര്‍. അമ്മമാര്‍ പലരും കഥയെഴുതാന്‍ തുടങ്ങിയപ്പോള്‍ കുഞ്ഞുങ്ങളുമായി ഭര്‍ത്താക്കന്‍മാര്‍ പുറത്തു കാത്തു നിന്നു. കഥയെഴുതാനെത്തിയവരില്‍ 18 വയസ്സുമുതല്‍ 55 വയസ്സുകാര്‍ വരെ ഉണ്ടായിരുന്നു. വേര്‍പാട് എന്ന അവസ്ഥയുമായി ബന്ധപ്പെട്ട വിഷയമായിരുന്നു കഥയെഴുതാനായി സംഘാടകര്‍ നല്‍കിയത്. പത്തു പേജില്‍ കഥ ചുരുക്കാനും നിര്‍ദ്ദേശിച്ചു.

കഥയെഴുതി പരിചയമുള്ളവരും ആദ്യമായി കഥയെഴുതാന്‍ എത്തിയവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. നേരത്തെ വിവിധ പ്രസിദ്ധീകരണങ്ങളില്‍ കഥ അച്ചടിച്ചുവന്നര്‍ ആത്മവിശ്വാസത്തോടെ വിഷയത്തെ സമീപിച്ചപ്പോള്‍ ആദ്യമായി കഥയെഴുതാനെത്തിയവര്‍ അല്‍പ്പമൊരങ്കലാപ്പോടെ വിഷയത്തിലേക്കു പ്രവേശിച്ചു. കഥ വായനയിലൂടെ ആര്‍ജിച്ച നവ കഥയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എഴുത്തിന്റെ ഓരോ തലത്തിലും പ്രകടമായിരുന്നുവെന്നാണ് സംഘാടകര്‍ മനസ്സിലാക്കുന്നത്.

മല്‍സര വേദിയില്‍ പിറന്ന കഥകള്‍ ബഹ്‌റൈനിലെ ഒരു വിദഗ്ധ പാനല്‍ പരിശോധിക്കും. അവര്‍ തിരഞ്ഞെടുത്ത കഥകള്‍ നാട്ടില്‍ നിന്നെത്തുന്ന പ്രമുഖ സാഹിത്യകാരന്‍മാര്‍ വിശകലനം ചെയ്യും. തുടര്‍ന്നാണ് മൂന്നു സ്ഥാനങ്ങള്‍ക്കര്‍ഹമായ കഥകള്‍ കണ്ടെത്തുകയെന്നു കഥാ മല്‍സരം കണ്‍വീനര്‍ പ്രസാദ് ചന്ദ്രന്‍ പറഞ്ഞു. മികച്ച കഥകള്‍ ജാലകം ഓണപ്പതിപ്പിലും മറ്റും പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിക്കും.

യൂണിവേഴ്‌സിറ്റി പരീക്ഷ പോലെ കോഡ് നമ്പര്‍ നല്‍കിയാണ് കഥ വിധികര്‍ത്താക്കള്‍ക്കു മുന്നില്‍ എത്തിക്കുക. എഴുതിത്തുടങ്ങുന്നവരും പരിചയം സിദ്ധിച്ചവരും മാറ്റുരച്ച കഥാ രചനാവേദിയില്‍ കടുത്ത മല്‍സരമാണു നടന്നതെന്നാണു സംഘാടകരുടെ അഭിപ്രായം. ഇത്തരം ഒരു മല്‍സരത്തില്‍ മാറ്റുരക്കാന്‍ കഴിഞ്ഞത് വലിയ അനുഭവമായിരുന്നുവെന്നു പങ്കെടുത്തവരും പ്രതികരിച്ചു.

ബഹ്‌റൈനില്‍ ഏറെ കാലത്തിനു ശേഷമാണ് ഇത്തരത്തിലൊരു മല്‍സരത്തിന് അവസരമൊരുക്കുന്നത്. ഉള്ളില്‍ കഥ സൂക്ഷിക്കുന്ന പ്രവാസി സമൂഹം ആ അവസരം കാത്തിരിക്കുകയായിരുന്നുവെന്നാണു മല്‍സരവേദി സാക്ഷ്യപ്പെടുത്തിയത്. സമാജം ജന. സെക്രട്ടറി എന്‍.കെ.വീരമണി കഥാകൃത്തുക്കളെ അഭിസംബോധന ചെയ്തു. ഷബിനി വാസുദേവ്, ബാജി ഓടംവേലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ