/indian-express-malayalam/media/media_files/uploads/2018/10/sharja-bookfest.jpg)
ഷാർജ: ഷാർജ രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് കുട്ടികൾക്കായി കഥാരചനാ മത്സരം. ഏഴ് മുതൽ പതിമൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്കായുള്ള മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് രാജ്യാന്തരപുസ്തക മേള വേദിയിലെ അംഗീകാരമടക്കം നിരവധി സമ്മാനങ്ങളാണ്.
'യർബോയ അഡ്‌വെഞ്ചേഴ്‌സ് സ്റ്റോറി' എന്ന മത്സരത്തിൽ, 'ഐ ലവ് ഷാർജ' ബ്രാൻഡിന്റെ ഭാഗ്യചിഹ്നമായ 'യർബോയ'യെക്കുറിച്ചാണ് കഥയെഴുതേണ്ടത്. കങ്കാരുവിനോട് രൂപസാദൃശ്യമുള്ള ഈ മൃഗം യുഎഇയിലെ സ്ഥിരം കാഴ്ചയാണ്. കഥയുടെ പശ്ചാത്തലവും കഥാപാത്രങ്ങളും പൂർണമായും ഷാർജ അടിസ്ഥാനമാക്കിയുള്ളതാവണം. മത്സരത്തിന്റെ സംഘാടകരായ ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ശുറൂഖ്) അറിയിച്ചു.
നവീന രചനകളാണ് മത്സരത്തിലേക്ക് പരിഗണിക്കപ്പെടുക. ഇംഗ്ലീഷിലോ അറബിക്കിലോ കഥകളെഴുതാം. കഥയ്ക്ക് പരമാവധി 2000 വാക്കുകൾ വരെയാകാം. കുട്ടികളിലെ നൈസർഗിക വാസനകൾ വളർത്താനും അവർക്ക് രാജ്യാന്തപുസ്തകമേള പോലുള്ള മികച്ച വേദികളിലെ പരിചയമുണ്ടാക്കാനും ലക്ഷ്യം വച്ചാണ് മത്സരം സംഘടിപ്പിക്കപ്പെടുന്നതെന്ന് സംഘാടകർ അറിയിച്ചു.
തിരഞ്ഞെടുക്കപ്പെടുന്ന കഥയ്ക്ക് 5000 ദിർഹംസ് സമ്മാനമായി ലഭിക്കും. അതോടൊപ്പം യർബോയ പശ്ചാത്തലമായുള്ള പുസ്തക പരമ്പരയിൽ കഥ പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ നിന്നായി ഓരോ കഥകളാണ് തിരഞ്ഞെടുക്കുക. കലിമത് പബ്ലിഷിങ് ഹൗസ്, ശുറൂഖ് എന്നിവരടങ്ങുന്നതാണ് ജഡ്ജിങ് കമ്മിറ്റി.
സ്‌കൂളിൽ നിന്ന് ഒരുമിച്ചോ ഓരോരുത്തരായോ മത്സരത്തിൽ പങ്കെടുക്കാം. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഏഴാം നമ്പർ ഹാളിലെ 'ഐ ലവ് ഷാർജ' പവലിയനിൽ നേരിട്ടോ info@ilovesharah.ae എന്ന വിലാസത്തിലേക്ക് ഇ-മെയിൽ രൂപത്തിലോ കഥകൾ സമർപ്പിക്കാം. നവംബർ അഞ്ചിന് വൈകുന്നേരം അഞ്ച് മണി വരെ രചനകൾ സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന കഥകൾ നവംബർ ഏഴിന് പ്രഖ്യാപിക്കും. രാജ്യാന്തര പുസ്തക മേളയുടെ സമാപന ചടങ്ങിൽ വച്ച് വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us