മനാമ: ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഈ വര്‍ഷത്തെ ആദ്യ ഫലപ്പെരുന്നാള്‍ ഈ മാസം 27 ന് ബഹ്‌റൈന്‍ കേരളീയസമാജത്തില്‍ നടത്തുമെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആദ്യഫല പെരുന്നാള്‍ ദേവാലയത്തില്‍ രാവിലെ 7.30 ന് വിശുദ്ധ കുർബാനയോടെയാണു തുടങ്ങുക. തുടര്‍ന്ന് രാവിലെ 10 ന് സമാജത്തില്‍ കത്തീഡ്രല്‍ വികാരി റവ. ഫാ. എം.ബി.ജോർജ്, സഹ വികാരി റവ. ഫാ.ജോഷ്വാ എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിക്കും.

ആദിമ സഭയില്‍ കൊയ്ത്തിന്റെ ഉത്സവമായി ദൈവിക നിർദേശത്താല്‍ സ്ഥാപിതമായ പെരുന്നാളായിട്ടാണ് ഓര്‍ത്തഡോക്‌സ് സഭ ആദ്യഫല പെരുനാളിനെ കൊണ്ടാടുന്നത്. തിരക്കേറിയ പ്രവാസ ജീവിതത്തിനിടയില്‍ സ്‌നേഹത്തിന്റെയും പങ്കിടലിന്റെയും ഒത്തൊരുമയുടെയും അനുഭവങ്ങള്‍ പങ്കു വയ്ക്കാനുള്ള വേദിയായാണു സഭാ വിശ്വാസികള്‍ ഈ പെരുന്നാളിനെ കാണുന്നത്. വിവിധതരം ഗെയിമുകള്‍, ഫുഡ്സ്റ്റാളുകള്‍, ഗാനമേള, വടംവലി മത്സരം തുടങ്ങിയ വിനോദ മേളകളും നടത്തും. വൈകിട്ട് നാലു മുതല്‍ ആദ്യ ഫലലേലവും തുടര്‍ന്നു വിവിധങ്ങളായ കലാപരിപാടികളും നടക്കും.

ഇതിലൂടെ ലഭിക്കുന്ന വരുമാനം വിവധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണു വിനിയോഗിക്കുക. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സ്‌കൂളിലെ പത്തു നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഫീസ് നല്‍കാന്‍ ഈ ഫണ്ട് വിനിയോഗിച്ചു. 2,700 ഓളം കുടുംബങ്ങളാണ് സഭാ അംഗങ്ങളായി ബഹ്‌റൈനില്‍ ഉള്ളതെന്നും അവര്‍ പറഞ്ഞു.

ജെയ്‌സണ്‍ ആറ്റുവ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ജിമിക്കി കമ്മല്‍’ എന്ന കോമഡി സ്‌കിറ്റും ഉണ്ടായിരിക്കും. അനുഗ്രഹത്തിന്റെയും സന്തോഷത്തിന്റെയും ഈ ദിനത്തില്‍ എല്ലാവരും പ്രാര്‍ത്ഥനാപൂര്‍വ്വം പങ്ക് ചേരണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കത്തീഡ്രല്‍ വികാരി റവ. ഫാ. എം.ബി.ജോര്‍ജ്, സഹവികാരി റവ. ഫാ.ജോഷ്വാ എബ്രഹാം, ട്രസ്റ്റി ജോർജ് മാത്യു, സെക്രട്ടറി രഞ്ചി മാത്യു, ആദ്യ ഫലപെരുനാള്‍ ജനറല്‍ കണ്‍വീനര്‍ എബി കുരുവിള, സെക്രട്ടറി സുമേഷ് അലക്‌സാണ്ടര്‍, ജോ. കണ്‍വീനര്‍ ജേക്കബ് ജോണ്‍, മോന്‍സി ഗീവര്‍ഗീസ്, പബ്ലിസിറ്റി കണ്‍വീനര്‍ ജോസ് കോശി എന്നിവര്‍ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook