കുവൈത്ത് സിറ്റി: സ്പോര്‍ട്ടക്ക് സ്പോര്‍ട്സ് ഷിഫ അല്‍ ജസീറയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അഖിലേന്ത്യാ സെവന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ സോക്കര്‍ കേരള വിജയികളായി. ആവേശകരമായ കലാശപ്പോരാട്ടത്തില്‍ സിഎഫ്സി സാല്‍മിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സോക്കര്‍ കേരള പരാജയപ്പെടുത്തിയത്. രണ്ട് വ്യാഴാഴ്ചകളിലായി മിശ്രിഫ് പബ്ലിക്‌ അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ കുവൈത്തിലെ പതിനാല് ടീമുകള്‍ പങ്കെടുത്തു.

ആദ്യ സെമി ഫൈനലില്‍ പൊരുതിക്കളിച്ച സ്പോര്‍ട്ടി ഏഷ്യ അക്കാദമിയെ ഏകപക്ഷീയമായ ഒരു ഗോളിന് സിഎഫ്സി സാല്‍മിയ പരാജയപ്പെടുത്തി. ടൂര്‍ണമെന്റിലെ ശക്തരായ സോക്കര്‍ കേരളയും എകെഎഫ്സിയും അണിനിരന്ന വാശിയേറിയ രണ്ടാം സെമിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സോക്കര്‍ കേരള വിജയിച്ചു. കളിയുടെ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിട്ട് നിന്ന എകെഎഫ്സിയുടെ വലയിലേക്ക് അവസാന നിമിഷം നേടിയ ഇരട്ട ഗോളിലൂടെ സോക്കര്‍ കേരള മത്സരത്തിലേക്ക് തിരിച്ച് വരികയായിരുന്നു.

ടൂര്‍ണമെന്റില്‍ മികച്ച കളിക്കാരനായി ആന്‍സന്‍ റെജിയും (സ്പോര്‍ട്ടി ഏഷ്യ ), മികച്ച ഗോള്‍ കീപ്പറായി ശരത്തിനേയും (സോക്കര്‍ കേരള), ടോപ്‌ സ്കോറായി ശ്യാം ശരത്തും (സോക്കര്‍ കേരള) തിരഞ്ഞടുക്കപ്പെട്ടു. മത്സരങ്ങള്‍ കേഫാക് റഫറിമാര്‍ നിയന്ത്രിച്ചു. സമാപന ചടങ്ങില്‍ കേഫാക് ഭാരവാഹികള്‍, ടൂര്‍ണമെന്റ് സ്പോണ്‍സര്‍മാര്‍, സ്പോര്‍ട്ടക്ക് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഒ.കെ.റസാക്ക്, ഷംസുദ്ദീന്‍ എന്നീവരുടെ നേതൃത്വത്തില്‍ കുവൈത്തിലെ പഴയ കാല കളിക്കാരെ ഉള്‍പ്പെടുത്തിയ പ്രദര്‍ശന മത്സരവും നടന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ