മനാമ: ബഹ്‌റൈനില്‍ വിവിധ റോഡുകളിലും ദേശീയപാതകളിലും നിലവിലുള്ള വേഗ പരിധി പുനര്‍ നിര്‍ണയിക്കും. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 29 പാതകളില്‍ വേഗ പരിധി പുനര്‍ നിര്‍ണയിച്ചുകൊണ്ടുള്ള മെമ്മോറാണ്ടം ആഭ്യന്തര മന്ത്രി ലഫ് ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ സമര്‍പ്പിച്ചു.

ഈ നിര്‍ദ്ദേശങ്ങള്‍ക്കു മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത നിയമ ലംഘനങ്ങള്‍ തടയുന്നതിനുമായാണ് പ്രധാനമന്ത്രി ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. റോഡില്‍ വാഹനങ്ങളുടെ വേഗം സംബന്ധിച്ചു നിലനിന്നിരുന്ന അവ്യക്തത ഡ്രൈവര്‍മാര്‍ക്കു വന്‍തോതില്‍ പിഴ വിധിക്കാന്‍ ഇടവന്നിരുന്നു. പുതിയ ഉത്തരവ് രാജ്യത്താകമാനം ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ്. ദേശീയ പാതകളില്‍ വേഗം പുനര്‍നിര്‍ണയിക്കണമെന്നും സിഗ്നല്‍ സംവിധാനം പുനഃസ്ഥാപിക്കണമെന്നുും നേരെത്ത എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു.

ബഹ്‌റൈന്‍ അമേരിക്ക ബന്ധം സുപ്രധാന ഘട്ടത്തിലേക്കു പ്രവേശിക്കും: പ്രധാനമന്ത്രി
മനാമ: ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള ബന്ധം വരും നാളുകളില്‍ സുപ്രധാന ഘട്ടത്തിലേക്കു പ്രവേശിക്കുമെന്നു പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ പ്രസ്താവിച്ചു. മേഖലയെ കൂടുതല്‍ ഐക്യമുള്ളതാക്കാന്‍ ഇരു രാഷ്ട്രങ്ങളുടേയും കാഴ്ചപ്പാടുകള്‍ വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ ഹൗസ് ഓഫ് റപ്രസന്ററ്റീവ്‌സ് (പ്രതിനിധി സഭ) റൂള്‍സ് കമ്മിറ്റി ചെയര്‍മാന്‍ പീറ്റര്‍ സെഷന്‍സിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി ഗുദൈബിയ പാലസ്സില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭീകരത, തീവ്രവാദം എന്നിവയുടെ വെല്ലുവിളികളും അതിലേക്കു നയിക്കുന്ന കാരണങ്ങളും ഒരുപോലെ നേരിടുന്നതിന് അനുകൂലമായ അന്തരീക്ഷം രൂപപ്പെടുത്തുന്നതില്‍ റിയാദില്‍ ഈയിടെ നടന്ന ജിസിസി, അറബ്, ഇസ്‌ലാമിക് അമേരിക്കന്‍ ഉച്ചകോടിയിലൂടെ സാധ്യമായിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സാമ്പത്തിക, നിക്ഷേപക രംഗങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ തലങ്ങളിലേക്കു വികസിപ്പിക്കേണ്ടതുണ്ട്. ഇരു രാഷ്ട്രങ്ങള്‍ക്കും താല്‍പ്പര്യമുള്ള കൂടുതല്‍ മേഖലകളിലേക്ക് ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിന് ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലുള്ള ആശയ വിനിമയം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സുരക്ഷ, സൈനിക, വ്യാപാര സഹകരണം സംബന്ധിച്ചു പ്രധാനമന്ത്രി അമേരിക്കന്‍ പ്രതിനിധി സംഘവുമായി സംസാരിച്ചു. ആഗോള തലത്തിലുള്ള വിവിധ വെല്ലുവിളികളെ മറികടക്കുന്നതിന് അമേരിക്കയുടെ പുതിയ നയത്തിന്റെ അടിസ്ഥാനത്തിലുള്ള സമഗ്ര സഹകരണവും ചര്‍ച്ചയില്‍ വിഷയമായി.

ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധം ശക്തമാക്കുന്നതു സംബന്ധിച്ച് ഇരു പക്ഷത്തേയും ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി. അമേരിക്കന്‍ പ്രതിനിധി സംഘം അനുഭവ സമ്പന്നനായ പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ചു. മേഖലയില്‍ ജനങ്ങള്‍ക്കിടിയില്‍ ഐക്യവും സഹവര്‍ത്തിത്തവും ഉണ്ടാക്കുന്നതിന് പ്രധാനമന്ത്രിയുടെ ജ്ഞാനവും അനുഭവ സമ്പത്തും പ്രയോജനകരമാവുമെന്നും സംഘം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ