മനാമ: ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ് ) ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചു നടത്തുന്ന ചിത്ര രചന മത്സരം ‘സ്‌പെക്ട്ര 2016’ അടുത്ത മാസം മൂന്നിന് ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. 25 ഓളം സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സ്‌പെക്ട്ര ബഹ്‌റൈനിലെ തന്നെ ഏറ്റവും വലിയ ചിത്ര കലാമേളയാണ്. വിദ്യാര്‍ഥികളിലെ കലാഭിരുചികള്‍ പരിപോഷിപ്പിക്കുന്നതിനും സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിനുമാണ് സ്‌പെക്ട്ര ലക്ഷ്യമിടുന്നതെന്നു ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി മീര സിസോദിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2009 ല്‍ ആരംഭിച്ച സ്‌പെക്ട്ര ഇതു ഒമ്പതാമതു വര്‍ഷമാണു നടക്കുന്നത്.

1500 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. സ്‌കൂള്‍ തല പ്രാഥമിക മത്സരങ്ങളില്‍ നിന്നു തിരഞ്ഞെടുക്കുന്ന കുട്ടികളാണ് പങ്കെടുക്കുക. വിദ്യാര്‍ഥികളെ പ്രായമനുസരിച്ച് 58, 911, 1213, 1418 എന്നിങ്ങനെ നാലു ഗ്രൂപ്പുകളായി തിരിക്കും. രാവിലെ ഏഴര മുതല്‍ നാലര വരെയാണ് സ്‌പെക്ട്ര അരങ്ങേറുന്നത്.

ഇന്ത്യന്‍ സ്‌കൂള്‍, ഏഷ്യന്‍ സ്‌കൂള്‍, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍, സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍, ന്യൂ മില്ലേനിയം സ്‌കൂള്‍, ന്യൂ ഹൊറൈസണ്‍ സ്‌കൂള്‍, അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഇബ്ന്‍ അല്‍ ഹൈഥം സ്‌കൂള്‍, എഎംഎ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ക്വാളിറ്റി എഡ്യൂക്കേഷന്‍ സ്‌കൂള്‍, അബ്ദുല്‍ റഹ്മാന്‍ കാനു ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഇബെന്‍സീര്‍ സ്‌കൂള്‍, ന്യൂ ജനറേഷന്‍ സ്‌കൂള്‍, ഫിലിപ്പീന്‍സ് സ്‌കൂള്‍, അല്‍ നസീം ഇന്റര്‍നാഷണല്‍ സ്‌കൂള്‍, അറേബ്യന്‍ പേള്‍ ഗള്‍ഫ് സ്‌കൂള്‍, ഹവാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, അല്‍ മുഹമ്മദ് ഡേ ബോര്‍ഡിങ് സ്‌കൂള്‍, മോഡേണ്‍ നോളജ് സ്‌കൂള്‍, റിഫാ വ്യൂ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ന്യൂ സിങ് കിന്റര്‍ഗാര്‍ടന്‍ എന്നിങ്ങനെ നിരവധി സ്‌കൂളുകള്‍ പങ്കെടുക്കും.

നവംബര്‍ 25 നു ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടക്കുന്ന ഫിനാലെയില്‍ വിജയികളെ പ്രഖ്യാപിക്കും. മികച്ച രചനകള്‍ സ്‌പെക്ട്ര ഫിനാലെയില്‍ പ്രകാശനം ചെയ്യുന്ന കലണ്ടറില്‍ ഉള്‍പ്പെടുത്തും. ഇന്ത്യന്‍ അംബാസിഡര്‍ അലോക് കുമാര്‍ സിന്‍ഹ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും. വിജയികളെ ഫിനാലെയില്‍ ആദരിക്കും. സ്‌പെക്ട്രയുടെ ഭാഗമായി ലഭിക്കുന്ന വരുമാനം ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ സാധാരണക്കാരുടെ ക്ഷേമത്തിനായാണു വിനിയോഗിക്കുകയെന്നു ഭാരവാഹികള്‍ അറിയിച്ചു.

ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ 100 ദിനാറില്‍ താഴെ മാസവരുമാനത്തിലുള്ള തൊഴിലാളികള്‍ക്കു വേണ്ടിയുള്ള വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഐസിആര്‍എഫ് അര്‍ഹരായ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വരെയുള്ള സഹായമാണു നല്‍കുന്നത്. 2015 മുതല്‍ 140 കുടുംബങ്ങള്‍ക്കായി 14 ദശലക്ഷം രൂപ സഹായം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. പരിപാടിയുടെ നടത്തിപ്പിനായി യുകെ മേനോന്‍ ജന.കണ്‍വീനറും റോസലിന്‍ റോയ് ചാര്‍ളി ജോ. കണ്‍വീനറുമായി വിപുലമായ സംഘാടക സമിതിയും രൂപീകരിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ സ്‌പെക്ട്ര ജനറല്‍ കണ്‍വീനര്‍ യു.കെ.മേനോന്‍, ഭഗ്‌വാന്‍ അസര്‍പോട്ട, ഐസിആര്‍എഫ് ജനറല്‍ സെക്രട്ടറി അരുള്‍ ദാസ്, റോസലിന്‍ റോയ് ചാര്‍ളി, പങ്കജ് നല്ലൂര്‍ പങ്കെടുത്തു.

വിവരങ്ങള്‍ക്ക്: 39863008, 3608 0404, 3929 0346.

കേരളീയ സമാജത്തില്‍ ശാസ്ത്ര വാരം
മനാമ: ബഹ്റൈൻ കേരളീയ സമാജം സയന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്ര വാരം (സയന്‍സ് വീക്ക്) സംഘടിപ്പിക്കും. നവംബര്‍ 7 മുതല്‍ 12 വരെ വിവിധ ശാസ്ത്ര പരിപാടികള്‍ ഉണ്ടായിരിക്കും. വിഖ്യാത ശാസ്ത്രജ്ഞ മാഡം ക്യൂറിയുടെ ജന്മദിനമായ നവംബര്‍ ഏഴിന് നടക്കുന്ന പരിപാടിയില്‍ ഡോ.സാദിഖ് എം.അല്‍ അലവി (കോളേജ് ഒഫ് അപ്ലെയ്ഡ് സ്റ്റഡീസ് ആന്‍ഡ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡീന്‍ യൂണിവേഴ്‌സിറ്റി ഒഫ് ബഹ്‌റൈന്‍), ഡോ.മുഹമ്മദ് സലിം അഖ്തര്‍ (പ്രൊഫസര്‍ ഡിപ്പാര്‍ട്ട്‌മെന്‍ഡ് ഓഫ്‌കെമിസ്ട്രി, യൂണിവേഴ്‌സിറ്റി ഓഫ് ബഹ്‌റൈന്‍) എന്നിവര്‍ മുഖ്യാതിഥികളായിരിക്കും, അന്നേ ദിവസം മാഡം ക്യൂറിയെ കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കും.

നവംബര്‍ 8 ന് മാന്‍ ആന്‍ഡ് സ്‌പെയ്‌സ് എന്ന ഡോക്യുമെന്ററി ഫിലിം പ്രദര്‍ശിപ്പിക്കും. നവംബര്‍ 9 ന് അസ്‌ട്രോണൊമി ക്വിസില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാം. മൂന്നു പേരടങ്ങിയ ടീമുകളാണ് പങ്കെടുക്കുക. നവംബര്‍ 11ന് പ്രൊഫ. കെ.പാപ്പൂട്ടി ബേസിക് അസ്‌ട്രോണമിയെ കുറിച്ചുള്ള പ്രഭാഷണം നടത്തും. നവംബര്‍ 12ന് ജോതിഷം ശാസ്ത്രമോ അന്ധവിശ്വാസമോ എന്ന വിഷയത്തില്‍ കെ.പാപ്പുട്ടി സംസാരിക്കും. തുടര്‍ന്ന് ഈ വിഷയത്തില്‍ പൊതുചര്‍ച്ചയും നടക്കുന്നതാണ്. ക്വിസ് പ്രോഗ്രാമിന് പങ്കെടുക്കുന്നവര്‍ നവംബര്‍ 5ന് മുമ്പ് പേര്‍ റജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് സയന്‍സ് ഫോറം കണ്‍വീനര്‍ രജിത സുനിലിനെ (33954248) ബന്ധപ്പെടാം.

കേരളപ്പിറവി ദിനാഘോഷം
മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനം ആഘോഷിക്കും. മലയാളം പാഠശാലയുടെ ആഭിമുഖ്യത്തില്‍ വൈകീട്ട് 7 .30 ന് പരിപാടികള്‍ ആരംഭിക്കും. ദീപ്ത കേരളം, കുട്ടികളുടെ സംഘഗാനം, ചെണ്ട മേളം, പാഠശാല അധ്യാപകരും വിദ്യാർഥികളും അവതരിപ്പിക്കുന്ന സംഗീത ശില്‍പ്പം, സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും. എല്ലാ അംഗങ്ങളും കുടുംബ സമേതം കേരളീയ വേഷത്തിലെത്തി പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook