ഷാർജ: ആരോഗ്യ രംഗത്തെ ഏറ്റവും നൂതന ചികിത്സാ രീതികളും സംവിധാനങ്ങളുമുള്ള യുഎഇയിലെ തന്നെ ആദ്യത്തെ കൊറിയൻ ആശുപത്രിയാണ് ഷാർജയിൽ ഒരുങ്ങുന്നു.  ലോകോത്തര നിലവാരത്തിലുള്ള കൊറിയൻ ആശുപത്രിയാണ് പുതുതായി പ്രഖ്യാപിക്കപ്പെട്ടത്. യുഎഇയുടെ ആതുരസേവന രംഗത്തിനു ഉണർവേകുന്ന നിർണായക പ്രഖ്യാപനവുമായി ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ശുറൂഖ്‌)​  ദക്ഷിണ കൊറിയൻ ആശുപത്രിയുമായി ഇത് സംബന്ധിച്ച് ധാരണയായി.

ആധുനിക വൈദ്യശാസ്ത്ര രംഗത്ത് ഏറെ ആശ്രയിക്കപ്പെടുന്ന ദക്ഷിണ കൊറിയൻ സാങ്കേതിക സംവിധാനങ്ങളും രീതികളും പശ്ചിമേഷ്യയിലേക്ക് കടന്നു വരുന്നതിനെ ഏറെ പ്രതീക്ഷകളാണ് നിലനിർത്തുക. പ്രശസ്തമായ സെജോങ് ജനറൽ ആശുപത്രി പോലൊരു സ്ഥാപനം കടന്നു വരുന്നതിലൂടെ മേഖലയിലെ മെഡിക്കൽ ടൂറിസം രംഗവും ഏറെ ഉണർവിലേക്കെത്തും. ഡോക്ടർമാർ. നഴ്സിങ്, സപ്പോർട്ട് സ്റ്റാഫ് തുടങ്ങി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കും ഏറെ ഗുണകരമാവുമെന്ന് പ്രതീക്ഷയും ഈ​ കരാർ​ സൃഷ്ടിക്കുന്നുണ്ട്.

ദക്ഷിണ കൊറിയയുടെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഹൈവോൻ മെഡിക്കൽ ഫൗണ്ടേഷൻ സെജോങ് ജനറൽ ആശുപത്രി, ആർഇഐ ഹോൾഡിങ് ഗ്രൂപ് എന്നിവരുമായി ചേർന്നാണ് പുതിയ പദ്ധതി. ഇത് സംബന്ധിച്ച ധാരണ പത്രത്തിൽ ശുറൂഖ്‌ ഒപ്പുവെച്ചു. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിൽ വെച്ച് നടന്ന ചടങ്ങിൽ ശുറൂഖ്‌ ചെയർമാൻ മർവാൻ ജാസ്സിം അൽ സർക്കാൽ, ആർഇഐ ഹോൾഡിങ് ഗ്രൂപ് മേധാവി സൂൻ ബോങ് ഹോങ്, ഹൈവോൻ മെഡിക്കൽ ഫൗണ്ടേഷൻ ചെയർമാൻ ജിൻസിൻ പാർക്ക് എന്നിവർ പങ്കെടുത്തു.

HE Marwan bin Jassim Al Sarkal, Soon bong Hong and Jinsin Park during the MoU signing ceremony in Seoul, South Korea

”യുഎഇയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംരഭം ശുറൂഖിന്റെ നേതൃത്വത്തിൽ ഒരുക്കാനായതിൽ ഏറെ അഭിമാനമുണ്ട്. ഷാർജയുടെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് ആവേശം പകരുന്നതാണ് ആരോഗ്യമേഖലയിലെ ഇത്തരം കൂട്ടായ്മകൾ. ജനങ്ങളുടെ ജീവിതത്തിനും ആരോഗ്യസംരക്ഷണത്തിനും ഏറ്റവും മികച്ച സൗകര്യം ഒരുക്കാൻ ഈ മേഖലയിൽ മുന്നിട്ടു നിൽക്കുന്ന ഇവർക്കാവും. ആതുരസേവന രംഗത്തെ മികവിനോടൊപ്പം മെഡിക്കൽ ടൂറിസത്തിന്റെ പുതിയ ഒരു അധ്യായം കൂടിയാണിത്” – ശുറൂഖ്‌ ചെയർമാൻ മർവാൻ ജാസിം അൽ സർക്കാൽ പറഞ്ഞു.

വൈദ്യശാസ്ത്രത്തിൽ ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങളാവും ഷാർജയിലെ ഈ കൊറിയൻ ആശുപത്രിയിൽ ഒരുങ്ങുകയെന്ന് ഹൈവോൻ മെഡിക്കൽ ഫൗണ്ടേഷൻ മേധാവി ജിൻസിൻ പാർക്ക് പറഞ്ഞു. ഹൃദ്രോഗ പരിചരണത്തിനു പ്രത്യേക ഊന്നൽ നൽകി കൊണ്ടായിരിക്കും ആശുപത്രിയുടെ പ്രവർത്തനം. ആധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യയും സമന്വയിക്കുന്ന ആശുപത്രി, മേഖലയിലെ ആതുരസേവന സൗകര്യങ്ങളെ പുതിയ തലത്തിലേക്ക് ഉയർത്തും. യുഎഇയോടൊപ്പം സൗദി അറേബ്യ, ഒമാൻ, ബഹ്‌റൈൻ തുടങ്ങി മറ്റു അറബ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും പദ്ധതിയുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനാവും.

കാൻസർ, ഹൃദയസംബന്ധിയായ അസുഖങ്ങൾ, ട്രാൻസ്‌പ്ലാന്റ് തുടങ്ങി വിവിധ ചികിത്സകൾ തേടി വർഷം തോറും നിരവധി പേരാണ് യുഎഇയിൽ നിന്നും മറ്റു സമീപ രാജ്യങ്ങളിൽ നിന്നും ദക്ഷിണ കൊറിയയിലേയ്ക്ക് എത്തുന്നത്. കഴിഞ്ഞ 36 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നതാണ് സെജോങ് ജനറൽ ആശുപത്രി

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ