ജിദ്ദ, റിയാദ്: “നിയമ ലംഘകരില്ലാത്ത രാജ്യം” എന്ന തലവാചകത്തിൽ സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു. സൗദി അറേബ്യയുടെ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫാണ് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്.
സൗദിയിലെ അനധികൃത താമസക്കാർക്ക് മൂന്ന് മാസത്തിനുള്ളിൽ ശിക്ഷയൊന്നുമില്ലാതെ നാടു വിടാനുള്ള അവസരമൊരുക്കി പൊതുമാപ്പ് പ്രഖ്യാപനം. മാർച്ച് 29 മുതൽ 90 ദിവസമാണ് കാലാവധി.

90 ദിവസം നീണ്ടു നിൽക്കുന്ന പ്രചാരണ കാമ്പയിനിൽ സൗദി അറേബിയിൽ ഇഖാമ, തൊഴിൽ നിയമ ലംഘനം നടത്തിയവർക്ക് പൊതുമാപ്പ് ലഭിക്കും. ഹജ്ജ്, ഉംറ വിസയിൽ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർ, അതിർത്തി നിയമം ലംഘിച്ച് രാജ്യത്തേക്ക് പ്രവേശിച്ചവർ, താമസ രേഖയിൽ സ്പോൺസർ ഒളിച്ചോടിയെന്ന സ്റ്റാറ്റസിൽ തുടരുന്നവർ, സന്ദർശക വിസയിലെത്തി കാലാവധി കഴിഞ്ഞിട്ടും സൗദിയിൽ തുടരുന്നവർ, എന്നിവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കും. പിഴകളും ഫീസുകളും മറ്റു ശിക്ഷാ നടപടികളും കൂടാതെ ഇവർക്ക് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് സാധിക്കും. പൊതുമാപ്പ് പ്രഖ്യാപിച്ച് 90 ദിവസത്തിനകം സ്വമേധയാ രാജ്യം വിടുന്നവരെയാണ് ശിക്ഷാ നടപടികളിൽ നിന്ന് ഒഴിവാക്കുക.
കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫ് രാജകുമാരന്റെ നിർദേശാനുസരണമാണ് ജവാസാത്ത് ഡയറക്ടറേറ്റ് നിയമ ലംഘകരുടെ പദവി ശരിയാക്കുന്നതിനുള്ള കാമ്പയിൻ (പൊതുമാപ്പ്) പ്രഖ്യാപിച്ചത്. മന്ത്രിമാരും ഉന്നത തല ഉദ്യോഗസ്ഥരും പ്രഖ്യാപന ചടങ്ങിൽ സംബന്ധിച്ചു.
വിസിറ്റ്, ഹജ്, ഉംറ വിസകളിൽ സൗദിയിൽ എത്തി വിസാ കാലാവധിക്കു ശേഷം അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് എയർപോർട്ടുകളും തുറമുഖങ്ങളും കരാതിർത്തി പോസ്റ്റുകളും അടക്കമുള്ള അതിർത്തി പോസ്റ്റുകളിലെ ജവാസാത്ത് കൗണ്ടറുകളിൽ നിന്ന് ഫൈനൽ എക്‌സിറ്റ് നൽകും. ഹജ്, ഉംറ, വിസിറ്റ് വിസക്കാർ ടിക്കറ്റുകളും പാസ്‌പോർട്ടുകളുമായും എയർപോർട്ടുകൾ അടക്കമുള്ള അതിർത്തി പോസ്റ്റുകളിൽ നേരിട്ട് എത്തണം.
വിരലടയാളവും കണ്ണടയാളവും പരിശോധിച്ച് കേസുകളുമായും മറ്റും ബന്ധപ്പെട്ട് സുരക്ഷാ വകുപ്പുകൾ അന്വേഷിച്ചുവരുന്നവരല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാകും നിയമ ലംഘകർക്ക് എക്‌സിറ്റ് നൽകുക. ഇഖാമയുള്ളവരും തൊഴിൽ വിസയിൽ രാജ്യത്ത് പ്രവേശിച്ചവരും സ്‌പോൺസർമാർ ഹുറൂബാക്കിയവരും അതിർത്തി വഴി രാജ്യത്ത് നുഴഞ്ഞുകയറിയവരും എക്‌സിറ്റ് നടപടികൾക്ക് അതത് പ്രവിശ്യകളിലെ ജവാസാത്ത് ഡയറക്ടറേറ്റുകൾക്കു കീഴിലെ വിദേശി വകുപ്പുകൾ വഴിയാണ് നടപടികൾ പൂർത്തിയാക്കേണ്ടത്. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നവരെ നാടുകടത്തിയവർ എന്നോണം കരിമ്പട്ടികയിൽ പെടുത്തില്ല. ഇതുമൂലം പുതിയ വിസയിൽ സൗദിയിൽ വീണ്ടും വരുന്നതിന് ഇവർക്ക് തടസ്സമുണ്ടാകില്ല.
മുഴുവൻ ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിന് സാധിക്കും. പൊതുമാപ്പ് നടപ്പാക്കുന്നതിന് ജവാസാത്ത് ഡയറക്ടറേറ്റ് ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം നിയമ ലംഘകർക്കെതിരെ സുരക്ഷാ വകുപ്പുകൾ രാജ്യമെങ്ങും ശക്തമായ റെയ്ഡുകൾ നടത്തും. സൗദിയിൽ നാല് വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച പൊതുമാപ്പ് ലക്ഷക്കണക്കിനാളുകൾ പ്രയോജനപ്പെടുത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ