മനാമ: ബഹ്‌റൈന്‍ വാദ്യകലാകാരന്മാരുടെ കൂട്ടായ്മയായ സോപാനം വാദ്യകലാസംഘം ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 5, 6 തീയതികളില്‍ വാദ്യസംഗമം 2017 സംഘടിപ്പിക്കും. ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടിലും ജഷന്‍ മാള്‍ ഓഡിറ്റോറിയത്തിലുമായി നടക്കുന്ന വാദ്യസംഗമത്തിനു പ്രശസ്ത വാദ്യകലാകാരന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരൻങ്കുട്ടി നേതൃത്വം നല്‍കും. വാദ്യസംഗമത്തിലേക്ക് പ്രവേശനം സൗജന്യമാണെന്ന് സംഘാടകര്‍ അറിയിച്ചു. ദേവസ്വം മന്തി കടകംപള്ളി സുരേന്ദ്രന്‍, സിനിമാതാരം ജയറാം, നര്‍ത്തകി രാജശ്രീ വാര്യര്‍, സിനിമാതാരം ജോയ് മാത്യു തുടങ്ങിയ പ്രമുഖര്‍ ‘വാദ്യസംഗമം 2017’ നു ആശംസകള്‍ അറിയിച്ചതായും സംഘാടകര്‍ പറഞ്ഞു.

180ല്‍ പരം വാദ്യകലാകാരന്മാര്‍ വിവിധ വാദ്യങ്ങളുമായി അരങ്ങിലെത്തും. ‘ഇരട്ടപന്തി പഞ്ചാരിമേളം’ പതികാലം മുതല്‍ അരങ്ങേറും. വാദ്യകലാലോകത്തേക്ക് 32 പുതുമുഖങ്ങള്‍ ചെണ്ടയിലും 20 പുതിയ കലാകാരന്മാര്‍ കൊമ്പും കുഴലുമായും അരങ്ങത്ത് എത്തും. വാദ്യസംഗമത്തിന്റെ ഒന്നാം ദിവസമായ 5നു വൈകിട്ട് 7 മുതല്‍ ആരംഭിക്കുന്ന കലാപരിപാടികളില്‍ സദനം രാജേഷ്, ശ്രീഹരി ചെറുതാഴം എന്നിവര്‍ അവതരിപ്പിക്കുന്ന കേളി, അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം, മട്ടന്നൂര്‍ ശങ്കരങ്കുട്ടി, മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവര്‍ അവതരിപ്പിക്കുന്ന തൃത്തായമ്പക എന്നിവ അരങ്ങേറും. പ്രവാസി ഭാരതീയ പുരസ്‌കാരം നേടിയ പ്രമുഖ വ്യവസായി വി.കെ.രാജശേഖരന്‍ പിള്ള, നൃത്തകലാരംഗത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയ ഭരത്ശ്രീ രാധാകൃഷ്ണന്‍ എന്നിവരെ ഉദ്ഘാടന വേദിയില്‍ ആദരിക്കും.

6ന് വൈകിട്ട് 6 മുതല്‍ മച്ചാട് മണികണ്ഠനും സംഘവും അവതരിപ്പിക്കുന്ന കൊമ്പുപറ്റ്, പനമണ്ണ മനോഹരനും സംഘവും അവതരിപ്പിക്കുന്ന കുഴല്‍പറ്റ്, ഇരട്ടപന്തി പഞ്ചാരിമേളം എന്നിവ അരങ്ങേറും. ശങ്കരീയം, പത്മനാഭം എന്നീ രണ്ടു സംഘങ്ങളായാണു മത്സരസ്വഭാവമുള്ള ഇരട്ടപന്തി മേളം ഒരു വേദിയില്‍ അരങ്ങേറുന്നത്. ‘ശങ്കരീയം’പന്തിക്ക് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും, ‘പത്മനാഭം’ പന്തിക്ക് കാഞ്ഞിലശേരി പത്മനാഭനും മേള പ്രമാണം വഹിക്കും. അഞ്ചുകാലങ്ങളായി അവതരിപ്പിക്കുന്ന ഇരട്ടപന്തി പഞ്ചാരിമേളത്തിന്റെ മൂന്നും നാലും കാലങ്ങളില്‍ ‘വികൃതി കൊട്ട്’ എന്ന പ്രത്യേക വാദന രീതിയും അരങ്ങേറും.

ഇരട്ടപ്പന്തി മേളത്തിനായി 50 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ള കൂറ്റന്‍ സ്‌റ്റേജിന്റെ നിർമാണവും നടക്കുന്നു. വാദ്യസംഗമത്തില്‍ നൃത്ത അധ്യാപകരായ രാധാകൃഷ്ണന്‍, ഷീന ചന്ദ്രദാസ്, ശുഭ അജിത്ത്, ബബിത ചെട്ടിയാര്‍, ശ്രീനേഷ് ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ 151 നര്‍ത്തകര്‍ അവതരിപ്പിക്കുന്ന നൃത്താഞ്ജലിയും അരങ്ങേറും.

എല്ലാദിവസവും പരിപാടികള്‍ക്കു ശേഷം മേളാസ്വാദകര്‍ക്കായി സൗജന്യ ഭക്ഷണവും നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. വാദ്യസംഗമത്തിനു മുന്നോടിയായി വിവിധ വാദ്യങ്ങളിലുള്ള പരിശീലനം സന്തോഷ് കൈലാസിന്റെ ശിക്ഷണത്തില്‍ നടന്നുവരുന്നു. ഫ്ലാറ്റുകളും വീടുകളും കേന്ദ്രീകരിച്ചു ചെറിയ സംഘങ്ങളായും വലിയ സംഘങ്ങളായുമുള്ള സമഗ്രമായ മേളപരിശീലനം ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നു. അരവിന്ദ് കാഞ്ഞിലശേരി, കാരയങ്ങാട് സാജു എന്നിവരുടെ നേതൃത്വത്തില്‍ കൊമ്പിലും കുഴലിലും പരിശീലനം പുരോഗമിക്കുന്നു. ചെണ്ടകള്‍ മുറുക്കി നാദശുദ്ധി വരുത്തുന്ന ശ്രമകരമായ പ്രവര്‍ത്തനം വാദ്യകലാകാരന്‍ ബാലുശ്ശേരി മുരളിയുടെ നേതൃത്വത്തില്‍ നടക്കുന്നു. പൂരത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ 30 അടി ഉയരമുള്ള പൂരപന്തലിന്റെ പണികള്‍ സുരേഷ് അയ്യമ്പള്ളിയുടെയും ബിജു വി.പിയുടേയും രൂപകല്‍പനയിലും മേല്‍നോട്ടത്തിലും യാഥാര്‍ത്യമാകും. സോപാനം അധ്യക്ഷനായ സന്തോഷ് കൈലാസിന്റെ നേതൃത്വത്തില്‍ പി.കെ.പ്രസാദ് കണ്‍വീനറായും അനില്‍ മാരാര്‍ രക്ഷാധികാരിയുമായുള്ള സംഘാടക സമിതി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ