റിയാദ്: ‘എന്റെ പിതാവ് മദീനയിൽ മസ്ജിദ് നബവിക്ക് സമീപം ഇരുന്ന് മിസവാക് വിൽക്കുന്നുണ്ട്. അവിടെ നിന്നൊരു മിസ്‌വാക് വാങ്ങാമോ’?. സർക്കാർ സ്കോളർഷിപ്പിൽ കാനഡയിൽ ഉപരിപഠനം നടത്തുന്ന സൗദി വിദ്യാർത്ഥി അംജാദ് മുഹമ്മദ് അലിയുടേതാണ് ശ്രദ്ദേയമായ ഈ ട്വീറ്റ്.

‘മദീനയിൽ പോകുന്നവരും പിതാവിനെ കാണുന്നവരും ഒരു മിസ്‌വാക് എങ്കിലും വാങ്ങണം. നിങ്ങൾ മിസ്‌വാക് വാങ്ങുമ്പോൾ അത് എന്റെ പിതാവിൽ എത്രമാത്രം സന്തോഷമുണ്ടാകുമെന്ന് നിങ്ങൾക്ക് കാണാം’. കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന പിതാവിനെ സഹായിക്കാൻ മൈലുകൾക്കപ്പുറത്ത് നിന്നുള്ള മകളുടെ സ്നേഹാക്ഷരങ്ങൾ പിന്നീട് ട്വിറ്ററിൽ സ്നേഹത്തിന്റെ തീപ്പൊരി പാറി. മദീനയിലെ പ്രവാചക മസ്ജിദിനടുത്ത് മിസ്‌വാക് വിൽക്കുന്ന പിതാവിന്റെ ഫോട്ടോയും അംജാദ് വാക്കുകൾക്കൊപ്പം പോസ്റ്റ് ചെയ്തു. പോസ്റ്റ് വൈറലായതോടെ അംജാദിന്റെ പിതാവ് അബു അലിയെ തേടി ആളുകളെത്തി.

മിസ്‍വാക് വാങ്ങുമ്പോൾ അബു അലിയുടെ മുഖത്തുള്ള സന്തോഷം കൂടെ നിന്ന് ക്യാമറയിൽ പകർത്തി അംജാദിന് സമ്മാനമായി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. തന്റെ ട്വീറ്റ് ആരും ശ്രദ്ധിക്കില്ലെന്ന് കരുതിയ അംജാദ് ട്വീറ്റിന്റെ പ്രതികരണം കണ്ട് ഞെട്ടി. ധാരാളം ആളുകൾ പിതാവിന്റെ സ്റ്റാൾ സന്ദർശിച്ചു. അവരെല്ലാം മിസ്‌വാക് വാങ്ങുകയും ചെയ്തു. എന്റെ പിതാവ് അത്യധികം ആഹ്ലാദത്തിലാണെന്ന് അംജാദ് പിന്നീട് പ്രതികരിച്ചു. പ്രവാചകൻ മുഹമ്മദും മകൾ ഫാത്തിമയും തമ്മിലുള്ള തോരാത്ത സ്നേഹത്തിന്റെ കഥ പറയുന്ന മദീനയുടെ മണ്ണിൽ അംജാദിന്റെ പിതൃസ്നേഹവും ശ്രദ്ധേയമായി.

വാർത്ത : നൗഫൽ പാലക്കാടൻ  

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ